കണ്ണൂർ: പെരിയ ഇരട്ട കൊലപാതകത്തിൽ പങ്കില്ലന്ന സിപിഎമ്മിന്റെ കെട്ടുകഥ പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടുക്കിയത് പാർട്ടി നേതാക്കൾ പ്രതിയാക്കുമെന്ന് ഭയന്നാണ്. കണ്ണുരിൽ നിന്നാണ് കൊലപാതകത്തിനുള്ള ആസൂത്രണം നടന്നത്.

ഈക്കാര്യവും അന്വേഷണത്തിലൂടെ പുറത്തുവരും. നിഷ്ഠുരമായ കൊലപാതകമാണ് പെരിയയിൽ നടന്നത് ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ സംരക്ഷിക്കുന്ന കൊലയാളി പാർട്ടിയായി സിപിഎം മാറി. കൊല നടത്തിയവരുടെ ഭാര്യമാർക്ക് ജോലി കൊടുക്കാനും സർക്കാർ ചെലവിൽ അവർക്കു വേണ്ടി കേസ് നടത്താനാണ് സിപിഎം തയ്യാറായത്.

സർക്കാർ ജോലി കൊടുത്ത സംഭവം വിവാദമായപ്പോൾ തീരുമാനം പിൻവലിച്ചിരുന്നു. ഇപ്പോൾ അതിനുള്ള ശ്രമം വീണ്ടും തുടങ്ങിയിരിക്കുകയാണ്.പെരിയ കൊലപാതക കേസിൽ ഇനിയും സത്യങ്ങൾ പുറത്തു വരാനുണ്ടെന്നും സതീശൻ പറഞ്ഞു.തലശേരിയിൽ ബിജെപി പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യങ്ങൾ അപലപനീയമാണ്.ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇങ്ങനെ ചെയ്യാൻ പാടില്ല.

കഴിഞ്ഞ ആറുമാസമായി കേരള രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ട സ്‌പേസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.ഇതിനായി വർഗീയ ധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നത്. എല്ലാ വർഗീയതയെയും എതിർക്കുകയെന്നതാണ് കോൺഗ്രസിന്റെ നയം. കെ.ടി ജയകൃഷ്ണന്റെ ബലിദിനാചരണത്തിനോടനുബന്ധിച്ച് സിപിഎമ്മിനെതിരെ മുദ്രാവാക്യം മുഴക്കാത്ത ബിജെപി അതുമായി യാതൊരു ബന്ധവുമില്ലാത്ത സമുദായത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത് വർഗീയ ചേരിതിരിവുണ്ടാക്കാനാണെന്ന് വി.ഡി സതീശൻ പറഞ്ഞു.
പി എസ് സിക്ക് വഖഫിലേക്ക് നിയമനം നടത്താനാവില്ല.

സർക്കാറിന്റെ വാശി എന്തിന് എന്ന് മനസിലാകുന്നില്ല. ഇത് വർഗീയ വിഷയമാക്കേണ്ട കാര്യമില്ലെന്നും വിഡി സതീശൻ കണ്ണൂരിൽ പറഞ്ഞുമോൻസൺ വിഷയത്തിൽ ഞങ്ങൾ നിയമസഭയിൽ നേരത്തെ പറഞ്ഞതു തന്നെയാണ് ഇപ്പോൾ ഹൈക്കോടതിയും പറഞ്ഞിട്ടുള്ളത്.2019 മുതൽ മോൻസനെ കുറിച്ചു പൊലിസിന് മോൻസൺനടത്തുന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 2021 വരെ മോൻസിന്റെ വീട്ടിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു.