- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ ക്ഷണിച്ചത് സ്പീക്കർ; കലുഷിത രാഷ്ട്രീയകാലത്തെ അഭിമുഖം പാർട്ടിയുടെ അനുമതിയോടെ; വിഷമിപ്പിക്കാനും പ്രകോപിപ്പിക്കാനും കഴിയുന്ന ചോദ്യങ്ങളോടും സിഎം നൽകിയത് മനസ്സു തുറന്നുള്ള മറുപടികൾ; മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇമേജ് അല്ല തനിക്കുള്ളത് എന്നാണ് പിണറായി പറഞ്ഞത്; മുഖ്യമന്ത്രിക്കുള്ളത് കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്ന നിലപാട്; സഭാ ടിവിയിലെ പിണറായി അഭിമുഖത്തെ കുറിച്ച് വി ഡി സതീശൻ മറുനാടനോട്
തിരുവനന്തപുരം: നിയമസഭാ ടിവിയുടെ ലോഞ്ചിങ് നടന്നപ്പോൾ ആദ്യ പരിപാടിയായി സംപ്രേഷണം ചെയ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനെ കോൺഗ്രസ് നേതാവ് വി.ഡി.സതീശനും മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബും അഭിമുഖം ചെയ്യുന്ന പരിപാടിയായിരുന്നു. ഗൗരവത്തോടെയും കാർക്കശ്യത്തോടെയും മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ അഭിമുഖത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ആകാംക്ഷയാണ് ഉയർന്നത്. പക്ഷെ രാഷ്ട്രീയ രംഗത്ത് പൊതുസ്വീകാര്യതയുള്ള വി.ഡി.സതീശനും മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയരക്ടർ ജേക്കബ് തോമസുമാണ് എതിർവശത്ത് നിലകൊണ്ടത് എന്നതിനാൽ സമചിത്തതയോടെയാണ് പിണറായി വിജയൻ ചോദ്യങ്ങളെ അഭിമുഖീകരിച്ചത്.
ചാനൽ ചർച്ചകളിൽ നിന്നും വിഭിന്നമായ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും അതിനു സൗമ്യമായി രീതിയിലുള്ള മുഖ്യമന്ത്രിയുടെ മറുപടികളും സെൻട്രൽ ഹാൾ എന്ന പ്രത്യേക പരിപാടിയെ ആകർഷകമാക്കി മാറ്റി. പലപ്പോഴും മനസ് തുറക്കുന്ന രീതിയിലുള്ള മറുപടിയും മുഖ്യമന്ത്രി നൽകി. സെൻട്രൽ ഹാൾ ശ്രദ്ധേയമായപ്പോൾ അഭിമുഖത്തിൽ ജേക്കബ് തോമസിനൊപ്പം മുഖ്യറോൾ കൈകാര്യം ചെയ്ത വി.ഡി.സതീശനും അഭിമുഖത്തിൽ സംതൃപ്തനാണ്. സാധാരണ അഭിമുഖത്തിൽ നിന്നും വ്യത്യസ്തനായി സൗമ്യമായാണ് അഭിമുഖ വേള മുഖ്യമന്ത്രി കൈകാര്യം ചെയ്തത്. മാധ്യമ പ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള പതിവ് മറുപടികളാണ് മുഖ്യമന്ത്രി നൽകിയതെങ്കിലും പലപ്പോഴും ഒരു ചുവടു കടന്നു തന്നെ മുഖ്യമന്ത്രി മറുപടി നൽകി-മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയ വി.ഡി.സതീശൻ എംഎൽഎ മറുനാടനോട് പറഞ്ഞു. അഭിമുഖവും അതിന്റെ പശ്ചാത്തലത്തെയും കുറിച്ച് വി.ഡി.സതീശൻ പറയുന്നത് ഇങ്ങനെ:
