തിരുവനന്തപുരം: കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരത്തിന് പ്രതിഷേധിക്കാൻ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജിജി ഫിലിപ്പിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചപ്പോൾ കേരളത്തിലെ വനിതാ കമ്മീഷൻ എവിടെയായിരുന്നുവെന്ന് സതീശൻ ചോദിച്ചു. സമരക്കാർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട, ഇരയെ കോൺഗ്രസ് ചേർത്ത് പിടിക്കും, സതീശൻ പറഞ്ഞു. അതിരടയാള കല്ലുകൾ ഇനിയും പിഴുതെറിയുമെന്നും സതീശൻ വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിക്ക് എതിരെ നടക്കുന്നത് ജനകീയ സമരമാണ്, അതിനാൽ സമരം കൂടുതൽ ശക്തമാക്കുമെന്നുമെന്ന് സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ സമരം തുടരും. പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കെ റെയിലിനെതിരെ ജനകീയ ചെറുത്തു നിൽപ്പുകൾ ആരംഭിച്ചത്.

അത്തരം പ്രതിരോധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തും എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്.സിൽവർ ലൈനിന് എതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന നൂറ് ജനകീയ സദസുകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ചെങ്ങന്നൂർ മുളക്കുഴയിൽ നടക്കും. കേരളം ഇതുവരെ കാണാത്ത ജനകീയ പ്രക്ഷോഭമാണ് ഉയർന്നു വരുന്നത്. എല്ലാ ക്രൂരതകളേയും ഈ സമരം അതിജീവിക്കും. സിൽവർ ലൈൻ വിരുദ്ധ സമരം കേരളത്തിലെ രാഷ്ട്രീയ സമര ചരിത്രത്തിലെ പുതിയ അധ്യായമാകുമെന്നും സതീശൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.