തിരുവനന്തപുരം: കഴിഞ്ഞ ആഴ്‌ച്ച വിരമിച്ച യു.വി ജോസ് സർവീസിലിരിക്കെ തന്നെ തിരുവനന്തപുരത്തെ എയർ ട്രാവൽ എന്റെർപ്രസസിന്റെ ജിജിഎൽ എന്ന സ്ഥാപനത്തിൽ വൈസ് പ്രസിഡന്റ് തസ്തികയിൽ ജോലി ചെയ്തതിന്റെ രേഖകൾ മറുനാടൻ പുറത്തു വിട്ടിരുന്നു. ഇഎം നജീബിന്റെ സ്ഥാപനമാണ് എയർട്രാവൽ എന്റർപ്രൈസസ്.

എന്നാൽ അതിനുപുറമെ ജിജിഎല്ലിന് വേണ്ടി ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ഗ്ലോബൽ ബിഡ് നേടിയെടുക്കുന്നതിനും അനധികൃതമായി ഭൂമി എറ്റെടുക്കുന്നതിനും നിയമവിരുദ്ധമായി അനുമതികൾ നേടുന്നതിനുമായി വ്യാജരേഖകൾ നിർമ്മിച്ചുനൽകുകയും സ്വാധീനം ഉപയോഗിച്ചതിനുമുള്ള തെളിവുകളും പുറത്തുവന്നിരിക്കുകയാണ്. ടൗൺ പ്ലാനറായിരുന്ന ജോസ് ടൂറിസം വകുപ്പിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന സമയത്തും പിന്നീട് ശൂന്യവേതനാവധി എടുത്തതിന് ശേഷവുമാണ് ഈ ക്രമക്കേടുകൾ നടന്നിരിക്കുന്നത്.

ഗൂഢാലോചനയുടെ ആരംഭം

ബിആർഡിസിയുടെ റിസോർട്ട് പ്രോജക്ടിന്റെ ഗ്ലോബൽ ബിഡിങ് വിളിക്കുന്ന സമയത്ത് തന്നെ യു.വി ജോസ് സുഹൃത്തായിരുന്ന എയർ ട്രാവൽ എന്റെർപ്രൈസസ് എന്ന ടൂറിസം സ്ഥാപനത്തിന്റെ എംഡിയും ചെയർമാനുമായ ഇ.എം നജീബുമായി ചേർന്ന് ഒത്തുകളിച്ചു എന്നതിന്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എടിഇയ്ക്ക് അനുകൂലമായി ബിഡിങ് നടക്കുന്നതിനായി ഓരോ റിസോർട്ട് സൈറ്റിന്റെയും പ്രധാനപ്പെട്ട വിവരങ്ങൾ നജീബുമായി യു.വി ജോസ് പങ്കുവച്ചിരുന്നു. യു.വി ജോസിന്റെ നിർദ്ദേശപ്രകാരമാണ് രണ്ടാമത്തെ സൈറ്റിന് വേണ്ടി എടിഇ ബിഡ് സമർപ്പിച്ചത്. ഈ സൈറ്റിന് കടൽ ഫ്രണ്ടേജ് ഇല്ലാത്തതിനാൽ വേറെയാരും ബിഡിങ്ങിൽ പങ്കെടുക്കില്ലെന്നും കുറഞ്ഞ വിലയ്ക്ക് ബിഡ് നേടാമെന്നും മുൻകൂടി തീരുമാനിച്ച് ഉറപ്പിച്ച ഇടപാട് ആയിരുന്നു അത്.

ആ സൈറ്റിന് ബിഡ് ഉറപ്പിച്ച ശേഷം സൈറ്റിന് മുൻവശത്തുണ്ടായിരുന്ന അതിനോട് ചേർന്ന വിപണി മൂല്യം കൂടിയ തീരഭാഗം കൂടി ബിആർഡിസി എംഡിക്ക് അപേക്ഷ നൽകി എടിഇ ഏറ്റെടുത്തതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അങ്ങനെ ആ സൈറ്റിന് കടൽ ഫ്രണ്ടേജ് ഉണ്ടാകുകയും അതിന്റെ വിപണിമൂല്യം മറ്റ് സൈറ്റുകളെ അപേക്ഷിച്ച് വളരെ ഉയരുകയും ചെയ്തു. എന്നാൽ 45.04 ഏക്കർ സൈറ്റിന് പ്രതിവർഷം 36 ലക്ഷം രൂപ എന്ന വളരെ തുച്ഛമായ ബിഡിങ് തുകയ്ക്ക് യാതൊരു മാറ്റവുമുണ്ടായില്ല.

