- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗിയും മോദിയും ഒപ്പം അയോധ്യയും; കർഷക രോഷം മറികടക്കാൻ ബിജെപിയുടെ ആയുധപ്പുര റെഡി; പ്രതിപക്ഷത്തെ വെല്ലുന്ന റോളിൽ തിളങ്ങിയത് പ്രിയങ്ക എങ്കിലും വിള കൊയ്യാൻ അവസരം കാത്ത് അഖിലേഷ് യാദവിന്റെ എസ്പി; ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്പി; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിന് വിസിൽ മുഴങ്ങി; യുപിയിലെ തേരാളികളും തന്ത്രങ്ങളും
ലക്നൗ: ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചിത്രം പരിശോധിച്ചാൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികം ആരും അത്ഭുതങ്ങൾ പ്രതീക്ഷച്ചിരുന്നില്ല. എന്നാൽ, കർഷക രോഷ യുപിയിലെ പോരാട്ടച്ചൂട് കടുപ്പിച്ചിട്ടുണ്ട്. ഇതോടെ വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ നിയമസഭാ തെരഞ്ഞെടുപ്പിനാണ് ഇപ്പോൾ വീണ്ടും അരങ്ങൊരുങ്ങിരിക്കുന്നത്. 'യുപി പിടിച്ചാൽ ഇന്ത്യ പിടിക്കാ'മെന്നാണ് ദേശീയ രാഷ്ട്രീയ ചൊല്ല്. അതുകൊണ്ട് തന്നെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഉത്തർപ്രദേശ് തിരഞ്ഞെടുപ്പു സെമി ഫൈനൽ തന്നെയാണ്.
ഫെബ്രുവരി പത്ത് മുതൽ ഏഴു ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടനാപരമായി നോക്കിയാൽ ബിജെപിയെ വെല്ലുവിളിക്കാൻ ആർക്കും കഴിയാത്ത അവസ്ഥയാണ്. അതേസമയം ദേശീയ രാഷ്ട്രീയത്തിൽ യോഗിയാകുമോ മോദി എന്ന ചോദ്യം ഉയർത്തുന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രധാന ചോദ്യം. പുറത്തുവന്ന സർവേകളിൽ എല്ലാം തന്നെ ബിജെപി തുടർഭരണം നേടുമെന്ന് പ്രവചിക്കുന്നുണ്ട്. അതേസമയം അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി അട്ടിമറിക്ക് കാതോർത്തിരിക്കുന്നുമുണ്ട്. അതിന് സാധിച്ചില്ലെങ്കിലും നില മെച്ചപ്പെടുത്തുമെന്നതും ഉറപ്പാണ്.
കോൺഗ്രസ് ദേശീയ തലത്തിൽ ദുർബലരായപ്പോഴും മോദി പ്രഭാവത്തിൽ ബിജെപി ഇപ്പോഴും പിടിച്ചു നിൽക്കുന്നുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ യോഗിയുടെ ബ്രാഹ്മണ അജണ്ട പലപ്പോഴും ബിജെപിക്ക് വിനയായിട്ടുണ്ട്. ഇത് യാദവരെ അടക്കം അകറ്റി. ഇതോടെ യോഗിയെ സൈഡിൽ നിർത്തി മോദി മുന്നിൽ നിന്നു നയിക്കുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. അതിനായി മോദി വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളുമായി കളം നിറഞ്ഞു. ഇതോടെ യോഗി, മോദി, അയോധ്യ എന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം.
