വാഷിങ്ടൺ: തങ്ങൽ ഇന്ത്യയിലായിരുന്നെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു അവസ്ഥ എന്ന ചോദ്യമുയർത്തി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരീസിന്റെ അനന്തരവൾ മീന ഹാരീസ്. ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചിന്റെ പേരിൽ തനിക്കെതിരെ സംഘപരിവാർ പ്രവർത്തകർ നടത്തുന്ന പ്രതിഷേധങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മീനയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് മീന ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘തീവ്രവാദികളായ ഒരു ആൾക്കൂട്ടം നിങ്ങളുടെ ചിത്രം കത്തിക്കുന്നത് കാണുന്നത് അസ്വസ്ഥതപ്പെടുത്തുന്ന കാര്യമാണ്. നമ്മൾ ഇന്ത്യയിലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ. ഞാൻ പറഞ്ഞുതരാം- 23 വയസ്സുകാരിയായ തൊഴിലവകാശ പ്രവർത്തകയായ നൊദീപ് കൗറിനെ അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചു. ലൈംഗികമായി ആക്രമിച്ചു. ജാമ്യം കൊടുക്കാതെ 20 ദിവസം തടവിലാക്കി,' മീന ഹാരിസിന്റെ ട്വീറ്റിൽ പറയുന്നു. ധീരരായ ഇന്ത്യൻ പുരുഷന്മാർ കർഷകസമരത്തെ പിന്തുണച്ച സ്ത്രീകളുടെ ചിത്രങ്ങൾ കത്തിച്ചുവെന്ന് വരെ ചില തലക്കെട്ടുകൾ ഞാൻ കാണുകയുണ്ടായി. അത് നോർമലായി കാണുകയാണ് പലരും. ഇതിൽ ഒരു ധീരതയുമില്ലെന്ന് ഞാൻ ആദ്യമേ പറയട്ടെയട്ടെയും മീന ഹാരിസ് പറഞ്ഞു.

കർഷക സമരത്തെ പിന്തുണച്ച് അഭിഭാഷകയും എഴുത്തുകാരിയുമായ മീന ഹാരിസ് നേരത്തേ രംഗത്തെത്തിയിരുന്നു. ജനുവരി ആദ്യം യുഎസ് ക്യാപ്പിറ്റലിൽ നടന്ന കലാപത്തെയും ഇന്ത്യയിൽ കർഷക പ്രതിഷേധം അടിച്ചമർത്തുന്നതിനെയും മീന താരതമ്യപ്പെടുത്തി. 'ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യം ആക്രമിക്കപ്പെട്ടത് ഒരു മാസം മുൻപല്ല. ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യവും ആക്രമിക്കപ്പെടുകയാണ്. ഇതു രണ്ടും ബന്ധപ്പെട്ടിരിക്കുന്നു. കർഷക സമരത്തിനെതിരെ ഇന്ത്യയുടെ ഇന്റർനെറ്റ് നിരോധനവും അർധസൈനികരുടെ അക്രമങ്ങളും പ്രതിഷേധാർഹമാണ്'- മീന ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നുവെന്നും മീന ഹാരിസ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയിൽ വളർന്നുവരുന്ന അതിതീവ്ര ക്രിസ്ത്യൻ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുമുള്ള ലേഖനത്തിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പമാണ് ഹിന്ദു തീവ്രവാദത്തിനെതിരെ മീന ട്വീറ്റ് ചെയ്തത്. ‘അക്രമാസക്തമായ ക്രിസ്ത്യൻ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായി' എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. ‘കഴിഞ്ഞ ആഴ്ചയിൽ മാത്രം നടന്ന കാര്യങ്ങൾ എടുക്കുകയാണെങ്കിൽ പോലും ‘അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാൻ സമയമായി' എന്ന് ഈ തലക്കെട്ട് മാറ്റിവായിക്കാം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു,' മീന ഹാരിസിന്റെ ട്വീറ്റിൽ പറയുന്നു.

കർഷക സമരത്തിന് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് തുടങ്ങിയവർ പിന്തുണയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ ഇന്റർനെറ്റ് റദ്ദ് ചെയ്തതുൾപ്പെടെയുള്ള നടപടികൾക്കെതിരെയും അവർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സ്റ്റോപ്പ് കില്ലിങ്ങ് ഫാർമേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തിൽ അവർ ട്വീറ്റ് ചെയ്തത്. തുടർന്ന് റിഹാനക്കും ഗ്രെറ്റക്കും നേരയുണ്ടായതിന് സമാനമായ രീതിയിൽ മീന ഹാരിസിനെതിരെയും വിദ്വേഷ പ്രചാരണങ്ങളുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്നായിരുന്നു ഈ ഗ്രൂപ്പുകളുടെ പ്രതികരണം. തന്നെ ഭീഷണിപ്പെടുത്താനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നാണ് മീന ഹാരിസ് ഇവയോട് പ്രതികരിച്ചത്.

തന്റെ ഫോട്ടോ ഉയർത്തി ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധം നടത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടും മീന ഹാരിസ് വിമർശനവുമായി മുന്നോട്ട് വന്നിരുന്നു. ഇന്ത്യയിലെ കർഷകരുടെ പ്രശ്നം മനുഷ്യാവകാശ പ്രവർത്തകരോട് താൻ സംസാരിച്ചു. ഇതാണ് പ്രതികരണമെന്നായിരുന്നു തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മീന ഹാരിസ് പ്രതികരിച്ചത്. കർഷകർക്കൊപ്പം നിൽക്കുന്നതിന് മീന ഹാരിസിന് പിന്തുണയുമായി മാധ്യമപ്രവർത്തക റാണാ അയൂബ് ഉൾപ്പെടെയുള്ള നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. ഞങ്ങൾ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു എന്നാണ് റാണാ അയൂബ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി തിരിച്ചു ഒരുപാട് സ്നേഹമെന്ന മറുപടിയും മീന ഹാരിസ് നൽകിയിട്ടുണ്ട്.

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സഹോദരി മായ ഹാരിസിന്റെ മകളാണു മീന. കമലയുടെ പ്രചാരണത്തിലും തീരുമാനങ്ങളിലും നിർണായക പങ്ക് വഹിച്ചിരുന്നയാളാണ് മീന ഹാരീസ്.