- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ട് മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്? തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്തേ? ജയരാജൻ പുറത്തുവന്ന ശേഷം പച്ചക്കള്ളം പറയുന്നു; ഹിറ്റ്ലറെക്കാൾ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമയി പ്രതിപക്ഷ നേതാവ്
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ വധശ്രമത്തിന് കേസെടുത്തതിൽ സർക്കാറിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിനാണ് പിണറായി സർക്കാർ വധശ്രമത്തിന് കേസ് എടുത്തിരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. പ്രതിഷേധം, പ്രതിഷേധം എന്നുമാത്രമാണ് അവർ വിളിച്ചത്. ഹിറ്റ്ലറെക്കാൾ, മോദിയെക്കാൾ, യോഗി ആദിത്യനാഥിനെക്കാൾ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ വധശ്രമത്തിനെതിരെ കേസ് എടുത്തത്?. അതിന് ശേഷം അവരെ തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇപി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്ത്?. ജയരാജൻ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞതെന്ന് ഇതിനകം വ്യക്തമായി. പ്രതിഷേധക്കാർ മദ്യപിച്ച് ലക്കുകെട്ടാണ് മുഖ്യമന്ത്രിക്ക് നേരെ വന്നതെന്നാണ് ജയരാജൻ ആദ്യം പറഞ്ഞത്. അവരെ പരിശോധന നടത്താൻ പോലും പൊലീസ് തയ്യാറായിട്ടില്ല. ഇന്നലെ യഥാർഥത്തിൽ മദ്യപിച്ചവരെ പോലെ പെരുമാറിയത് ജയരാജനാണ്. വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവർത്തനമായി ചിത്രീകരിക്കുകയാണ് ചിലരെന്നും സതീശൻ പറഞ്ഞു.
വിമാനത്തിൽ രണ്ട് മുദ്രാവാക്യം വിളിക്കുന്നതാണോ ഭീകരപ്രവർത്തനം?. കേരളത്തിൽ ഭീകരപ്രവർത്തനം നടത്തുന്നത് സിപിഎം ആണ്. ആകാശത്തിൽവച്ച് പ്രതിഷേധം എന്നുപറഞ്ഞാലും ഭൂമിയിൽ വച്ച് പ്രതിഷേധം എന്നുപറഞ്ഞാലും ഒരുപോലെ തന്നെയാണ്. ഈ സിപിഎമ്മല്ലേ എകെ ആന്റണി മന്ത്രിസഭയിലെ കെവി തോമസിനെ കോഴിക്കോട് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ തലയിൽ കരിഓയിൽ ഒഴിച്ചത്. വിമാനത്തിൽ പ്രതിഷേധം എന്നുവിളിച്ചാൽ തെറ്റ്. ട്രെയിനിൽ യാത്രചെയ്യുമ്പോൾ മന്ത്രിയുടെ തലയിൽ കരി ഓയിൽ ഒഴിച്ചാൽ നല്ലത്.
ഇവരുടെ വർത്തമാനം കേട്ടാൽ ലോകത്തിൽ ആദ്യമായി നടക്കുന്ന സംഭവമാണ് ഇതെന്ന് തോന്നും. ഈ കുട്ടികളുടെ കൈയിൽ വെടിയുണ്ടയൊന്നും ഉണ്ടായിരുന്നില്ല. വെടിയുണ്ടയുമായി നടന്നിരുന്നത് ആരാണെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. രണ്ട് വർഷം മുൻപ് മാധ്യമപ്രവർത്തകൻ അർണബ് ഗോസാമിക്ക് നേരെ വിമാനത്തിൽ പ്രതിഷേധമുണ്ടയാപ്പോൾ പ്രതിഷേധിച്ച യാത്രക്കാരനെ വിമാനക്കമ്പനി മൂന്ന് വർഷം വിലക്കിയപ്പോൾ അതിനെതിരെ സീതാറാം യെച്ചൂരി വിമർശനവുമായി രംഗത്തുവന്നിരുന്നു. പ്രതിഷേധിച്ചതിനെതിരെ എടുത്ത നടപടി ജനാധിപത്യവിരുദ്ധമാണ്, ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. ആ പാർട്ടിയാണ് ഇതിനെ ഭീകരപ്രവർത്തനമെന്നു പറയുന്നതെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