ലോകോളേജ് പഠന കാലത്ത് കെ.എസ്.യുവിന്റെ സജീവ പ്രവർത്തകൻ; യുഡിഎഫ് ഭരണകാലത്ത് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് ശുപാർശ ചെയ്തത് കാർത്തികേയനും ചെന്നിത്തലയും; തന്റെ പ്രൈവറ്റ് സെക്രട്ടറി കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണെന്ന പ്രചരണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിപക്ഷ നേതാവായുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം ഗംഭീരമായിരുന്നു എന്നാണ് ഇതുവരെയുള്ള കാര്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കോവിഡ് മരണ നിരക്ക് കണക്കാക്കുന്ന രീതിക്ക് സർക്കാർ മാറ്റം വരുത്തിയത് അടക്കം പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നായിരുന്നു. സഭാതലത്തിൽ സതീശൻ നടത്തുന്ന പ്രസംഗങ്ങളും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ തെളിവാണ്.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ സർക്കാറിനെ വെട്ടിലാക്കുന്ന പ്രവർത്തനങ്ങളുമായി സതീശൻ രംഗത്തുവന്നതോടെ സൈബർ ഇടത്തിലും ഇടതു സഖാക്കൾ സതീശനെതിരെ രംഗത്തുവന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നേർക്കുനേർ എത്തുകയും ചെയ്തതോടെ അദ്ദേഹത്തിനെതിരെ ചില കുപ്രചരണങ്ങളും സജീവമായി നടക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഒന്ന് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ഒരു മാർക്‌സിസ്റ്റുകാരനാണ് എന്നതായിരുന്നു.
എന്നാൽ, ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് സതീശൻ വ്യക്തമാക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്‌സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. അത് തെറ്റാണെന്ന് സതീശൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അനിൽകുമാർ താൻ ലോ അക്കാദമി ലോ കോളേജിൽ പഠിക്കുമ്പോൾ എന്നോടൊപ്പം സജീവ കെ എസ് യു പ്രവർത്തകനായിരുന്നു എന്ന കാര്യമാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നത്.
എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹം ഗുരുവായൂർ ദേവസ്വത്തിന്റെ അഡ്‌മിനിസ്‌ടേറ്ററായിരുന്നു എന്ന കാര്യവും സതീശൻ ചൂണ്ടിക്കാട്ടുന്നു. അന്ന് അനിൽകുമാറിന്റെ പേര് ശുപാർശ ചെയ്തത് ജി.കാർത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഇപ്പോഴത്തെ പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും പ്രതിപക്ഷ നേതൃസ്ഥാനത്ത് താൻ എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നെതെന്നാണ് വി ഡി സതീശൻ വ്യക്തമാക്കുന്നത്.
സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച കെ അനിൽകുമാറിനെതിരെ കോൺഗ്രസിലും അനുകൂല സർവീസ് സംഘടനകളിലെ ചിലരെന്ന വ്യാജേനയാണ് ചിലർ പ്രചരണം നടത്തിവന്നത്. ഇദ്ദേഹത്തിന് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനിൽ അംഗത്വമില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. എന്നാൽ, കോൺഗ്രസ് പ്രവർത്തകനായിരുന്നു എന്ന കാര്യം മറ്റുള്ളവരും ചൂണ്ടിക്കാട്ടുന്നു. പ്രൈവറ്റ് സെക്രട്ടറിയെയും ഗൺമാനെയും മറ്റ് സ്റ്റാഫുകളെയും നിയമിക്കാനുള്ള അധികാരം പ്രതിപക്ഷ നേതാവിന് തന്നെയാണ്. അനിൽകുമാറിന്റെ നിയമന വിവരം പുറത്തുവന്നപ്പോഴാണ് ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഇത് ചർച്ചയായി മാറിയത്.
ഡിഎച്ച്എസിൽ ഉണ്ടായിരുന്ന കാലത്ത് എൻജിഓ യൂണിയൻകാരനും നേതാവായിരുന്ന വികെ രാജന്റെ സന്തത സഹചാരിയുമായിരുന്നു അനിൽകുമാറെന്ന് ആക്ഷേപവുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അനിൽകുമാറിനെ ചെന്നിത്തലയും ജി കാർത്തികേയനു നിർണായക പദവികളിലേക്ക് ശുപാർശ ചെയ്ത കാര്യമാണ് വി ഡി സതീശൻ ചൂണ്ടിക്കാട്ടുന്നതും.
മറുനാടന് മലയാളി ബ്യൂറോ