യുപിയിൽ മോദി ഷോ തന്നെ
യോഗിയാണ് മുഖ്യമന്ത്രി എങ്കിലും മോദി ഷോയാണ് ഉത്തർപ്രദേശിൽ. ഇതോടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പുലേക്കുള്ള തുറുപ്പു ചീട്ടായി അയോധ്യ രാമക്ഷേത്രനിർമ്മാണം ബിജെപി നീക്കിവച്ചിരിക്കയാണ്. അതുകൊണ്ട് തന്നെ ഇക്കുറി വികസന നേട്ടങ്ങളിൽ ഊന്നിയാണ് ബിജെപിയുടെ പ്രചരണം. അതേസമയം യോഗി എവിടെ മത്സരിക്കുമെന്ന ചർച്ചകളും നടക്കുന്നനുണ്ട്. യോഗി അയോധ്യയിൽനിന്നു മത്സരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആഗ്രഹം. രാമജന്മഭൂമി പ്രസ്ഥാനവുമായി യോഗി ദീർഘകാലമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹം, അയോധ്യയിൽ തന്നെ മത്സരിക്കുന്നതാകും ഉചിതമെന്നാണ് അനുയായികളുടെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ, യോഗി അയോധ്യയുമായി ബന്ധപ്പെട്ടിരിക്കണമെന്നും അദ്ദേഹത്തിന്റെ അനുയായികൾ ആഗ്രഹിക്കുന്നു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുപിയിലെ 'സെമിപോരാട്ട'ത്തിലേക്കു കടക്കുമ്പോൾ, സംസ്ഥാനത്ത് അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രി എന്ന ഖ്യാതിയിലേക്ക് കൂടിയാണ് യോഗി നടന്നടുക്കുന്നത്. അതിനാൽ തന്നെ വരുന്ന തിരഞ്ഞെടുപ്പിൽ യോഗിയെ എവിടെ നിന്ന് മത്സരിപ്പിക്കണം എന്നത് ബിജെപിക്കു നിർണായകമാണ്. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട യോഗി ഉത്തർപ്രദേശിലെ നിയമസഭാ കൗൺസിൽ അംഗമായാണ് തൽസ്ഥാനത്ത് തുടരുന്നത്. രാജ്യത്ത് ഉത്തർപ്രദേശ് ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിലാണ് വിധാൻ പരിഷത്ത് എന്ന പേരിലും അറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ സംവിധാനമുള്ളത്. മുൻ മുഖ്യമന്ത്രിമാരായിരുന്ന മായാവതി, അഖിലേഷ് യാദവ് എന്നിവരും ഇത്തരത്തിൽ എംഎൽസി അംഗങ്ങളായിരുന്നു.
മോദി തരംഗത്തിൽ മുങ്ങിനിൽക്കുന്ന യുപിയിൽ, മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷനുമായ അഖിലേഷ് യാദവ്, മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയുമായ മായാവതി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നീ പ്രമുഖ പ്രതിപക്ഷ നേതാക്കൾ മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ എവിടെനിന്നു മത്സരിക്കാനായാലും മുൻപത്തെക്കാളും ആത്മവിശ്വാസത്തിലാണ് യോഗി. പ്രമുഖ പ്രതിപക്ഷ നേതാക്കൾ പ്രചാരണ പരിപാടികളിൽ മാത്രമായി ശ്രദ്ധതിരിക്കുമ്പോൾ, നേർക്കുനേർ ശക്തരായ എതിരാളികളില്ലാതെ വിജയിക്കാമെന്നാണ് യോഗിയുടെ കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അഖിലേഷ് യാദവ് നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. എംഎൽഎ സീറ്റിൽ മത്സരിക്കുന്നതിനോട് പ്രിയങ്കയ്ക്കും താൽപര്യമില്ലെന്നാണ് വിവരം. മായാവതി ദീർഘകാലമായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാറില്ല.
തന്റെ മണ്ഡലം ഏതെന്നതിൽ പാർട്ടി തന്നെ തീരുമാനമെടുക്കുമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് കാര്യമായ പ്രാധാന്യമുണ്ട്. 1998 മുതൽ തുടർച്ചയായി അഞ്ചു തവണ ഗോരഖ്പുർ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് യോഗി. 2014 സെപ്റ്റംബറിൽ തന്റെ ആത്മീയ 'പിതാവ്' മഹന്ത് അവൈദ്യനാഥിന്റെ മരണശേഷം ഗോരഖ്നാഥ് മഠത്തിന്റെ മഹന്ത് എന്ന ചുമതല കൂടി വഹിക്കുന്ന യോഗിക്ക്, ഗോരഖ്പുരുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ട്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ബിജെപി വിജയത്തിൽ നിർണായക പങ്ക് വഹിച്ച യോഗിക്കു അയോധ്യയുമായും വിശേഷ ബന്ധമുണ്ട്. രാമക്ഷേത്രം നിർമ്മാണം ബിജെപിക്കു മാത്രമല്ല, യോഗിക്കും മികച്ച പ്രതിച്ഛായ നൽകിയിരുന്നു. മാത്രമല്ല, അയോധ്യയിൽ നിന്നുള്ള നിലവിലെ എംഎൽഎയായ വേദ് പ്രകാശ് ഗുപ്ത കഴിഞ്ഞ ജൂലൈയിൽ, ക്ഷേത്ര നഗരമായ അയോധ്യയിൽനിന്നു യോഗി മത്സരിക്കുമെന്ന സൂചനയും നൽകി. യോഗിക്ക് അയോധ്യയിൽനിന്ന് മത്സരിക്കാനായി സീറ്റ് ഒഴിയാൻ വരെ തയാറാണെന്നും ഗുപ്ത വ്യക്തമാക്കിയിരുന്നു. രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നതിനാൽ അയോധ്യയിൽ യോഗി സ്ഥാനാർത്ഥിയായാൽ യുപിയിലെ വോട്ടെടുപ്പിൽ അനുകൂലതരംഗമുണ്ടാകുമെന്നും വാദമുണ്ട്.