ഇത് ബിആർഡിസിയുടെ ഈ പ്രോജക്ട് വഴി സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാക്കുകയും ഉയർന്ന തുക നൽകി മറ്റ് സൈറ്റുകൾ ബിഡ് ചെയ്ത സ്ഥാപനങ്ങളെ വഞ്ചിക്കുകയുമാണ്. ബിഡിങിന് ശേഷം എടിഇയ്ക്ക് ഏറ്റെടുത്ത 13 ഏക്കറോളം സ്ഥലം ആദ്യമെ ഏറ്റെടുത്ത് ബിഡിങ് നടത്തിയിരുന്നെങ്കിൽ ആ സൈറ്റിന് എടിഇ ബിഡ് ചെയ്തതിനെക്കാൾ പലഇരട്ടി മൂല്യം ലഭിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരും ഏറ്റെടുക്കാത്തവിധം കടൽ ഫ്രണ്ടേജ് ഇല്ലാത്ത സ്ഥലം ആദ്യം ബിഡ് ചെയ്യുകയും പിന്നീട് കടലിനോട് ചേർന്ന സ്ഥലം കൂടി ഏറ്റെടുത്തുനൽകുകയും ചെയ്തതിന് പിന്നിലെ വലിയ ഗൂഢാലോചന മറനീക്കി പുറത്തു വരുകയാണ്.

അധാർമികവും നിയമവിരുദ്ധവുമായി 13 ഏക്കർ ഭൂമി ഏറ്റെടുക്കാൻ എടിഇയ്ക്കും ബിആർഡിസിക്കുമിടയിലെ ഇടനിലക്കാരൻ ആയിരുന്ന യു.വി ജോസ് ആ അവിശുദ്ധബന്ധത്തിന്റെ തുടർച്ചയായിട്ടായിരുന്നു 2008 ജനുവരി ഒന്നിന് ജിജിഎല്ലിന്റെ വൈസ് പ്രസിഡന്റായി ജോലിക്ക് പ്രവേശിക്കുന്നത്.

സിആർഇസഡ് ക്ലിയറൻസിന്റെ വ്യാജരേഖയും പരിസ്ഥിതി മന്ത്രാലയത്തിലെ കൃത്രിമത്വവും

2006 നവംബറിലാണ് ഈ പദ്ധതിക്ക് സിആർഇസഡ് ക്ലിയറൻസ് ലഭിച്ചത്. പരിസ്ഥിതി അനുമതിക്കായി സിആർഇസഡ് സർട്ടിഫിക്കറ്റ് കെസിഇസഡ്എംഎ അയച്ചെങ്കിലും അത് കേന്ദ്ര പരിസ്ഥിതി- വന മന്ത്രാലയത്തിൽ എത്താതെ അത് മുക്കുകയായിരുന്നു. എടിഇയുടെ പേരിലായിരുന്നു ക്ലിയറൻസ് എന്നതായിരുന്നു പ്രധാന കാരണം. 2008 ൽ പരിസ്ഥിതി അനുമതിക്കായി സിആർഇസഡ് ക്ലിയറൻസ് രേഖകൾ മന്ത്രാലയം തേടിയപ്പോൾ സമാനമായ വ്യാജരേഖ തയ്യാറാക്കി അയച്ചുനൽകുകയായിരുന്നു. അതിൽ സെസ്സ് റിപ്പോർട്ട് 2008 മെയിൽ മോദിഫൈ ചെയ്തെന്ന വ്യാജേന പുതിയ റിപ്പോർട്ടാണ് ഉൾപ്പെടുത്തിയിരുന്നത്. 2006 ലെ സിആർഇസഡ് ക്ലിയറൻസിനൊപ്പമാണ് 2008 ലെ സെസ്സ് റിപ്പോർട്ട് എന്നതാണ് വിരോധാഭാസം. എന്നാൽ തന്റെ സ്വാധീനമുപയോഗിച്ച് അത് അംഗീകരിപ്പിക്കാൻ യു.വി ജോസിന് സാധിച്ചു.

