- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ-റെയിൽ പദ്ധതിക്കെതിരായ നിവേദനത്തിൽ ശശി തരൂർ ഒപ്പിടാതിരുന്നത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്; വിഷയത്തിൽ സർക്കാറിന് അനാവശ്യ ധൃതി; പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല; പദ്ധതിയുടെ മറവിൽ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നതെന്നും സതീശന്റെ വിമർശനം
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരായ യു.ഡി.എഫ് എംപിമാരുടെ നിവേദനത്തിൽ ഒപ്പു വെക്കാതിരുന്ന ശശി തരൂർ എംപിയുടെ നടപടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിൽ പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര റെയിൽവേ മന്ത്രിക്ക് യു.ഡി.എഫ് നിവേദനം നൽകിയത്. യു.ഡി.എഫിന്റെ കേരളത്തിൽ നിന്നുള്ള പതിനെട്ട് എംപിമാർ മാത്രമാണ് നിവേദനത്തിൽ ഒപ്പുവച്ചത്.
പുതുച്ചേരി എംപിയും നിവേദനത്തിൽ ഒപ്പിട്ടു. പദ്ധതി നടപ്പാക്കരുതെന്നാണ് യു.ഡി.എഫ് എംപിമാരുടെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസർക്കാർ സഹകരിക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിവേദനത്തിൽ തരൂർ ഒപ്പിട്ടിരുന്നില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നതുകൊണ്ടാണെന്ന വ്യാഖ്യാനം ആരും നൽകേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം കെ- റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാറിന് അനാവശ്യ ധൃതിയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല. പദ്ധതിയുടെ മറവിൽ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയും പദ്ധതിക്ക് എതിരായ സമരത്തിൽ ഒപ്പുവെച്ചിരുന്നില്ല. തരൂർ ഒപ്പിടാത്തതിനെ ഗൗരവത്തോടെയാണ് കെപിസിസിയും കോൺഗ്രസ് ഹൈക്കമാണ്ടും കാണുന്നത്. പെട്രോൾ സമരത്തിനിടെ മുഖ്യമന്ത്രിയെ പ്രൊഫഷണൽ എന്ന് വിശേഷിപ്പിച്ച് തരൂർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇത് ഏറെ വിവാദമായി. കൊച്ചിയിലെ കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തു. കോൺഗ്രസിന്റെ രാഷ്ട്രീയ പോരാട്ടത്തെ തരൂർ തകർക്കുന്നുവെന്ന പ്രതീതി ശക്തമാണ്. ഈ സാഹചര്യത്തിൽ വേഗ റെയിലിലെ പിന്മാറ്റം കോൺഗ്രസ് ഗൗരവത്തോടെ എടുക്കും.
വേഗ റെയിലിനെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ താൻ മുഖ്യമന്ത്രിക്ക് വേണ്ടിയല്ല ഒപ്പിടാത്തതെന്നും പഠിക്കാൻ വേണ്ടിയാണെന്നും തരൂരും വിശദീകരിക്കുന്നു. ഇന്നത്തെ യോഗത്തിൽ തരൂർ എത്തിയാൽ പ്രശ്‌നം തീരും. അല്ലെങ്കിൽ തരൂരിനെതിരെ കടുത്ത നടപടികളിലേക്ക് കെപിസിസി നീങ്ങും. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട് നിർണ്ണായകമാകും. ആരും പാർട്ടിക്ക് അതീതരല്ലെന്ന നിലപാടിലാണ് സുധാകരൻ. പാർട്ടി നിലപാടുകളെ അംഗീകരിക്കാതെ ആർക്കും മുമ്പോട്ട് പോകാൻ കഴിയില്ലെന്നും സുധാകരൻ നിലപാട് എടുത്തിട്ടുണ്ട്.
തരൂരിന് ഹൈക്കമാണ്ടുമായാണ് ബന്ധം. അതുകൊണ്ട് തന്നെ ഹൈക്കമാണ്ട് തീരുമാനമാകും നിർണ്ണായകം. അതിനിടെ, പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) ലിഡാർ സർവേ (ആകാശ സർവേ) പ്രകാരം തയാറാക്കിയതാണെന്നും അതിനാൽ അശാസ്ത്രീയമാണെന്നും പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവനും റെയിൽവേ മുൻ ചീഫ് എൻജിനീയറുമായ അലോക് കുമാർ വർമ ആരോപിച്ചത് കേരളത്തിലെ പ്രതിഷേധങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