- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപിയിൽ ശക്തമായ തിരിച്ചുവരവിന് കോൺഗ്രസ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക?; ചർച്ചയ്ക്ക് വഴിതുറന്ന് സൽമാൻ ഖുർഷിദിന്റെ പ്രതികരണം; ബിജെപിക്ക് എതിരെ ഒറ്റയ്ക്ക് നിന്ന് കരുത്ത് തെളിയിക്കാൻ പ്രതിപക്ഷ പാർട്ടികൾ
ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവിനുള്ള കളമൊരുക്കാൻ കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്ത് നടത്തിയ ഇടപെടലുകൾ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്.
ഇതിന് പിന്നാലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക തന്നെ വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിലേക്കുള്ള സൂചനകളാണ് മുതിർന്ന നേതാക്കളും ഇപ്പോൾ നൽകുന്നത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കുമെന്ന സൂചന നൽകുന്നതാണ് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദിന്റെ പ്രതികരണം
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ് നടത്തിയ പ്രതികരണമാണ് ഈ ചർച്ചയ്ക്ക് പ്രധാന്യം നൽകിയത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണോ എന്നതിൽ പ്രിയങ്ക സ്വയം തീരുമാനമെടുക്കട്ടെയെന്നായിരുന്നു സൽമാൻ ഖുർഷിദിന്റെ പ്രതികരണം. നിലവിൽ പ്രിയങ്കയാണ് യുപിയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുന്നത്. പ്രിയങ്ക തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വന്നാൽ അതു ഗുണം ചെയ്യുമെന്നാണ് ഉയരുന്ന വാദങ്ങൾ.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോൺഗ്രസിനെ കടന്നാക്രമിച്ച് രംഗത്തുവരുന്നതും യുപിയിലെ ഇപ്പോഴത്തെ കാഴ്ചയാണ്.
അടുത്ത വർഷമാണ് ഉത്തർ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 2017ൽ നടന്ന തരിഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 403 നിയമസഭാ മണ്ഡലങ്ങളിൽ 312ഉം ബിജെപി തൂത്തുവാരി. സമാജ്വാദി പാർട്ടി 47ഉം ബിഎസ്പി 19ഉം സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഏഴു സീറ്റുകളിൽ ഒതുങ്ങി.
അതേ സമയം ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തോട് മാസങ്ങൾക്ക് മുമ്പ് പ്രിയങ്ക പ്രതികരിച്ചിരുന്നു. ചോദ്യത്തിന് ഒറ്റ വക്കിൽ വ്യക്തമായ മറുപടി നൽകാൻ പ്രിയങ്ക തയ്യാറായിരുന്നില്ല.
''എന്റെ ഉത്തരവാദിത്വം ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്യുക എന്നതാണ്. ആളുകൾക്കായി ശബ്ദമുയർത്തേണ്ടത് എന്റെ കടമയാണ്. ഞാൻ പിന്നോട്ട് പോകില്ല, പോരാടിക്കൊണ്ടിരിക്കും. ഞാൻ ഒരിക്കലും ജനങ്ങളെ ഒറ്റിക്കൊടുക്കുകയില്ല,''- എന്നായിരുന്നു പ്രിയങ്ക അന്ന് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്