- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ കെ 47 റൈഫിളുകൾക്ക് പകരം താലിബാൻ ഭീകരരുടെ കൈവശം യുഎസിന്റെ ഗ്രീൻ ബ്രെറ്റ് എം 4 റൈഫിളുകൾ; പേടിച്ചോടിയ അമേരിക്ക ഇട്ടുട്ടു പോയത് ശതകോടികളുടെ ആയുധങ്ങളും ഹെലികോപ്റ്ററുകളും; ഭീകരരുടെ കൈകളിലേക്ക് വെറുതേ അമേരിക്ക നൽകിയതുകൊലയ്ക്കും കൊള്ളയ്ക്കും ഉപയോഗിക്കാൻ കഴിയുന്ന വൻ ആയുധശേഖരം
കാബൂൾ: ഒന്നരപതിറ്റാണ്ടു മുൻപ് അഫ്ഗാനിസ്ഥാനിലെ ഹെൽമാൻഡ് പ്രവിശ്യയിൽ ബ്രിട്ടീഷ് സൈനികർ സൈനിക നടപടികൾ ആരംഭിക്കുമ്പോൾ അവരുടെ എതിരാളികളായിരുന്ന താലിബാൻ ഭീകരർ, സൈനികമായി തികഞ്ഞ പ്രാകൃതാവസ്ഥയിലായിരുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള റഷ്യൻ റൈഫിളുകളൂം ഗ്രെനേഡ് ലോഞ്ചറുകളുമൊക്കെയായി ഒരു കാലഹരണപ്പെട്ട സൈനിക വിഭാഗമായിരുന്നു ഭീകർക്ക് ഉണ്ടായിരുന്നത്. ആ മേഖലയുടെ ഭൂമിശാസ്ത്രം കൈവെള്ളയിലേ രേഖപോലെ സുപരിചിതമായ ഭീകരർക്ക് കുതന്ത്രങ്ങളും ഒളിപ്പോരും കൊണ്ടായിരുന്നു ബ്രിട്ടീഷ് സൈന്യത്തോട് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്.
എന്നാൽ, ഇന്ന് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങുമ്പോൾ 85 ബില്ല്യൺ ഡോളറിന്റെ അത്യന്താധുനിക ശേഖരമാണ് താലിബാന്റെ കൈകളിലെത്തുന്നത്. ഇതിൽ ഫിക്സ്ഡ് വിങ് എയർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ ആയിരക്കണക്കിന് മറ്റു സൈനിക വാഹനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. കഴിഞ്ഞ കാലത്തിനിടയിൽ താലിബാന് വന്ന മാറ്റങ്ങൾക്ക് ഒരു അധിക ബോണസാണ് ഈ ആയുധങ്ങൾ എന്ന് പറയേണ്ടിവരും. അന്ന്, സാൽവാർ കമ്മീസും വള്ളിച്ചെരുപ്പുകളൂം ധരിച്ച് പാശ്ചാത്യ സൈന്യത്തോട് ഏറ്റുമുട്ടിയ പ്രാകൃത ഭീകരരല്ല ഇന്ന് താലിബാൻ. സൈനിക യൂണീഫോമും കോംബാറ്റ് ബൂട്ടുകളുമൊക്കെയായി കാഴ്‌ച്ചയിൽ മറ്റേതൊരു രാജ്യത്തിന്റെ സൈന്യത്തേയും ഓർമ്മിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
പഴയ എ കെ 47 റൈഫിളുകൾ ഇന്ന് കാണാനെയില്ല. ഇപ്പോൾ താലിബാൻ ഉപയോഗിക്കുന്നത് അമേരിക്കയുടെ ഗ്രീൻ ബ്രെറ്റ് എം 4 റൈഫിളുകളാണ്. 15 വർഷം മുൻപ് ഹെൽമറ്റ് അണിഞ്ഞായിരുന്നില്ല താലിബാൻ ഭീകരർ യുദ്ധം ചെയ്തത്. എന്നാൽ, ഇന്നവർ ധരിക്കുന്നത് വിലകൂടിയ ബ്രിട്ടീഷ് ഹെൽമെറ്റുകളാണ്. ആധുനിക ആയുധങ്ങൾക്കൊപ്പം ആധുനിക ആശയവിനിമയ സംവിധാനവും ഇന്ന് താലിബാൻ കൈക്കലാക്കി കഴിഞ്ഞു. ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ അഫ്ഗാൻ സൈന്യത്തിന് ശക്തിപകരുവാൻ അമേരിക്കയും നാറ്റോ സഖ്യവും അഫ്ഗാൻ സൈന്യത്തിനു നൽകിയ ആയുധ ശേഖരങ്ങളും അനുബന്ധ സൗകര്യങ്ങളൂമെല്ലാം ഇപ്പോൾ താലിബാന്റെ കൈകളിൽ എത്തിയിരിക്കുകയാണ്.
ചുരുക്കം പറഞ്ഞാൽ പാശ്ചാത്യ നാടുകളിലെ നികുതിദായകരുടെ പണം കൊണ്ട് ഇപ്പോൾ താലിബാൻ അവരുടെ മുഖം മിനുക്കിയിരിക്കുകയാണ്. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുക്കരുതെന്ന ഉദ്ദേശത്തോടെ നൽകിയതെല്ലാം ഇപ്പോൾ താലിബാന്റെ കൈകളിൽ തന്നെ എത്തിച്ചേർന്നിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇന്ന് ലോകത്തെ 85 ശതമാനം രാജ്യങ്ങളേക്കാൾ കൂടുതൽ ഹോക്ക് ഹെലികോപ്റ്ററുകൾ അഫ്ഗാന്റെ കൈവശമുണ്ടെന്നാണ് അമേരിക്കൻ റിപ്പബ്ലിക് സാമാജികൻ ജിം ബാങ്ക്സ് പറയുന്നത്.
അതിലെല്ലാം ഭയാനകമായ കാര്യം ബയോമെട്രിക് ഉപകരണങ്ങൾ ഇവരുടെ കൈവശം എത്തിയതാണ് ഇതു ഉപയോഗിച്ച ഇവർക്ക് സഖ്യകക്ഷികൾക്ക് വേണ്ടി പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരെ തിരിച്ചറിയാൻ കഴിയും. പ്രതികാരനടപടികളുമായി മുന്നോട്ട് പോകുന്ന താലിബാന്റെ ക്രൂരതക്ക് പാത്രമാകുക നേരത്തേ അമേരിക്കയേയും പാശ്ചാത്യ ശക്തികളേയുമൊക്കെ അഫ്ഗാൻ മണ്ണിൽ സഹായിച്ച പാവം അഫ്ഗാൻ പൗരന്മാരായിരിക്കും.
മറുനാടന് ഡെസ്ക്