പ്രതിപക്ഷമായത് പ്രിയങ്ക, വിള കൊയ്യാൻ അഖിലേഷ് യാദവും
ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷമായി മുഖ്യപ്രതിപക്ഷം പോലും അല്ലെങ്കിലും ആ റോൾ നിർവ്വഹിച്ചത് പ്രിയങ്ക ഗാന്ധി ആയിരുന്നു. പ്രിയങ്കക്കാണ് സംസ്ഥാനത്തിന്റെ ചുമതല. യോഗിയെ വെട്ടിലാക്കിയ പ്രസ്താവനകളും പ്രക്ഷോഭങ്ങളുമായി പ്രിയങ്ക കളം നിറഞ്ഞപ്പോൽ സമാജ് വാദി പാർട്ടി പൊതുവേ പ്രതിപക്ഷ മുഖത്തെങ്ങും കണ്ടില്ല. ഇതോടെ കോൺഗ്രസ് ഉഴുതു മറിച്ച മണ്ണിൽ നേട്ടം കൊയ്യാൻ ഒരുങ്ങുകയാണ് സമാജ് വാദി പാർട്ടി. ദേശീയ പ്രതിപക്ഷ സഖ്യത്തെ നയിക്കാൻ അഖിലേഷ് യാദവിന് കഴിയുമോ? ഇതു മായാവതിയുടെ അവസാന തിരഞ്ഞെടുപ്പാകുമോ? പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം കൂടിയാകും യു പി തിരഞ്ഞെടുപ്പ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യുപിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു സാധ്യതകളെ 2024 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അടുത്തിടെ ഒരു പ്രസ്താവന നടത്തിയിരുന്നു. ''നിങ്ങൾക്ക് 2024 ൽ വീണ്ടും മോദിയെ പ്രധാനമന്ത്രിയാക്കണമെങ്കിൽ, 2022ൽ യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിയാക്കുക.'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മോദിയുടെ പേരിൽ യോഗിക്ക് വേണ്ടി വോട്ട് തേടാനാണ് അമിത് ഷാ ഉദേശിച്ചതെങ്കിലും, പറഞ്ഞുവന്നപ്പോൾ, മോദിയുടെ അടുത്ത തിരഞ്ഞെടുപ്പ് യോഗിയെ ആശ്രയിച്ചിരിക്കുന്നു എന്നായിപ്പോയി.
ദേശീയ പ്രതിച്ഛായയുള്ള ബഹുജന നേതാവെന്ന നിലയിൽ മോദിക്ക് നിലവിൽ ഒപ്പം നിൽക്കുന്ന എതിരാളികളില്ല. അങ്ങനെയൊരാൾ ഉണ്ടായാൽ മാത്രമേ അദ്ദേഹത്തിനു തലകുനിക്കേണ്ടി വരൂ. 'രണ്ടാമൻ' എന്നു അമിത് ഷാ തെളിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ 'ബ്രാൻഡിങ്' ഒരു ദേശീയ നേതാവിന്റെതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം 'ഹിന്ദു ഹൃദയ സമ്രാട്ട്' ആയി മോദിക്കൊപ്പം പ്രതിച്ഛായ വളർത്തിയെടുക്കാൻ ഇതിനകം യോഗി ആദിത്യനാഥിനായിട്ടുണ്ട്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിനപ്പുറം അദ്ദേഹം ഉയർന്നേക്കും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മോദിയുടെ കീഴിലായിരിക്കുമെങ്കിലും, 'ഉത്തരേന്ത്യയിലെ രാജാവെ'ന്ന നിലയിൽ സീറ്റു വിഭജനത്തിലുൾപ്പെടെ പാർട്ടി കാര്യങ്ങളിൽ യോഗിക്കു വലിയ സ്വാധീനം ചെലുത്താനാകും.