സ്പീക്കർ ശ്രീരാമകൃഷ്ണനാണ് സഭാ ടിവിയുടെ സെൻട്രൽ ഹാൾ പരിപാടിയിൽ മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ വിളിച്ചത്. സഭാ ടിവിയുടെ സെൻട്രൽ ഹാൾ പരിപാടിയിലേക്ക് ആണ് ക്ഷണം വന്നത്. മുഖ്യമന്ത്രിയുമായുള്ള അഭിമുഖം ആയതിനാൽ പാർട്ടിയിൽ ചോദിച്ചിട്ട് പറയാം എന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. രാഷ്ട്രീയ കാലാവസ്ഥ കലുഷിതമായ അവസ്ഥയാണ്. മുഖ്യമന്ത്രി തന്നെ കേന്ദ്ര ബിന്ദുവായ രാഷ്ട്രീയ വിവാദവും ആരോപണങ്ങളാണ് ഉയർന്നിരിക്കുന്ന സമയമാണ്. പ്രതിപക്ഷം മുഖ്യമന്ത്രിയെ കടന്നു ആക്രമിക്കുന്ന സമയമാണ്. നിയമസഭയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ പ്രതിപക്ഷ നേതാവിനോടും ഉമ്മൻ ചാണ്ടിയോടും സംസാരിച്ചു. അവർ രണ്ടു പേരും നിർബന്ധമായും പോകണം എന്ന മറുപടിയാണ് നൽകിയത്. പാർലമെന്ററി പാർട്ടി അംഗം ആയതിനാൽ ഇവരോട് ചോദിക്കേണ്ട ബാധ്യതയുണ്ട്. അങ്ങനെയാണ് ചോദ്യകർത്താവാകാൻ സമ്മതിച്ചത്. എന്താണ് ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ എന്ന് മുഖ്യമന്ത്രിക്ക് സൂചന നൽകിയിരുന്നില്ല. സംഭാഷണ വേളയിൽ ചോദ്യങ്ങൾ ചോദിക്കുകയാണ് ചെയ്തത്. രണ്ടു കാര്യങ്ങളാണ് പരിഗണിച്ചത്.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയാണ് അഭിമുഖം ചെയ്യുന്നത്. രണ്ടാമത് സംസ്ഥാനത്തെ ഏറ്റവും തലമുതിർന്ന നേതാവാണ്. മറ്റൊരു തലമുറയാണ് ഞങ്ങൾ. മുൻ തലമുറയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കാണിക്കേണ്ട മര്യാദയുണ്ട്. അത് നിലനിർത്തണം. സ്വാഭാവികമായും കാണിക്കേണ്ട സാമാന്യ മര്യാദയും ബഹുമാനവും കാണിക്കണം. രണ്ടാമത് നിയമസഭാ ടിവിയിലാണ് അഭിമുഖം വരുന്നത്. അതുകൊണ്ട് തന്നെ വളരെ കരുതിയാണ് ചോദ്യങ്ങൾ ചോദിക്കുകയും ഇടപഴകുകയും ചെയ്തത്. വളരെ കരുതിയുള്ള ചോദ്യങ്ങൾ ആവശ്യമായിരുന്നു. രാഷ്ട്രീയമായ ചോദ്യങ്ങൾ ഉൾപ്പെടെയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. സാധാരണ മറുപടി തന്നെയാണ് മുഖ്യമന്ത്രി നൽകിയത്. പക്ഷെ സൗമ്യമായി ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
വേണമെങ്കിൽ വിഷമിപ്പിക്കാനും വേണമെങ്കിൽ പ്രകോപിപ്പിക്കാനും കഴിയുന്ന ചോദ്യങ്ങളാണ് ചോദിച്ചത്. പക്ഷെ സമചിത്തതയോടെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഹാർഡ് ടോക്ക് ആണെന്ന് മുഖ്യമന്ത്രിക്ക് തന്നെ തോന്നി എന്ന് ആദ്യ ചോദ്യത്തിൽ തന്നെ മനസിലായി. വളരെ ഗൗരവക്കാരനും കർക്കശക്കാരനുമാണ് എന്നാണ് മുഖ്യമന്ത്രിയെകുറിച്ചുള്ള പൊതുധാരണ എന്ന ചോദ്യത്തിനു ഈ ചോദ്യം അവസാനം ചോദിക്കുമെന്നാണ് ഞാൻ കരുതിയത് എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എല്ലാവരും കൂടി അങ്ങനെ വരുത്തി തീർത്തത് എന്നാണ് മറുപടി നൽകിയത്. പക്ഷെ മറുപടിയുടെ ഒടുവിൽ ആയപ്പോൾ താൻ അങ്ങിനെ തന്നെ എന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. താൻ എല്ലാവരെയും പോലെ അല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എപ്പോഴും ചിരിക്കാൻ തനിക്ക് കഴിയില്ല. പക്ഷെ ചിരിക്കാറുണ്ട്. വീട്ടിൽ എത്തിയാൽ കർക്കശക്കാരൻ അല്ലല്ലോ എന്ന മറുപടിയാണ് നൽകിയത്.
സാധാരണയിൽ നിന്നും വിഭിന്നമായ വ്യക്തിത്വത്തിനു ഉടമയായ നേതാവാണ് മുഖ്യമന്ത്രിയെന്നു അഭിമുഖ വേളയിൽ തോന്നിയോ എന്ന മറുനാടന്റെ ചോദ്യത്തിനു വി.ഡി.സതീശൻ നൽകിയ മറുപടി ഇങ്ങനെ: സാധാരണ ഗതിയിൽ ഒരാളുടെ വ്യക്തിത്വത്തിനു ഒരു അഭിമുഖ വേളയിൽ ഒന്നും മാറ്റം വരില്ല. സാധാരണ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു ഇമേജ് അല്ല എനിക്കുള്ളത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാൻ കാർക്കശ്യം നിറഞ്ഞ നേതാവാണ് എന്ന് രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും കൂടി വരുത്തിതീർത്തതാണ്. മുഖ്യാധാരയിൽ ഒരു ഒരു രാഷ്ട്രീയ നേതാവല്ല ഞാൻ. എംഎൽഎയും മന്ത്രിയും ഒക്കെ ആയിരുന്നെങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ടാണ് ഞാൻ പ്രവർത്തിച്ചത്. മുഖ്യമന്ത്രി ആയതോടെയാണ് മെയിൻ സ്ട്രീമിൽ വന്നത്. മുൻപ് ഞാൻ ഒരു ഫോക്കസ് പോയിന്റ് ആയിരുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എംഎൽഎആയപ്പോഴും മന്ത്രിയായപ്പോഴും ഒതുങ്ങിയാണ് നിന്നിരുന്നത്. കർക്കശക്കാരൻ അല്ല. ചില കാര്യങ്ങളിൽ ഈ കാർക്കശ്യം ഞാൻ പുലർത്തിയിട്ടുണ്ട് എന്നാണ് പറഞ്ഞത്. നിലവിലെ ഇമേജ് മാധ്യമങ്ങളുടെ സൃഷ്ടിയാണ് എന്നാണ് ചൂണ്ടിക്കാട്ടിയത്.
അവതാരങ്ങളെക്കുറിച്ചുള്ള ചോദ്യവും അധികാരത്തിന്റെ ഇടനാഴിയിലെ ദല്ലാളുമാരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലേ എന്നുള്ള ചോദ്യവും ചോദിച്ചിരുന്നു. പക്ഷെ മാധ്യമ പ്രവർത്തകർക്ക് നൽകുന്ന മറുപടി തന്നെയാണ് നൽകിയത്. ഒരു വ്യക്തിക്ക് പറ്റിയ സംഭവം എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ആ വ്യക്തിയെ മാറ്റി. ആ വ്യക്തിയെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ സസ്പെൻഡ് ചെയ്തു. താൻ അതിൽ ഇൻവോൾവ്ഡ് അല്ലാ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറിയാണ് മുഖ്യമന്ത്രി പക്ഷെ മറുപടി നൽകിയത്.
അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലും ഇതുപോലുള്ള ചോദ്യങ്ങളുണ്ട്. രാഷ്ട്രീയ അക്രമങ്ങളുടെ പ്രഭവകേന്ദ്രം കണ്ണൂരാണ്. ഈ ജില്ലയിൽ നിന്ന് പല തവണ പാർട്ടി സെക്രട്ടറി ആയിരുന്നിട്ടു കൂടി എന്തുകൊണ്ട് കണ്ണൂരെ രാഷ്ട്രീയ അതിക്രമങ്ങൾ നിർത്താൻ കഴിഞ്ഞിട്ടില്ലെന്ന് രണ്ടാം ഭാഗത്തിൽ ചോദിച്ചിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രീയ അതിക്രമങ്ങൾ കുറഞ്ഞല്ലോ എന്നാണ് മറുപടി നൽകിയത്. അത് കോവിഡ് കാരണമല്ലേ എന്ന് ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടി. മുഖ്യമന്ത്രി വിചാരിച്ചാൽ രാഷ്ട്രീയ കൊലപാതകങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലേ എന്നാണ് ചോദിച്ചത്. സാധാരണ ഗതിയിൽ ആർഎസ്എസ് ഇത്ര കൊലപാതകങ്ങൾ നടത്തി, കോൺഗ്രസ് ഇത്ര കൊലപാതകങ്ങൾ നടത്തി എന്നൊക്കെയുള്ള ഉത്തരമാണ് നൽകാറ്. പക്ഷെ ഈ മറുപടിയല്ല മുഖ്യമന്ത്രി നൽകിയത്. കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുക തന്നെ ചെയ്യണം എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഈ രീതിയിൽ ഒരു ചിന്ത മുഖ്യമന്ത്രിയിലും വേരുറപ്പിച്ചിട്ടുണ്ട് എന്നാണ് ഈ മറുപടി നൽകുന്നത്-വി.ഡി.സതീശൻ പറയുന്നു.
മറ്റു ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി എങ്ങനെ: 'ഞാനൊരു സാധാരണ മനുഷ്യനാണ്. എന്നാൽ കർശനമായി പറയേണ്ട കാര്യങ്ങൾ കർശനമായി തന്നെ പറയും. ദൃശ്യമാധ്യമങ്ങളോട് ഇടപെടേണ്ട സന്ദർഭമുണ്ടായപ്പോൾ ചില കാര്യങ്ങളിൽ പരുഷമായി സംസാരിക്കേണ്ടി വന്നതാണ്. ഇത്തരത്തിൽ പറഞ്ഞ കാര്യങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ വന്നപ്പോൾ ഉണ്ടായ പ്രതിച്ഛായയാണ് അത്.' സംസ്ഥാനതലത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതിന് ശേഷമാണ് അങ്ങനെ ഒരു കാര്യം കൂടുതൽ മാധ്യമങ്ങളിലും മറ്റും വന്നത്. ചിരിക്കുന്ന കാര്യം പറഞ്ഞാൽ രണ്ട് തരത്തിലുള്ള മനുഷ്യരുണ്ട് എന്നും ചിരിച്ചുകൊണ്ടിരിക്കുന്നവരും, ആവശ്യത്തിന് ചിരിക്കുന്നവരും ഇതിൽ രണ്ടാം വിഭാഗത്തിൽ വരുന്നതാണ് ഞാനെന്ന് പിണറായി പറഞ്ഞു. ചെറുപ്പത്തിൽ പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നതായിരുന്നു ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി. തന്റെ അനുഭവത്തിൽ ഒരു അവതാരവും തന്റെ ഓഫീസിൽ ഇടപെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അധികാര ദല്ലാളന്മാരെ നിയന്ത്രിക്കാൻ ജാഗ്രത കുറവുണ്ടായോ എന്നതാണ് വിഡി സതീശൻ ചോദിച്ചത്അത്തരം ഒരു സാഹചര്യവും ഇന്നത്തെ നിലയ്ക്കില്ല. സ്വർണ്ണക്കള്ളക്കടത്ത് സംബന്ധിച്ചാണ് ചോദ്യം, അത് പ്രത്യേക സാഹചര്യമാണ്. അത് നടക്കാൻ പാടില്ല. സാധാരണ വഴിയിൽ അല്ല അത്. ആ വാർത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുവെന്നാണ് പറഞ്ഞത്.
