- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശ്ശേരിക്കാരിയെ വിളിച്ച കോളിലെ പ്രൊഫൈല്‍ പിക്ചര്‍ ജോയിയെ വിളിച്ച വാട്‌സാപ് നമ്പറിലും; വ്യാജ സിബിഐ തട്ടിപ്പ് സജീവം; ഇത് മറ്റൊരു രക്ഷപ്പെടല്‍ കഥ
ഏറ്റുമാനൂര്‍: വ്യാജ സിബിഐ ഉദ്യോഗസ്ഥന്റെ നാടകം കേരളത്തില്‍ തുടരുന്നു. എല്ലാവരും കരുതിയേ മതിയാകൂ. വാര്‍ത്ത വായിച്ച അനുഭവത്തില്‍ തട്ടിപ്പില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും മലയാള മനോരമ കാരിസ് ഭവന്‍ ഏജന്റുമായ ജോയി ചാക്കോ. വ്യാജ സിബിഐ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കേട്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും പത്രവാര്‍ത്തകളിലൂടെ ഇത്തരം തട്ടിപ്പുകള്‍ വായിച്ചറിഞ്ഞ ജോയിക്ക് പിന്നീട് സംശയം ബലപ്പെട്ടു. കോളജ് വിദ്യാര്‍ഥിയായ മകന്‍ ഒരു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രക്ഷിക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ട് […]
ഏറ്റുമാനൂര്‍: വ്യാജ സിബിഐ ഉദ്യോഗസ്ഥന്റെ നാടകം കേരളത്തില്‍ തുടരുന്നു. എല്ലാവരും കരുതിയേ മതിയാകൂ. വാര്‍ത്ത വായിച്ച അനുഭവത്തില്‍ തട്ടിപ്പില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും മലയാള മനോരമ കാരിസ് ഭവന്‍ ഏജന്റുമായ ജോയി ചാക്കോ.
വ്യാജ സിബിഐ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കേട്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും പത്രവാര്‍ത്തകളിലൂടെ ഇത്തരം തട്ടിപ്പുകള്‍ വായിച്ചറിഞ്ഞ ജോയിക്ക് പിന്നീട് സംശയം ബലപ്പെട്ടു. കോളജ് വിദ്യാര്‍ഥിയായ മകന്‍ ഒരു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രക്ഷിക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ട് പിതാവിനു വ്യാജ 'സിബിഐ ഉദ്യോഗസ്ഥ'ന്റെ ഭീഷണി. പക്ഷേ ജോയി ചാക്കോ മുട്ടത്തുവയല്‍ കളളക്കളി തിരിച്ചറിഞ്ഞു. അങ്ങനെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിലെ വീട്ടമ്മയും വ്യാജ സിബിഐയുടെ മോഹം തകര്‍ത്തു. അത് പോലീസില്‍ പരാതിയുമായി. ഇതിനിടെയാണ് വ്യാപക തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്ന സൂചനകള്‍ ചര്‍്ച്ചയാകുന്നത്.
സിബിഐ ഉദ്യോഗസ്ഥര്‍ ഒരിക്കലും ഫോണിലൂടെ പണം ആവശ്യപ്പെടില്ല എന്നത് ഓര്‍മിക്കുക. തട്ടിപ്പുകാര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും നല്‍കരുത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാസ്വേഡുകള്‍ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കുക. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കണം. തെളിവുകള്‍ സൂക്ഷിക്കുകയും പരാതി നല്‍കുമ്പോള്‍ അവ ഉപയോഗിക്കുകയും ചെയ്യുക. സിബിഐ അധികൃതര്‍ ഇത്തരം തട്ടിപ്പുകളെ തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങളുടെ ജാഗ്രതയാണ് ഇത്തരം തട്ടിപ്പുകാര്‍ക്ക് ഏറ്റവും വലിയ പ്രതിരോധം.
ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയുടെ കോളജ് വിദ്യാര്‍ഥിനിയായ മകളെ ലഹരിമരുന്നുമായി പിടികൂടിയെന്നും പണം തന്നാല്‍ രക്ഷിക്കാമെന്നുമാണ് തട്ടിപ്പുകാരന്‍ പറഞ്ഞത്. സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് വ്യാജന്‍ സംസാരിച്ചത്. എന്നാല്‍ വീട്ടമ്മയുടെ അവസരോചിതമായ ഇടപെടല്‍ രക്ഷപ്പെടലായി. ചങ്ങനാശ്ശേരിക്കാരിയെ വിളിച്ച വാട്‌സാപ് കോളിലെ പ്രൊഫൈല്‍ പിക്ചര്‍ തന്നെയാണ് ഇന്നലെ ജോയി മുട്ടത്തു വയലിനെ വിളിച്ച വാട്‌സാപ് നമ്പറിലും ഉണ്ടായിരുന്നത്. ഇതോടെ രണ്ടിനും പിന്നില്‍ ഒരു സംഘമാണെന്ന സംശയവും ബലപ്പെട്ടു.
