- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത 36 മണിക്കൂറിനകം കാബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ജോ ബൈഡൻ; സ്ഥിതിഗതികൾ അതീവ ഗുരുതരമെന്നും യുഎസ് പ്രസിഡന്റ്; അമേരിക്കൻ സൈനിക പിന്മാറ്റം വീണ്ടും ആരംഭിച്ചു; ഐസിസ് ഭീകരാക്രമണത്തിന് പിന്നാലെ കാബൂൾ വിമാനത്താവളം താലിബാൻ നിയന്ത്രണത്തിൽ
കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ വീണ്ടും തീവ്രവാദി ആക്രമണത്തിന് സാധ്യത. താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷവും വിമാനത്താവളത്തിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് അടുത്ത 36 മണിക്കൂറിനകം കാബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പു നൽകിയത്. അമേരിക്കൻ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കാൻ ഐസിസ് തീവ്രവാദികൾ ശ്രമിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് പറഞ്ഞു വെക്കുന്നത്.
കാബൂളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നും ഭീകരരുടെ ഭീഷണികൾ നിലനിൽക്കുന്നതായും ബൈഡൻ പറഞ്ഞു. കാബൂളിലെ സ്ഥിതിഗതികൾ വൈറ്റ്ഹൗസ് സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. അതിനിടെ ഇന്ന് മുതൽ അമേരിക്കൻ സൈനിക പിന്മാറ്റം പുരരാരംഭിച്ചു. ചൊവ്വാഴ്ച്ചക്ക് മുമ്പായി പിന്മാറ്റം പൂർത്തിയാക്കും വിധത്തിലാണ് അമേരിക്ക നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
31നു മുൻപ് വീണ്ടും ഭീകരാക്രമണത്തിനുള്ള സാധ്യത ശക്തമാണെന്നാണ് യുഎസ് സുരക്ഷാ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദർഭമാണു വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന അടിയന്തര സുരക്ഷാ യോഗത്തിൽ സേനയിലെ ഉന്നത കമാൻഡർമാരും പങ്കെടുത്തു.
അതിനിടെ യുഎസ് നാറ്റോ സഖ്യം ചൊവ്വാഴ്ച അഫ്ഗാൻ വിടാൻ ഒരുങ്ങവേ, കാബൂൾ രാജ്യാന്തര വിമാനത്താവളത്തിലേക്ക് താലിബാൻ കൂടുതൽ ഭടന്മാരെ നിയോഗിച്ചു. വിമാനത്താവള റോഡുകളിൽ കൂടുതൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ച താലിബാൻ, കൂടുതൽ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തി. വീണ്ടും ചാവേർ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പു പരിഗണിച്ചു വിമാനത്താവള കവാടങ്ങളിൽ കൂട്ടംകൂടുന്നതു വിലക്കിയിട്ടുണ്ട്. നിലവിൽ സഖ്യസേനയ്ക്കാണു വിമാനത്താവളത്തിനകത്തെ സുരക്ഷാച്ചുമതല.
ഒഴിപ്പിക്കൽ ദൗത്യം മിക്കവാറും രാജ്യങ്ങൾ പൂർത്തിയാക്കി. ഒരുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ച യുഎസ് ദൗത്യവും അവസാനഘട്ടത്തിലേക്കു നീങ്ങി. നാലായിരത്തിൽ താഴെ യുഎസ് സൈനികർ മാത്രമാണ് ഇനി വിമാനത്താവളത്തിലുള്ളത്. അഫ്ഗാൻബ്രിട്ടിഷ് പൗരന്മാരെ വഹിച്ചുകൊണ്ടുള്ള യുകെയുടെ അവസാന വിമാനം ഇന്നലെ കാബൂൾ വിട്ടു. രണ്ടാഴ്ചയ്ക്കിടെ സ്വന്തം പൗരന്മാർ അടക്കം 15,000 പേരെയാണു യുകെ ഒഴിപ്പിച്ചത്. മിക്കവാറും രാജ്യങ്ങൾക്കും എല്ലാ പൗരന്മാരെയും ഒഴിപ്പിക്കാനായില്ലെന്നാണു വിവരം.
