- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; മോർച്ചറിയിലെ ഫ്രീസറിൽ കിടന്നത് ഏഴ് മണിക്കൂർ; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച യുവാവ് ഒടുവിൽ 'ജീവിത'ത്തിലേക്ക്; ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരേ പരാതിയുമായി ബന്ധുക്കൾ
ലഖ്നൗ: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയതോടെ മോർച്ചറിയിലേക്ക് മാറ്റി ഏഴ് മണിക്കൂറിന് ശേഷം യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ ശ്രീകേഷ് കുമാർ എന്നയാളാണ് മോർച്ചറിയിലെ ഫ്രീസറിൽ ഏഴുമണിക്കൂർ പിന്നിട്ട ശേഷം 'ജീവിത'ത്തിലേക്ക് അത്ഭുതകരമായി മടങ്ങിയെത്തിയത്.
ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായാണ് വ്യാഴാഴ്ച അർധരാത്രിയോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പരിശോധന നടത്തിയ ഡോക്ടമാർ യുവാവ് മരിച്ചതായി അറിയിച്ചു. തുടർന്ന് ആശുപത്രി ജീവനക്കാർ യുവാവിന്റെ 'മൃതദേഹം' മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു.
പിറ്റേദിവസം രാവിലെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്താനായി പൊലീസും ബന്ധുക്കളും എത്തിയപ്പോഴാണ് യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. അപ്പോഴേക്കും ഏഴ് മണിക്കൂർ പിന്നിട്ടിരുന്നു. മോർച്ചറിയിൽ പൊലീസിന്റെ സാന്നിധ്യത്തിൽ 'മൃതദേഹം' തിരിച്ചറിയുന്നതിനിടെ ശ്രീകേഷിന്റെ സഹോദര ഭാര്യയാണ് യുവാവിന്റെ ചലനങ്ങൾ ശ്രദ്ധിച്ചത്.
ഉടൻതന്നെ ഇവർ ബഹളംവെയ്ക്കുകയും യുവാവ് മരിച്ചിട്ടില്ലെന്ന് വിളിച്ചു പറയുകയും ചെയ്തു. സഹോദരൻ ശ്വാസമെടുക്കുന്നതായും യുവതി പറഞ്ഞു. ഇതോടെ പൊലീസും ജീവനക്കാരും ഡോക്ടർമാരെ വിവരമറിയിക്കുകയും യുവാവിനെ മോർച്ചറിയിൽനിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.
നിലവിൽ മീററ്റിലെ ആശുപത്രിയിലാണ് ശ്രീകേഷ് ചികിത്സയിൽ കഴിയുന്നത്. യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
അതേസമയം, ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരേ പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. മരിക്കാത്ത യുവാവിനെ ഫ്രീസറിലേക്ക് മാറ്റി ഡോക്ടർമാരാണ് ആരോഗ്യനില വഷളാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്നായിരുന്നു മൊറാദാബാദ് ചീഫ് മെഡിക്കൽ സൂപ്രണ്ടിന്റെ പ്രതികരണം. ഇതിനെ ഡോക്ടർമാരുടെ വീഴ്ചയായി കാണാനാകില്ലെന്നും സൂപ്രണ്ടായ ഡോ. ശിവ് സിങ് പറഞ്ഞു.
പുലർച്ചെ മൂന്ന് മണിക്കാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ രോഗിയെ പരിശോധിച്ചത്. ആ സമയത്ത് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. പലതവണ ഡോക്ടർ യുവാവിനെ പരിശോധിച്ചു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്. എന്നാൽ രാവിലെ പൊലീസും ബന്ധുക്കളും എത്തിയപ്പോൾ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നിലവിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനാണ് മുൻഗണന നൽകുന്നതെന്നും മെഡിക്കൽ സൂപ്രണ്ട് കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്