- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമ തടാകം തകർന്ന് താഴേക്ക് കുത്തിയൊലിച്ചു; മഞ്ഞുരുകിയൊലിച്ചുണ്ടായ തടാകം തകർന്നതെങ്ങനെയെന്നും അന്വേഷണം; ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിന് കാരണം തേടി ശാസ്ത്രജ്ഞർ
ന്യൂഡൽഹി: ഒരു ഹിമ തടാകം തകരുക, ഒരു മേഘവിസ്ഫോടനം, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള മർദ്ദ വ്യത്യാസത്താലുള്ള മഞ്ഞിടിച്ചിൽ. ഉത്തരാഖണ്ഡിലെ ചമോലിക്ക് സമീപം ഞായറാഴ്ച രാവിലെ പെട്ടെന്നുണ്ടായ പ്രളയത്തിന് കാരണമായത് എന്തെന്ന അന്വേഷണത്തിൽ ശാസ്ത്രജ്ഞർ. അതേസമയം, ഹിമ തടാകം തകരാനുള്ള സാധ്യതകളിലേക്കാണ് കൂടുതൽ ഗവേഷകരും വിരൽ ചൂണ്ടുന്നത്. അതേസമയം, അങ്ങനെയങ്കിൽ തന്നെ ഹിമ തടാകം തർന്നത് എങ്ങനെയെന്നതിന് ഉത്തരം കണ്ടെത്താനും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
മഞ്ഞുമല ഉരുകി രൂപംകൊണ്ട തടാകത്തിലോ തടാകഭിത്തികളിലോ ശക്തമായ ഹിമപാതമുണ്ടായതാണ് തകർച്ചയ്ക്കു കാരണമായതെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഹിമപാതമുണ്ടായതായി ഇനിയും തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ കീഴിലുള്ള സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റിലെ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു, ‘‘ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാതെ തകർച്ചയുടെ കാരണം ഉറപ്പിക്കാനാവില്ല.'' ‘മഞ്ഞുരുകിയൊലിച്ചുണ്ടായ തടാകം തകർന്നതാണ് അപകട കാരണം. ഡിആർഡിഒ സംഘം പ്രദേശത്തിന്റെ ദൃശ്യങ്ങൾ പകർത്തി. വരും ദിവസങ്ങളിൽ അവ സൂക്ഷ്മമായി പരിശോധിക്കും.' – ഡിആർഡിഒ ഡിഫൻസ് ജിയോ ഇൻഫർമാറ്റിക്സ് ഗവേഷണ കേന്ദ്രം ഡയറക്ടർ എൽ.കെ. സിൻഹ വ്യക്തമാക്കി.
ഉത്തരാഖണ്ഡ് മേഖലയിൽ ഹിമപാതപഠനം മുൻപു കാര്യമായി നടത്തിയിരുന്നില്ല എന്നതും അന്വേഷണത്തിന് തടസ്സമാണ്. ലഡാക്ക് മേഖലയുടെ വിശദമായ ഹിമപാത ഭൂപടം ശാസ്ത്രജ്ഞന്മാർ തയാറാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ അടുത്തകാലത്താണ് ഹിമപാതപഠനം ആരംഭിച്ചത്. ഹിമപാതം മാത്രമല്ല, മലയിടിച്ചിലിൽ കല്ലും മണലും വന്നു വീഴുന്നത് മൂലവും മഞ്ഞുമലത്തടാകങ്ങൾ തകരാറുണ്ട്. അടുത്തകാലത്ത് മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളാണിവയെന്നതിനാൽ അവയുടെ ഭിത്തികൾ ദുർബലമായിരിക്കും. ചെറിയ അളവിൽ കല്ലും മണലും വന്നുവീണാലും തകർന്നെന്നുവരും. ആഗോളതാപനമാണ് മഞ്ഞുമലകൾ ഉരുകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ മഞ്ഞുമലകൾക്കു സമീപം നിർമ്മാണപ്രവർത്തനങ്ങളും മറ്റും നടത്തിയാലും മഞ്ഞുരുകിയെന്നു വരും.
അതിനിടെ, മിന്നൽ പ്രളയത്തിൽപ്പെട്ട 26 പേരുടെ മൃതദേഹങ്ങൾ കിട്ടി. രുദ്രപ്രയാഗ് മേഖലയിൽ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെത്തിയത്. 32 പേരെ രക്ഷപ്പെടുത്തി. ദുരന്തത്തിൽ കാണാതായവരുടെ എണ്ണത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. 171 പേരെ കാണാതായി എന്ന് പൊലീസ് പറയുമ്പോൾ 197 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കുന്നത്. 35 പേർ ഇപ്പോഴും ടണലിൽ കുടങ്ങിക്കിടക്കുന്നതായും അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഋഷിഗംഗ പവർ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള 900 മീറ്റർ നീളമുള്ള തുരങ്കത്തിലും വിഷ്ണുഗഡ് പവർ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള രണ്ടര കിലോമീറ്റർ നീളമുള്ള തുരങ്കത്തിലുമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. ഇവയ്ക്കകത്ത് മണ്ണും ചെളിയും അടിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നു. ജെസിബി ഉപയോഗിച്ച് ഇവ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും കുടുങ്ങിക്കിടക്കുന്ന ആളുകൾ ഉള്ള ഭാഗത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. ഡോഗ് സ്ക്വാഡ് ഉൾപ്പടെ തിരച്ചിലിനായി രംഗത്തുണ്ട്. കരസേനയും ഐടിബിപിയും എൻഡിആർഎഫും എസ്ഡിആർഎഫും ഉൾപ്പെട്ട സംഘം രാപകലില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയാണ്.
മറുനാടന് മലയാളി ബ്യൂറോ