മറുവശത്ത്, മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യുപിയിൽ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. തന്ത്രപരമായ സഖ്യങ്ങളും വിജയസാധ്യതയുടെ അടിസ്ഥാനത്തിലെ സ്ഥാനാർത്ഥി നിർണയവുമെല്ലാം ഈ ആസൂത്രണത്തിൽപ്പെടുന്നു. തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാനായാൽ, മറ്റു പ്രതിപക്ഷ കക്ഷികൾ കൂടി അദ്ദേഹത്തിനൊപ്പം ചേർന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി അഖിലേഷ് ഇതിനകം ചർച്ച നടത്തിയിരുന്നു. ഇരുവരും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചതും വാർത്തയായി.
ശിവസേന, എൻസിപി, ഡിഎംകെ തുടങ്ങിയ പ്രാദേശിക പാർട്ടികൾ കോൺഗ്രസിനൊപ്പമാണെങ്കിലും, യുപിയിലെ പ്രതിപക്ഷ നേതൃനിരയിൽ രാഹുൽ ഗാന്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ അഖിലേഷ് യാദവ് തന്നെയാണ് മുന്നിൽ. ജാതി, സമുദായം എന്നിവയ്ക്കപ്പുറം സ്ത്രീ വോട്ടർമാരിൽ കൂടി കണ്ണുവച്ചാണ് പ്രിയങ്ക ഗാന്ധി പ്രചാരണം കൊഴുപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് വിഹിതമോ, സീറ്റു വിഹിതമോ മെച്ചപ്പെടുത്താനായാൽ, കോൺഗ്രസിനുള്ളിലെ നിർണായക സ്ഥാനത്തേക്ക് പ്രിയങ്ക എത്തിയേക്കാം.
യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രിയങ്കയ്ക്ക് വലിയ റോൾ
യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടിയിൽ പ്രിയങ്കയ്ക്ക് കൂടുതൽ വിപുലമായ റോൾ കിട്ടിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുപി പ്രീപോൾ സർവേ ഫലങ്ങൾ കോൺഗ്രസിന് മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിലും, പ്രിയങ്കയ്ക്ക് പാർട്ടിയിൽ കൂടുതൽ ചുമതലകൾ കിട്ടുമെന്ന് ഉറപ്പ്. രാഹുൽ ഗാന്ധിയുമായി അടുപ്പത്തിൽ അല്ലാത്ത നേതാക്കളുമായി ആശയവിനിമയം നടത്തി, പാർട്ടിയിൽ കൂടുതൽ ഊർജ്ജസ്വലരായി പ്രവർത്തിക്കാൻ പ്രേരണ നൽകാൻ പ്രിയങ്കയ്ക്ക് കഴിയും. വിശേഷിച്ചും, അസംതൃപ്തരായ നേതാക്കളുമായും, ജി-23 ഗ്രൂപ്പ് നേതാക്കളുമായും പ്രിയങ്കയ്ക്ക് അടുപ്പം സ്ഥാപിക്കാനാവും. ഇവരിൽ പലരും, ലഖിംപുരി ഖേരി സംഭവത്തിലെ പ്രിയങ്കയുടെ ഇടപെടലുകളെ പ്രശംസിച്ചിരുന്നു.
ചുരുങ്ങിയ സമയം, കൊണ്ട് യുപിയിൽ ഒന്നുമല്ലാതിരുന്ന കോൺഗ്രസിന്റെ സാന്നിധ്യം അറിയിക്കാൻ എങ്കിലും പ്രിയങ്കയ്ക്ക് കഴിഞ്ഞു എന്ന് വിലയിരുത്തുന്നവരുണ്ട്. ഒരുപക്ഷേ നിലവിലെ സർവേകൾ പാർട്ടിക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിൽ പോലും. ഞായറാഴ്ച 'ലഡ്കി ഹൂ, ലഡ് സക്തി ഹൂ' (പെൺകുട്ടിയാണ്, പോരാടാനാകും) എന്ന മുദ്രാവാക്യവുമായി ലഖ്നൗവിലും ഝാൻസിയിലും നടന്ന വനിതാ മാരത്തോണിൽ പങ്കെടുത്തത് പതിനായിരക്കണക്കിന് പെൺകുട്ടികളാണ്. മത-ജാതി രാഷ്ട്രീയത്തിനപ്പുറം പുതിയതും പുരോഗമനപരവുമായ ഒരു രാഷ്ട്രീയത്തിലൂടെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് പ്രിയങ്കയ്ക്ക് ആകുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ യുപിക്ക് പുറമെ ഉത്തരാഖണ്ഡും പഞ്ചാബും ഉൾപ്പടെ നിർണ്ണായകമായ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കോൺഗ്രസിന്റെ പാൻ ഇന്ത്യൻ മുഖമായി പ്രിയങ്ക ഗാന്ധി എത്തുമെന്ന് പാർട്ടി വിലയിരുത്തുന്നു.