അതിനിടെ, കാബൂൾ രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പിനു സാങ്കേതിക സഹായം തേടി താലിബാൻ ഖത്തറിനെ സമീപിച്ചു. നിലവിൽ വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല തുർക്കിസേനയ്ക്കാണ്. ചൊവ്വാഴ്ച നാറ്റോ സേന രാജ്യം വിടുന്നതോടെ തുർക്കിയുടെ സേവനം അവസാനിക്കും. തുർക്കിയുടെ സഹായം തുടർന്നും വേണമെന്നു താലിബാൻ അഭ്യർത്ഥിച്ചെങ്കിലും തുടരാനാവില്ലെന്ന മറുപടിയാണു ലഭിച്ചത്.
വിമാനത്താവള നടത്തിപ്പിന് ആവശ്യമായ സാങ്കേതിക സഹായം നൽകണമെന്ന് താലിബാൻ തുർക്കിയോട് അഭ്യർത്ഥിച്ചിരുന്നു. കാബൂൾ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തുർക്കി ഒരുക്കമായിരുന്നെങ്കിലും സുരക്ഷാഭടന്മാരെ വിന്യസിപ്പിക്കുന്നതിലുള്ള വിയോജിപ്പാണ് പിന്മാറ്റത്തിന് കാരണം.
കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിലുണ്ടായ സ്ഫോടനമാണ് തുർക്കിയുടെ അടിയന്തര പിന്മാറ്റത്തിനു കാരണം. തങ്ങളുടെ ജീവനക്കാർക്കുള്ള സുരക്ഷ ഒരുക്കാൻ താലിബാന് ആവില്ലെന്നാണ് തുർക്കിയുടെ നിലപാട്. കാബൂൾ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുനർചിന്ത.
ഇത് വളരെ സുപ്രധാനമായ ജോലിയാണ്. സുരക്ഷയും ഓപറേഷനും കൈകോർത്ത് പോകണം. നാറ്റൊ പിന്മാറ്റത്തിന്റെ ഭാഗമായി തുർക്കി അടുത്ത ദിവസങ്ങളിൽ അഫ്ഗാൻ വിടും. സാഹചര്യം പരിശോധിച്ചായിരിക്കും തുടർതീരുമാനങ്ങളെടുക്കുകയെന്ന് തുർക്കി പ്രതിരോധ മന്ത്രി സുലുസി അകർ പറഞ്ഞിരുന്നു. തുർക്കി മിലിറ്ററി ഉദ്യോഗസ്ഥരടക്കം 345 പേരാണ് ആദ്യ വിമാനത്തിൽ തുർക്കിയിലേക്ക് പോയത്.
അതിനിടെ കാബൂൾ വിമാനത്താവളത്തിനു സമീപം സിഐഎയുടെ താവളമായ ഈഗിൾ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ യുഎസ് സേന തകർത്തു. ചൊവ്വാഴ്ച യുഎസ് സേന രാജ്യം വിട്ടുകഴിഞ്ഞാൽ താവളത്തിലെ ഉപകരണങ്ങളോ രേഖകളോ താലിബാന്റെ കയ്യിലെത്തുന്നതു തടയാനാണു തകർത്തത്. ഇഷ്ടിക ഫാക്ടറിയായിരുന്ന സ്ഥലമാണു 20 വർഷം മുൻപ് സിഐഎ മുഖ്യ പ്രവർത്തന കേന്ദ്രമാക്കി മാറ്റിയത്. ഇവിടെ അഫ്ഗാൻ ഏജൻസികൾക്കു പരിശീലനവും നൽകിയിരുന്നു.
മറുനാടന് ഡെസ്ക്