പത്തനംതിട്ട: എസ്. ഉഷാകുമാരി ഒരു അത്ഭുത വനിതയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി തുടർച്ചയായി മൂന്നാം തവണയും വിജയം കൊയ്തിരിക്കുന്നു ഈ വീട്ടമ്മ. മൂന്നു മുന്നണികളും ഒത്തുപിടിച്ച് നോക്കിയിട്ടും മല്ലപ്പുഴശേരി പഞ്ചായത്തിൽ ഉഷാകുമാരിയുടെ അടിത്തറ ഇളക്കാൻ കഴിഞ്ഞില്ല. ജയം വെറും ഏഴു വോട്ടിനാണെങ്കിലും ഇനി ഈ പഞ്ചായത്ത് ആര് ഭരിക്കുമെന്ന് ഉഷാകുമാരി തീരുമാനിക്കും.

മൂന്നാം വാർഡിൽ നിന്നാണ് ഉഷാകുമാരി മല്ലപ്പുഴശേരി പഞ്ചായത്ത് ഭരണ സമിതിയിലേക്ക് എത്തുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ മുന്നണികൾ എല്ലാം സ്വതന്ത്രയായ ഉഷാകുമാരിയുടെ പിന്തുണക്കായി പിന്നാലെ കൂടിയിട്ടുണ്ട്.

2010 ലെ പഞ്ചായത്ത് തെരഞ്ഞെടിപ്പിലായിരുന്നു കന്നിയങ്കം. മൂന്ന് മുന്നണി സ്ഥാനാർത്ഥികളെയും പരാജയപ്പെടുത്തിയത് 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അടുത്ത തെരഞ്ഞെടുപ്പിൽ വാർഡ് ജനറലായതോടെ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചു. പക്ഷേ, വിധി മറ്റൊന്നായിരുന്നു. കൂറുമാറ്റ നിരോധന നിയമ പ്രകാരം മൂന്ന്പേരുടെ പഞ്ചായത്ത് അംഗത്വം തെരഞ്ഞെടുപ്പ് കമ്മിഷനും കോടതിയും റദ്ദാക്കി. ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ ഒരു കൈ നോക്കാൻ തീരുമാനിച്ചു. വനിതാ സംവരണമായ അടുത്ത വാർഡിൽ സ്വതന്ത്രയായി തന്നെ നാമനിർദ്ദേശപത്രിക നൽകി. 189 വോട്ടിന്റെ മികവിൽ അന്നും വിജയം കണ്ടു. ഭരണം ഉറപ്പാക്കാൻ ഇടതുമുന്നണി ചെറിയ പിന്തുണയും നൽകി.

ഇക്കുറി സ്വന്തം വാർഡ് വനിതാ സംവരണം ആയതോടെ പത്രിക നൽകി. വിജയ സാധ്യത ഇല്ലാതാകുന്ന തരത്തിൽ മുന്നണികൾ എല്ലാം രംഗത്ത് വന്നു. പോയ കാലങ്ങളിൽ വാർഡിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ സമീപിക്കുകയാണ് ഉഷാകുമാരി ചെയ്തത്. ഇതിനപ്പുറം എതിർ പക്ഷങ്ങളിൽ നിന്നും വ്യക്തിഹത്യ അടക്കമുള്ള പ്രചാരണമാണ് ഉണ്ടായത്. ഇതെല്ലാം അവഗണിച്ചാണ് വാർഡിലെജനങ്ങൾ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്ന് ഉഷാ കുമാരി പറയുന്നു.

സ്വതന്ത്ര ആയിരുന്നതിനാൽ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ലഭിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിലും പ്രളയത്തെ തുടർന്ന് കൂടുതൽ തകരാറിലായ പാതകളുടെ നവീകരണവും മുഖ്യ ഇനമായി ഏറ്റെടുക്കുകയാണ് ഇത്തവണ. പ്രളയത്തിൽ ഏറെ നഷ്ടം സംഭവിച്ച വാർഡിലെ ജനങ്ങൾക്ക് ഒപ്പംനിന്ന് കൂടുതൽ സഹായം നേടിക്കൊടുക്കാനും ശ്രമം നടത്തും. കോവിഡ് മഹാമാരിക്കാലത്തും തന്റെ വാർഡിലെയും സമീപ സ്ഥലങ്ങളിലെയും പ്രശ്നങ്ങൾ പഞ്ചായത്ത് കമ്മറ്റിയിൽ അവതരിപ്പിച്ചു പരിഹാരം തേടാൻ ശ്രമിച്ചു വരുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് വന്നത്. പുതിയ സമിതിയിലും മുഖ്യ പരിഗണന ഈ വിഷയങ്ങൾക്ക് നൽകുമെന്നും ഉഷാ കുമാരി പറഞ്ഞു.