- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ജീവൻ അപകടത്തിൽ; വഴങ്ങാൻ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ട് പരിശോധന; കുടുംബത്തെ അടക്കം ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കാൻ നീക്കം; അഫ്ഗാനിൽ പ്രതികാര നടപടികൾ തുടങ്ങിയതായി യുഎൻ രഹസ്യാന്വേഷണ റിപ്പോർട്ട്
കാബൂൾ:അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രതികാര നടപടികൾ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ രഹസ്യാന്വേഷണ റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തെയും നാറ്റോ സൈന്യത്തേയും സഹായിച്ചവരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയും, കൊലപ്പെടുത്തുകയുമാണ് താലിബാന്റെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരക്കാരെ കണ്ടെത്താൻ കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാൻ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ ഭീകരർ വീടുകൾ കയറിയിറങ്ങി തിരച്ചിൽ നടത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. തങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ടാണ് നിലവിൽ താലിബാൻ പരിശോധന നടത്തുന്നത്.
ഇവരെയും കുടുംബത്തെയും ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിന്റെ തലവൻ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. നാറ്റോ, യു.എസ് സേനകൾക്കൊപ്പം പ്രവർത്തിച്ചവരെയും അവരെ സഹായിച്ചവരെയുമാണ് താലിബാൻ ലക്ഷ്യമിടുന്നത്. ഇവരെയും കുടുംബാംഗങ്ങളെയും താലിബാൻ ഉപദ്രവിക്കുമെന്നും വധശിക്ഷ ഉൾപ്പെടെ നടപ്പിലാക്കിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
താലിബാന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ജീവൻ അപകടത്തിലാണെന്നാണ് മുന്നറിയിപ്പ്. ഇവരെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയമാക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാൻ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നവരുടെ ബന്ധുക്കളെ താലിബാൻ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം അവസാനിച്ചെന്ന് താലിബാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനു വിപരീതമായിട്ടാണ് കാര്യങ്ങളെന്നാണ് ഐക്യരാഷ്ട്ര സഭയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച റിപ്പോർട്ട്.അഫ്ഗാനിസ്ഥാന്റെ 102-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ദേശീയ പതാകയേന്തി മാർച്ച് നടത്തിയ ജനക്കൂട്ടത്തിനു നേരെ താലിബാൻ നടത്തിയ വെടിവയ്പിൽ നിരവധിപേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ ജർമൻ മാധ്യമ പ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ ഭീകരർ വധിച്ചു. ദൂഷെ വെല്ലെയിലെ (ഡിഡബ്ല്യു) മാധ്യമപ്രവർത്തകന്റെ ബന്ധുവാണ് കൊല്ലപ്പെട്ടതെന്ന് ജർമൻ പബ്ലിക് ബ്രോഡ്കാസ്റ്റർ പറയുന്നു. മാധ്യമപ്രവർത്തകനു വേണ്ടി വീടുകൾതോറും കയറിയിറങ്ങി പരിശോധന നടത്തിയിരുന്നു. തിരച്ചിലിനിടെയാണ് ബന്ധുവിനെ വധിച്ചത്. കൂടെയുണ്ടായിരുന്നവർക്ക് മാരകമായി പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു.
ഡിഡബ്ല്യു ഡയറക്ടർ ജനറൽ പീറ്റർ ലിംബോർഗ് സംഭവത്തെ അപലപിച്ചു. മാധ്യമപ്രവർത്തകരോടും കുടുംബത്തോടും താലിബാൻ നടത്തുന്ന ഭീകരതയാണ് സംഭവം വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ എഡിറ്റർമാരിൽ ഒരാളുടെ ബന്ധുവിനെ കഴിഞ്ഞ ദിവസം വധിച്ചു. ജീവനക്കാരും കുടുംബവും വൻ അപകടത്തിലാണ്. മാധ്യമ പ്രവർത്തകർക്കായി താലിബാൻ വൻതോതിൽ തിരച്ചിൽ തുടരുന്നു.
ഡിഡബ്ല്യുവിന്റെ പല മാധ്യമ പ്രവർത്തകരുടെയും വീടുകളിൽ താലിബാൻ പരിശോധന നടത്തി. അടിയന്തര സഹായം തേടി ജർമൻ സർക്കാരിനെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എതിരാളികൾക്ക് മാപ്പ് നൽകുമെന്നും മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്നും താലിബാൻ ഉറപ്പുനൽകിയിരുന്നതാണ്.
പുരോഗമനപരമായ മാറ്റങ്ങളോടെയാകും ഇത്തവണ തങ്ങളുടെ ഭരണമെന്ന് താലിബാൻ ആവർത്തിക്കുമ്പോഴും ജനങ്ങൾ ആശങ്കയിലാണെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്നും സമാധാനം പാലിക്കുമെന്നും താലിബാൻ പറയുമ്പോഴും ആയിരക്കണക്കിന് പേരാണ് കാബൂളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്.
1996-2001 കാലഘട്ടത്തിലെ താലിബാൻ ഭരണത്തിന്റെ ഓർമകളാണ് ഇവരെയെല്ലാം ഭയപ്പെടുത്തുന്നത്. അന്നത്തെ ഭരണകാലയളവിൽ സ്ത്രീകൾക്ക് പൊതുജീവിതത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. പരസ്ത്രീ,പരപുരുഷ ബന്ധം കണ്ടെത്തിയാൽ കല്ലെറിഞ്ഞ് കൊല്ലുകയെന്നതായിരുന്നു ശിക്ഷ. സംഗീതത്തിനും ടെലിവിഷൻ പരിപാടികൾക്കും താലിബാൻ ഭരണകാലയളവിൽ വിലക്കേർപ്പെടുത്തിയിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് മറ്റ് രാജ്യങ്ങളുടെ ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. അഫ്ഗാനിസ്താനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാൻ എല്ലാരാജ്യങ്ങളും ശ്രമങ്ങൾ തുടരുകയാണ്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കാബൂൾ വിമാനത്താവളത്തിൽനിന്ന് 18,000 പേരെ ഒഴിപ്പിപ്പിച്ചെന്നാണ് നാറ്റോ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ആറായിരത്തോളം പേർ അടുത്തദിവസങ്ങളിലായി രാജ്യം വിടാൻ കാത്തിരിക്കുകയാണ്. ഈ മാസം 31ന് മുൻപ് ഒഴിപ്പിക്കൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.