ഡെറാഡൂൺ: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഉത്തരാഖണ്ഡിൽ ബിജെപിക്ക് കനത്ത പ്രഹരം നൽകി മുതിർന്ന നേതാവിന്റെ പാർട്ടി വിടൽ. മുതിർന്ന നേതാവും മന്ത്രിയുമായ യശ്പാൽ ആര്യയും മകനും ബിജെപിയിൽ നിന്നും രാജിവെച്ചു കോൺഗ്രസിൽ ചേർന്നു.

യശ്പാലിനെ കൂടാതെ മകനും ബിജെപി നേതാവുമായ സഞ്ജീവ് ആര്യയും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഇതിന് മുന്നോടിയായി യശ്പാലും മകനും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന ഗതാഗതമന്ത്രിയാണ് യശ്പാൽ ആര്യ. ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടഞ്ഞു നിൽക്കുകയായിരുന്നു യശ്പാൽ. ഇതേത്തുടർന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഇടപെട്ട് യശ്പാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

കോൺഗ്രസ് വിട്ട് 2017 ലാണ് യശ്പാൽ ആര്യയും സഞ്ജീവും ബിജെപിയിൽ ചേരുന്നത്. ഇതിന് പിന്നാലെ ബിജെപി യശ്പാലിന് ക്യാബിനറ്റ് മന്ത്രിസ്ഥാനവും നൽകുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് ബിജെപിക്ക് തിരിച്ചടിയായി മന്ത്രി യശ്പാൽ ആര്യ പാർട്ടി വിടുന്നത്.