രാജ്യം കോവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞുനിന്ന കാലഘട്ടത്തിലാണ് യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പദവിയിലേക്ക് പ്രിയങ്ക ഗാന്ധിയെത്തിയത്. ലോക്ഡൗൺ പ്രതിസന്ധിയിൽ കുടിയേറ്റ തൊഴിലാളികൾ നിരാലംബരായി നിന്നപ്പോൾ സ്വന്തം നിലയ്ക്ക് ബസുകൾ എത്തിച്ച് പ്രിയങ്ക പ്രശംസ നേടി. ഹാത്രസിലും സോൻഭദ്രയിലും പ്രിയങ്കയുടെ സാന്നിധ്യം ശ്രദ്ധേനേടി. ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് കയ്യേറ്റം ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങൾ ഇന്ദിര ഗാന്ധിയുടെ വീര്യം എന്ന വിശേഷണത്തോടെയാണ് പ്രചരിക്കപ്പെട്ടത്. യുപി പൊലീസ് തടങ്കലിൽവെച്ച പ്രിയങ്കയുടെ മോചനത്തെ കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല സാധാരണക്കാരും കാത്തിരുന്നു.
കർഷക സമരത്തിനിടയിലും പ്രിയങ്ക മുന്നണി പോരാളിയായിരുന്നു. എന്നാൽ, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വീശിയടിച്ചത് ആ സമയത്താണ്. ഇതെല്ലാം കൊണ്ടു തന്നെ പ്രിയങ്കയ്ക്ക് പാർട്ടിയിൽ കൂടുതൽ പ്രമുഖ സ്ഥാനം വേണമെന്ന് വാദിക്കുന്നവരുടെ എണ്ണം ഏറി. പ്രിയങ്കയെപാർട്ടി അദ്ധ്യക്ഷ ആക്കണമെന്ന് വാദിക്കുന്നവരും കുറവല്ല. ആചാര്യ പ്രമോദ് കൃഷ്ണം അക്കൂട്ടത്തിൽ പെട്ടയാളാണ്. രാഹുൽ ഗാന്ധിയുടെ പ്രവർത്തന രീതിയോട് വിയോജിപ്പുള്ളവർ സോണിയ ഗാന്ധി പാർട്ടി അദ്ധ്യക്ഷയായി തുടരണമെന്നും പ്രിയങ്കയെ ഉത്തരേന്ത്യയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റായി വാഴിക്കണമെന്നും ആവശ്യപ്പെടുന്നു.
ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്പി
നിർണായക തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോഴും മായാവതി എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. ബിഎസ്പി ഇപ്പോൾ തീർത്തും ക്ഷീണിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതി കുറച്ചു കാലം മുമ്പ് പറഞ്ഞിരുന്നു. ഈ തീരുമാനത്തിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയിൽ നിന്ന് കയ്പേറിയ അനുഭവമുണ്ടായെന്ന് ബിഎസ്പി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ ചതുഷ്ക്കോണ മത്സരത്തിനാണ് ഇതോടെ ഒരുങ്ങുന്നത്.
ഉത്തർപ്രദേശിൽ 2017 ൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഒന്നിച്ചായിരുന്നു. അതിന് ശേഷം 2019 ൽ മായാവതിയും അഖിലേഷും ഒറ്റക്കെട്ടായി നിന്നു. എന്നാൽ ആ സഖ്യം ഇനിയില്ലെന്നാണ് ബിഎസ്പിയുടെ പ്രഖ്യാപനം. ബിഎസ്പിയുടെ ഈ പ്രഖ്യാപനം ബിജെപിക്ക് ആശ്വാസമാകും. ബിജെപിയും ബിഎസ്പിയും സമാജ്വാദി പാർട്ടിയും ഉൾപ്പെട്ട ത്രികോണ മത്സരമാകും കൂടുതൽ മണ്ഡലങ്ങളിലും. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ ചതുഷ്ക്കോണ മത്സരവും നടക്കും.