സാധാരണ വഴിയിൽ അല്ല അത്. ആ വാർത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുവെന്നാണ് പറഞ്ഞത്. എന്നാൽ ഞങ്ങളെ വിളിച്ചിട്ടില്ലെന്ന് അന്വേഷണ ഏജൻസി തന്നെ പറഞ്ഞു. ഇത് പിന്നീട് രാഷ്ട്രീയ വത്കരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി പ്രചരണങ്ങൾ നടന്നു. പിന്നീട് വിവാദ വനിതയുമായി ബന്ധമുള്ള സെക്രട്ടറി ശിവശങ്കരനെ മാറ്റി നിർത്തി. ഇത് മാത്രമേ ആ ഘട്ടത്തിൽ ചെയ്യാൻ സാധിക്കൂ. ഓഫീസിന്റെ കാര്യത്തിൽ തെറ്റായ രീതി ഉണ്ടായോ, അന്നുവരെ ഉണ്ടായിരുന്നില്ല. പിന്നീട് ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അന്വേഷിച്ചപ്പോൾ വിവാദ വനിതയുടെ നിയമനത്തിൽ പ്രശ്നമുണ്ടെന്ന് മനസിലാക്കി. ഇതോടെയാണ് ശിവശങ്കരനെ സസ്പെന്റ് ചെയ്തത്.
ഇത്തരം വിവാദങ്ങൾ രണ്ട് തരത്തിലുണ്ട്. രണ്ട് തരത്തിൽ വിവാദങ്ങളുണ്ട് ഒരു തെറ്റായ കാര്യത്തിന് മുകളിൽ ഉയർന്നുവരുന്നതും, സൃഷ്ടിക്കപ്പെടുന്നതും. ഭവനയിലൂടെ സൃഷ്ടിക്കുന്ന പ്രചരണങ്ങൾ എന്റെ കാര്യത്തിൽ ഏറെ അനുഭവിച്ചതാണ്. അത് എനിക്ക് വിഷമം ഉണ്ടാക്കിയിട്ടില്ല. കാരണം എന്റെ ഭാഗത്ത് നിന്നും ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നതിനാൽ കുറ്റബോധം ഉണ്ടാകില്ല. എന്തെങ്കിലും കുറ്റം ചെയ്ത കാര്യമാണ് പറയുന്നെങ്കിൽ ആകെ ഉലഞ്ഞു പോകും.
വിവാദങ്ങളിൽ പതറിപ്പോയിട്ടുണ്ടോന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ ചോദിച്ചു. സാധാരണനിലക്ക് ആളുകൾക്ക് വിഷമമുണ്ടാകും, എനിക്കൊരു വിഷമവുമിതുവരെ ഉണ്ടായിട്ടില്ല കാരണം ഏതെങ്കിലുമൊരു തെറ്റിന്റെയൊരംശമെങ്കിലും എന്നിലുണ്ടങ്കിലല്ലെ ഞാൻ വിവാദങ്ങളിൽ വിഷമിക്കേണ്ടതുള്ളൂയെന്ന് പിണറായി പറഞ്ഞു. കുറച്ച് കുറച്ച് സംസ്ഥാനത്തെ രാഷ്ട്രീയ സംസ്കാരം മാറുകയാണ്. മുൻപ് നേരെ നേരെ എതിർക്കും. അതിൽ നിന്നും മാറി ഇപ്പോൾ കഥകൾ മെനഞ്ഞ്, കുടുംബത്തെ ഉൾപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ. അത് മോശമായ വശമാണ് രാഷ്ട്രീയം ആ രീതിയിലേക്ക് മാറരുത്. അപ്പോഴും ഇത്തരം ഒരു വിഷയം വന്നാൽ അത് എന്നെ ഉലയ്ക്കില്ല. പകരം ഞാൻ എന്റെ ധർമ്മം നിർവഹിച്ച് മുന്നോട്ടുപോകും. അതിൽ മാത്രമാണ് ശ്രദ്ധ- മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.