തിരുവനന്തപുരം: സിൽവർ ലൈൻ സംബന്ധിച്ച് നിയമസഭയിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്ക് പോലും തയാറാകാതിരുന്ന മുഖ്യമന്തി, തുടക്കം മുതൽക്കെ സഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് ഇപ്പോൾ പറയുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൗര പ്രമുഖരുമായി ചർച്ചയ്ക്ക് സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് വന്നപ്പോൾ ചർച്ച അനുവദിക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. നിയമസഭയിൽ ജനപ്രതിനിധികളുമായി ചർച്ച ചെയ്യില്ല, പൗര പ്രമുഖരുമായി മാത്രമെ ചർച്ച നടത്തു എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സിൽവർ ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇനിയെങ്കിലും സർക്കാർ തയാറാകണം.

ആരിൽ നിന്നും എന്തെങ്കിലും മറച്ചുവെക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ ഡി.പി.ആർ രഹസ്യരേഖയാക്കിയത് എന്തിനു വേണ്ടിയായിരുന്നു? പാരിസ്ഥിതിക, സമൂഹിക ആഘാത പഠനങ്ങൾ നടത്താതെ ഭൂമി ഏറ്റെടുക്കാൻ കാട്ടുന്ന ഈ ധൃതിക്ക് പിന്നിൽ എന്തൊക്കെയോ ദുരൂഹതകളുണ്ട്. പ്രളയവും ഉരുൾപൊട്ടലും പേമാരിയും തുടർച്ചയായി കേരളത്തെ തകർത്തെറിഞ്ഞത് മുഖ്യമന്ത്രി മറന്നു പോയോ? കേരളത്തിന്റെ ഭൂഘടനയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും പരിഗണിക്കുകയോ പഠിക്കുകയോ ചെയ്യാതെ പൊതുജനങ്ങൾക്കു മേൽ കോടികളുടെ ബാധ്യത അടിച്ചേൽപ്പിക്കുന്ന പദ്ധതി ആർക്കുവേണ്ടിയാണ്?- പ്രതിപക്ഷ നേതാവ് ചോദിച്ചു.