പദ്ധതിക്ക് ലഭിച്ച സിആർഇസഡ് അനുമതിയിൽ നിന്നും 'ജിഎം, എയർ ട്രാവൽ എന്റെർപ്രൈസസ്' എന്ന 'ടു അഡ്രസ്' നീക്കം ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തിയ വ്യാജ ക്ലിയറൻസ് ഓർഡറാണ് മന്ത്രാലയത്തിൽ ഹാജരാക്കിയിരുന്നത്. ജിജിഎല്ലിന്റെ പേരിൽ 58 ഏക്കറിനായിരുന്നു പരിസ്ഥിതി അനുമതിക്ക് അപേക്ഷിച്ചിരുന്നത് എന്നതുകൊണ്ടാണ് എടിഇയുടെ പേരിൽ 45.04 ഏക്കറിന് ലഭിച്ച സിആർഇസഡ് അനുമതി അവർ തിരുത്തിയത്. പിന്നീട് പദ്ധതിക്കെതിരെ ക്യാപ്റ്റൻ ബി.എസ് പ്രകാശ് എന്നയാൾ ദേശീയ ഹരിത ട്രിബ്യൂണലിൽ നൽകിയ കേസിന്റെ ഭാഗമായി യഥാർത്ഥ അനുമതി ഇ.എം നജീബ് ട്രിബ്യൂണലിൽ ഹാജരാക്കിയപ്പോഴാണ് കള്ളത്തരം വെളിച്ചത്തായത്. 2008 ൽ ഈ വ്യാജ രേഖകൾ തയ്യാറാക്കുമ്പോൾ യു.വി ജോസ് ആയിരുന്നു ജിജിഎൽ എന്ന കമ്പനിയുടെ വൈസ് പ്രസിഡന്റ്.

എടിഇയുടെ പേരിൽ ബിഡ് ലഭിച്ച പ്രോപ്പർട്ടി ജിജിഎല്ലിന്റെ പേരിലാക്കുന്നതിന് 2010 ജനുവരി 10 ന് ബിആർഡിസിയും എടിഇയും ജിജിഎല്ലുമായി ഒരു ട്രൈപാർട്ടി എഗ്രിമെന്റ് ഉണ്ടാക്കി. എന്നാൽ അതിന് മുമ്പ് 2008 ൽ പരിസ്ഥിതി അനുമതി ലഭിക്കുന്നത് ജിജിഎല്ലിന്റെ പേരിലായിരുന്നു. അതായത് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി അനുമതി ജിജിഎല്ലിന്റെ പേരിൽ കിട്ടുമ്പോൾ ജിജിഎല്ലിന് ഈ പദ്ധതിയിൽ യാതൗരു അവകാശവും ഉണ്ടായിരുന്നില്ല എന്നർത്ഥം. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു യു.വി ജോസിന്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ടുള്ള ഈ നിയമലംഘനം. എന്നിട്ട് രാജ്യത്തെ നിയമവ്യവസ്ഥയുടെ കണ്ണിൽ പൊടി ഇടുന്നതിലേയ്ക്ക് വേണ്ടി അവർ നിയമവിരുദ്ധമായി ഒരു ട്രൈപാർട്ടി എഗ്രിമെന്റും തട്ടിക്കൂട്ടി.

എഗ്രിമെന്റ് ലംഘനം

റിസോർട്ട് നിർമ്മാണത്തിനായി ഏറ്റെടുത്ത പ്രോപ്പർട്ടികളുടെ കൂട്ടത്തിലുള്ള 134 സർവേ നമ്പരിലുള്ള പ്രോപ്പർട്ടി ബിആർഡിസിയുടെതല്ല. മറിച്ച് അതൊരു സ്വകാര്യ വ്യക്തിയുടെതാണെന്നാണ് വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച വിവരാവകാശരേഖകൾ വ്യക്തമാക്കുന്നത്. അത് നിയമവിരുദ്ധമായി സ്വകാര്യവ്യക്തിയിൽ നിന്നും വാങ്ങിയ ശേഷം യു.വി ജോസിന്റെ സഹായത്തോടെ ബിആർഡിസി സൈറ്റിനോട് കൂട്ടിച്ചോർക്കുകയായിരുന്നു. ഇത് ബിഡിങ് നിയമങ്ങളുടെ ലംഘനമാണ്. ബിആർഡിസിയുമായുള്ള ലൈസൻസ് എഗ്രിമെന്റ്, ബിആർഡിസിയും എടിഇയും ജിജിഎല്ലുമായുള്ള ട്രൈപാർട്ടി എഗ്രിമെന്റ്, ലീസ് ഡീഡ് എഗ്രിമെന്റ് എന്നിവയിലൊന്നും സർവേ നമ്പർ 134 ഇല്ല.

