- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ മോദി ഒന്നും മിണ്ടുന്നില്ല; സായുധരായ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകർത്വത്തിന് കീഴിലാണ് എന്നതിന്റെ തെളിവാണ് ഈ മൗനം; വെറുപ്പ്, അക്രമം, നിഷേധം എന്നിവ രാജ്യത്തെ ദുർബലപ്പെടുത്തുന്നു; മോദിക്കെതിരെ സംയുക്ത പ്രസ്താവനയുമായി 13 പ്രതിപക്ഷ പാർട്ടികൾ; ഒപ്പിടാതെ മായാവതിയും അഖിലേഷ് യാദവും
ന്യൂഡൽഹി: രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിലെ പ്രധാനമന്ത്രി മോദിയുടെ മൗനത്തെ വിമർശിച്ചു പ്രതിപക്ഷ പാർട്ടികൾ. പ്രതിപക്ഷത്തുള്ള 13 രാഷ്ട്രീയ പാർട്ടികളാണ് കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്. രാജ്യത്ത് സമാധാനവും സഹവർത്തിത്വവും പാലിക്കണമെന്നും വർഗീയ സംഘർഷങ്ങളിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടി വേണ ഇവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ പ്രധാനമായും രംഗത്തുവന്നത്. അദ്ദേഹത്തിന്റെ മൗനത്തിൽ നടുക്കം രേഖപ്പെടുത്തി. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവർക്കെതിരേ ഒരു വാക്കെങ്കിലും ഉച്ചരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനത്തിൽ നടുക്കം രേഖപ്പെടുത്തുന്നുവെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
സായുധരായ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകർത്വത്തിന് കീഴിലാണ് എന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ ഈ മൗനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ വർഗീയ കലാപങ്ങളെ അപലപിച്ച പ്രതിപക്ഷ പാർട്ടികൾ, ഇക്കാര്യത്തിൽ തങ്ങൾക്ക് അതിയായ ആശങ്കയുണ്ടെന്നും വ്യക്തമാക്കി. പ്രധാന പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, സിപിഐഎം, ഡിഎംകെ, ആർജെഡി അടക്കമുള്ളവരാണ് സംയുക്ത പ്രസ്താവന നടത്തിയത്.
ഭക്ഷണം, വസ്ത്രം, വിശ്വാസം, ആഘോഷങ്ങൾ, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില സംഭവങ്ങൾ സാമൂഹ്യദ്രുവീകരണത്തിന് ഭരണവർഗം ഉപയോഗിക്കുന്നതിൽ അതിയായ വേദനയുണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ പൂർണമായും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്താൽ മാത്രമേ രാജ്യം അഭിവൃദ്ധി പ്രാപിക്കൂ എന്ന ബോധ്യം ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് അടുത്തിടെയുണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങളിലുള്ള അശങ്കയും പ്രസ്താവനയിൽ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. വെറുപ്പ്, അക്രമം, നിഷേധം എന്നിവ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും കല്ലുകൾക്കൊണ്ടാണ് പുരോഗതിയുടെ പാത നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും രാഹുൽ പറഞ്ഞിരുന്നു.
രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഖാർഗോണിൽ പൊലീസുകാരനടക്കം 20 പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ഗുജറാത്തിൽ രണ്ടിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഒരാൾ മരിച്ചു. ഝാർഖണ്ഡിലും പശ്ചിമബംഗാളിലും അക്രമങ്ങൾ അരങ്ങേറി. ഝാർഖണ്ഡിൽ ഒരാൾ മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെ.എൻ.യു.വിലുണ്ടായ സംഘർഷത്തിൽ വ്യാപക അക്രമം അരങ്ങേറിയിരുന്നു. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. അക്രമത്തിനു പിന്നിൽ എ.ബി.വി.പി. ആണെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സംയുക്ത പ്രസ്താവന,
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഝാർഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സിപിഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്
അതേസമയം എന്നാൽ ശിവസേന, ബിഎസ്പി, ആംആദ്മി പാർട്ടി അടക്കമുള്ളവർ ഇതിന്റെ ഭാഗമായില്ല. മമത ബാനർജിയും അഖിലേഷ് യാദവും മോദിക്കെതിരായ പ്രസ്താവനയിൽ ഒപ്പുവെച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
മറുനാടന് ഡെസ്ക്