ജോയി ചാക്കോയെ സിബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തിയ യുവാവ് വാട്‌സാപ് വഴിയാണ് വിളിച്ചത്. മകന്റെ പേര് ഇനിഷ്യല്‍ അടക്കം പറഞ്ഞു കൊണ്ടായിരുന്നു വ്യാജന്റെ വിളി. മകന്‍ വലിയൊരു കേസിലാണ് കുടുങ്ങിയിരിക്കുന്നതെന്നും രക്ഷപ്പെടുത്തണമെങ്കില്‍ 35,000 രൂപ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നുമായിരുന്നു ആവശ്യം. ഇംഗ്ലിഷും ഹിന്ദിയും കലര്‍ന്ന ഭാഷയായിരുന്നു. ആദ്യം ഞെട്ടി. പിന്നെ വസ്തുത തിരിച്ചറിഞ്ഞു. വിളിച്ചയാളോട് പോയി പണി നോക്കാന്‍ പറഞ്ഞു. അങ്ങനെ വ്യാജന്റെ മോഹം പൊളിഞ്ഞു.
ഉദ്യോഗസ്ഥര്‍ വലിയ ഗൗരത്തില്‍ വിഷയം അവതരിപ്പിച്ചിട്ടും ജോയി അതിനെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. കൂടാതെ തിരക്കാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്നു പലതവണ തട്ടിപ്പുകാരന്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. വീട്ടിലെത്തി മകനുമായി സംസാരിച്ച ശേഷം തട്ടിപ്പാണെന്ന് ഉറപ്പു വരുത്തി. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ ഓണ്‍ലൈനിലൂടെ പരാതി നല്‍കുകയുമായിരുന്നു.
നേരത്തെ സിബിഐ എന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പേരും ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരും ദുരുപയോഗം ചെയ്ത് തട്ടിപ്പുകള്‍ നടത്തുന്ന സംഘം സജീവമാണെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത് വന്നിരുന്നു. ഈ സംഘം പൊതുജനങ്ങളെ വലിയ തോതില്‍ വഞ്ചിക്കുന്നതിനായി കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. തട്ടിപ്പുകാര്‍ സാധാരണയായി ചെയ്യുന്നത് സിബിഐ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പുകള്‍ ഉപയോഗിച്ച് വ്യാജ വാറണ്ടുകളും സമന്‍സുകളും നിര്‍മ്മിക്കുക എന്നതാണ്. ഇത്തരം വ്യാജ രേഖകള്‍ ഇന്റര്‍നെറ്റ്, ഇമെയില്‍, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നു.
ഈ വ്യാജ രേഖകള്‍ ലഭിക്കുന്നവര്‍ ഭയപ്പെട്ട് പണം നല്‍കുന്നതിനോ അല്ലെങ്കില്‍ അവരുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിനോ ഇടയാകുന്നു. തട്ടിപ്പുകാര്‍ സിബിഐ ലോഗോയും ദുരുപയോഗം ചെയ്യുന്നുണ്ട്. വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ സിബിഐ ഉദ്യോഗസ്ഥരായി സ്വയം അവതരിപ്പിച്ച് വിളിക്കുന്നവര്‍ പണം തട്ടുന്നത് പതിവായി മാറിയിരിക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ തട്ടിപ്പുകാര്‍ സാധാരണയായി ഭീഷണിപ്പെടുത്തലും ഭയപ്പെടുത്തലും ഉപയോഗിച്ചാണ് തങ്ങളുടെ ലക്ഷ്യം നേടുന്നത്. അതിനാല്‍ ഇത്തരം കോളുകള്‍ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ ജാഗ്രത പുലര്‍ത്തണം.
സിബിഐ അധികൃതര്‍ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ അടുത്തുള്ള സിബിഐ ഓഫീസുമായി ബന്ധപ്പെട്ടോ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് സ്ഥിരീകരിക്കാം.