- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒബാമയുടെ പുസ്തകത്തിനെതിരെ ഉത്തർപ്രദേശിൽ കേസ്; രാഹുൽ ഗാന്ധിയെയും മന്മോഹൻ സിങ്ങിനെയും അപമാനിച്ചുവെന്ന് ആരോപണം
ലക്നൗ: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകം എ പ്രൊമിസ്ഡ് ലാൻഡിനെതിരെ ഉത്തർപ്രദേശിൽ കേസ്. പ്രതാപ്ഗഡിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ചും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾ അവരെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഉത്തർ പ്രദേശിലെ ലാൽഗഞ്ജിലെ സിവിൽ കോടതിയിലും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഓൾ ഇന്ത്യ റൂറൽ ബാർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഗ്യാൻ പ്രകാശ് ശുക്ലയാണ് കേസ് ഫയൽ ചെയ്തത്. ഡിസംബർ ഒന്നിനാണ് ഇതിൽ വാദം കേൾക്കുന്നത്. മന്മോഹൻ സിങ്ങിനെക്കുറിച്ചും രാഹുൽ ഗാന്ധിയെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നത് അവരെ പരിഹസിക്കുന്നത് പോലെയാണെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ആക്രമിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.
രാഹുലിനെതിരെ ഒരു ഭീഷണിയും ഇന്ന് വരെ ഉയർത്താത്തതിനാലാണ് മന്മോഹൻ സിങ്ങിനെ സോണിയ പ്രധാനമന്ത്രിയാക്കിയതെന്നായിരുന്നു ഒബാമയുടെ പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെക്കുറിച്ച് പറഞ്ഞത്. അസാധാരണമായ വിവേകമുള്ളയാളാണ് മന്മോഹനെന്നും ഒബാമ പുസ്തകത്തിൽ പറയുന്നു.
ഒരു വിഷയത്തിലും താല്പര്യമില്ലാത്ത ആളാണ് രാഹുൽ എന്നാണ് ഒബാമ പറഞ്ഞിരിക്കുന്നത്. അദ്ധ്യാപകനിൽ മതിപ്പ് ഉണ്ടാക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണെങ്കിലും ആ വിഷയത്തിൽ മുന്നിട്ട് നിൽക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ഒരാളാണ് രാഹുലെന്നും ഒബാമ പറഞ്ഞിരുന്നു.