- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭൂമി തരംമാറ്റാൻ ബന്ധപ്പെടുക' പോസ്റ്റർ കണ്ട് ചെന്ന് തലവയ്ക്കുന്നവരെ കൊള്ളയടിച്ച് ഇടനിലക്കാർ; 10 സെന്റ് സ്ഥലം തരംമാറ്റാൻ ഈടാക്കുന്നത് മൂന്ന് ലക്ഷം വരെ; ഇടനിലക്കാർക്ക് ചാകരയാകുന്നത് ആർഡിഒ ഓഫീസുകളിലെ കാലതാമസം; ഏജന്റുമാരുടെ പിന്നിൽ ഉദ്യോഗസ്ഥരും
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുകാലമായി 'ഭൂമി തരംമാറ്റാൻ ബന്ധപ്പെടുക' എന്ന തരത്തിലുള്ള പോസ്റ്ററുകൾ കേരളത്തിലുടനീളം കാണപ്പെടുകയാണ്. തലവേദന കുറയുമല്ലോ എന്നുകരുതി ഈ നമ്പരുകൾ എഴുതിയെടുത്ത് ബന്ധപ്പെടാൻ ശ്രമിച്ച, ശ്രമിക്കുന്ന നിരവധിപേരും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ ആവശ്യക്കാരെ ചൂഷണം ചെയ്യാനുള്ള കെണികളാണ് ഇതെന്നാണ് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുന്നത്. വീടിനും ചെറിയ വാണിജ്യകെട്ടിടങ്ങൾക്കും പ്ലാൻ കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് ഇരയാവുന്നതിൽ കൂടുതലും.
ഭൂമി തരംമാറ്റുന്നതിന് ആർഡിഒ ഓഫീസുകളിലുണ്ടാകുന്ന കാലതാമസം മറയാക്കിയാണ് ഇത്തരം ഇടനിലക്കാർ ആവശ്യക്കാരെ ബന്ധപ്പെടുന്നത്. എഴുപതിനായിരം അപേക്ഷകളാണ് സംസ്ഥാനത്തെ വിവിധ ആർഡിഒ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. ആറുമാസത്തിനുള്ളിൽ തീർപ്പാക്കേണ്ടതിനാണ് ജീവനക്കാർ ഇല്ലാത്തതിനാലും സ്ഥലം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഉൾപ്പെടെയുള്ള കാലതാമസംകൊണ്ട് രണ്ടുമൂന്നു വർഷംവരെ സമയമെടുക്കുന്നത്.
ഡേറ്റാ ബാങ്കിൽപ്പെട്ട ഭൂമി അതിൽനിന്ന് ഒഴിവാക്കി തരംമാറ്റാൻ മൂന്നുലക്ഷംവരെയാണ് ഇവർ ഈടാക്കുന്നത്. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ലെങ്കിൽ രണ്ടരലക്ഷമാണ് ഫീസ്. രണ്ടുമൂന്ന് വർഷംവരെ എടുക്കുന്നത് ആറുമാസത്തിനുള്ളിൽ ചെയ്തുകൊടുക്കുമെന്നാണ് ഇവർ നൽകുന്ന ഉറപ്പ്. കൃഷിയോഗ്യമല്ലാത്ത 25 സെന്റുവരെ സൗജന്യമായി തരംമാറ്റാമെന്ന് നിയമമുള്ളപ്പോഴാണ് ഈ ചൂഷണം.
ഇത്തരത്തിലുള്ള ഒരു ഇടനിലക്കാരന്റെ നമ്പറിൽ ബന്ധപ്പെട്ടവരോട് 10 സെന്റിന് മൂന്നുലക്ഷം രൂപയാണ് അയാൾ ആവശ്യപ്പെട്ടത്. വിലപേശൽ നടത്തിയാൽ തുക രണ്ടുലക്ഷം വരെ താഴും. പണം നൽകി ആവശ്യമുള്ള രേഖകൾ കൈമാറിയാൽ മതി. വില്ലേജ് ഓഫീസിലും കൃഷിഭവനിലും അപേക്ഷ നൽകുന്നതുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും തങ്ങൾ ചെയ്തുകൊള്ളാമെന്നാണ് അവർ നൽകിയ വാഗ്ദാനം. 25,000 രൂപ മുൻകൂറായി നൽകുകയും വേണം.
തരംമാറ്റാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ ചെലവായ തുകയെടുത്ത് ബാക്കി മടക്കിനൽകുമെന്നുമാണ് ഓഫർ്. ഹൈക്കോടതിയിൽ റിട്ട് നൽകി കേസ് നടത്തുന്നതിന് ചെലവുവരുന്നതുകൊണ്ടാണ് ഇത്രയും വലിയ തുക വാങ്ങുന്നതെന്നാണ് വിശദീകരണം. കേരളത്തിൽ കോഴിക്കോട്ടടക്കം എട്ടു ജില്ലകളിൽ ഇവർക്കുമാത്രം ഓഫീസുണ്ട്. നിയമവിരുദ്ധ തരംമാറ്റത്തിനും ഇവരുടെ ഇടപെടൽ കാരണമാവും. ഇതിനുപുറമേ ആർഡിഒ ഓഫീസുകളിൽ അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് പ്രവർത്തിക്കുന്ന ചെറുകിട ഏജന്റുമാരുമുണ്ട്.
അഞ്ചുസെന്റിന് പതിനായിരം രൂപവരെയാണ് ഇവർ വാങ്ങുന്നത്. ആർഡിഒ ഓഫീസിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ഇവർ ശ്രമംനടത്തുന്നുണ്ടെന്ന് മാത്രമല്ല ചില ഉദ്യോഗസ്ഥർ ഇത്തരം ഏജന്റുമാർക്ക് കൂടുതൽ പരിഗണനനൽകുന്നെന്നും ആക്ഷേപമുണ്ട്. പൊതുജനങ്ങളുടെ അപേക്ഷകൾ വച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി നൽകുന്ന അപേക്ഷകളിൽ ക്രമവിരുദ്ധമായി മുൻഗണന നൽകി വേഗത്തിൽ നടപടിയെടുക്കും എന്നാണ് പരാതി.
മറുനാടന് മലയാളി ബ്യൂറോ