ഇത്തരത്തിൽ യു.വി ജോസിന്റെ നേതൃത്വത്തിൽ നിരവധി വ്യാജരേഖകളും സ്വാധീനമുപയോഗിച്ച് കൃത്രിമ അനുമതികളും നേടിയെടുത്ത ശേഷമാണ് ബേക്കലിലെ റിസോർട്ട് നിർമ്മാണം മുന്നോട്ടുപോയത്. എന്നാൽ ഇതുവരെയും റിസോർട്ട് പണി പൂർത്തിയായിട്ടില്ല. 2005 ഡിസംബർ 14 ന് ബിആർഡിസ് അധികൃതരും എടിഇയുമായി ഒപ്പുവച്ച ലൈസൻസ് എഗ്രിമെന്റ് പ്രകാരം എട്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും രണ്ട് വർഷത്തിനുള്ളിൽ റിസോർട്ട് പ്രവർത്തനമാരംഭിക്കണമെന്നും കൃത്യമായി നിർദ്ദേശമുണ്ട്. ഈ നിർദ്ദേശങ്ങളിൽ യാതൊരു ഇളവുമുണ്ടാകില്ലെന്ന ക്ലോസും എഗ്രിമെന്റിൽ പറയുന്നു. എന്നാൽ 2008 ഫെബ്രുവരി 4 നാണ് തങ്ങൾ സൈറ്റ് ഓഫീസ് ആരംഭിച്ചുവെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുകയാണെന്നുമുള്ള കത്ത് ജിജിഎൽ വൈസ് പ്രസിഡന്റ് എന്ന നിലയിൽ യു.വി ജോസ് ബിആർഡിസി എംഡിക്ക് നൽകുന്നത്. അതായത് എഗ്രിമെന്റിലെ ആദ്യത്തെ നിർദ്ദേശം തന്നെ ലംഘിക്കപ്പെട്ടു. എഗ്രിമെന്റ് ഒപ്പുവച്ച് 16 വർഷം കഴിഞ്ഞിട്ടും റിസോർട്ട് നിർമ്മാണം പൂർത്തിയായിട്ടില്ല. എഗ്രിമെന്റിന്റെ പച്ചയായ ലംഘനം നടന്നിട്ടും യാതൊരു നടപടിയും കൈകൊള്ളാൻ ബിആർഡിസി അധികൃതർ തയ്യാറായിട്ടില്ല. ഇപ്പോഴും ജിജിഎല്ലിന്റെ ഉടമസ്ഥയിൽ ഈ പ്രോപ്പർട്ടി. ആ നിലയിലും കോടികളുടെ നഷ്ടമാണ് ടൂറിസം വകുപ്പിന് ഉണ്ടായിട്ടുള്ളത്. എന്നാൽ ബിആർഡിസിയുടെയും ടൂറിസം വകുപ്പിന്റെയും ഉദ്യോഗസ്ഥർ ഈ അഴിമതികൾക്ക് മുന്നിൽ കണ്ണടയ്ക്കുകയായിരുന്നു. അല്ലെങ്കിൽ യു.വി ജോസിന്റെ അധികാരത്തിനും സ്വാധീനത്തിനും മുന്നിൽ അവർ നിസഹായരായിരുന്നു.

ഇതുകൊണ്ടുതീരുന്നതല്ല ബേക്കലിലെ റിസോർട്ട് നിർമ്മാണത്തിനായി നിർമ്മിച്ച വ്യാജരേഖകളുടെ വിവരങ്ങളും സർക്കാരിന് ഉണ്ടായ നഷ്ടങ്ങളും. അത് അടുത്തതവണ...

തുടരും....