മൂവാറ്റുപുഴ: പാലാരിവട്ടം അഴിമതികേസിൽ അറസ്റ്റിലായ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ കാത്തിരിക്കുന്നത് മറ്റു കേസുകൾ കൂടി. വി.കെ. ഇബ്രാഹിം കുഞ്ഞിനു തിരിച്ചടിയായി വിജിലൻസ് കോടതിയിൽ ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം നിർമ്മാണ അഴിമതി കേസും ഇന്നലെ പരിഗണനയ്ക്കു വന്നു. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജിയാണിത്.

നേരത്തേ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി ക്രമക്കേട് നടന്നിട്ടില്ലെന്നു റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ ഖാലിദ് വിജിലൻസ് കോടതിയെ സമീപിച്ചു. വിശദമായ വാദം കേൾക്കുന്നതിനായി കേസ് 2021 ഫെബ്രുവരി 9 ലേക്കു മാറ്റി

ആലുവ ശിവരാത്രി മണപ്പുറത്തേക്ക് 2014-15 ൽ ആണ് നടപ്പാലം നിർമ്മിച്ചത്. ടെൻഡർ തുകയെക്കാൾ 41.97% അധികം തുക അനുവദിച്ചാണു പാലം പൂർത്തിയാക്കിയതെന്നു ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിനു പുറമേ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ പൊതുമരാമത്ത് സെക്രട്ടറി എംപി.എം. മുഹമ്മദ് ഹനീഷ് എന്നിവർ ഉൾപ്പെടെ 10 പേരാണ് ഹർജിയിലെ എതിർകക്ഷികൾ.

ഈ കേസിൽ നേരത്തെ സർക്കാർ മന്ത്രിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. നടപ്പാലത്തിന് 17 കോടിയുടെ എസ്റ്റിമേറ്റാണ് അനുവദിച്ചതെന്നും പൂർത്തിയായപ്പോൾ 33 കോടി ചെലവായെന്നും അഴിമതി ഉണ്ടെന്നുമാണ് ആരോപണം. ഹർജിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു.

ഇടനിലക്കാരൻ സുജിത്ത് കുമാർ ഗിരീഷ് ബാബുവുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. 5 ലക്ഷം വാഗ്ദാനം ചെയ്ത് കരാർ ഒപ്പീടീക്കാൻ ശ്രമിച്ചെന്ന ഗിരീഷ് ബാബുവിന്റെ ഹർജിയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി വിജിലൻസിന് നിർദ്ദേശം നൽകി. അതേസമയം, ഗിരീഷ് ബാബു 10 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ ആരോപണം.

ഇന്നലെയാണ് പാലാരിവട്ടം അഴിമതിക്കേസിൽ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റു ചെയ്തത്. കരാറുകാരായ ആർഡിഎസ് പ്രോജക്ട്‌സിന് 8.25 കോടി രൂപ പലിശയില്ലാതെ മുൻകൂർ അനുവദിക്കാനും കരാർ വ്യവസ്ഥകളിൽ ഇളവു നൽകാനും അന്നത്തെ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉത്തരവു നൽകിയതായി അന്നത്തെ മരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് മൊഴി നൽകിയിരുന്നു. ഈ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിയത്.

വൈകിട്ട് 6ന് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ആശുപത്രിയിലെത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരാൻ അനുവദിച്ചു. ചൊവ്വാഴ്ച വൈകിട്ട് എട്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗവും നിയമസഭാകക്ഷി ഉപനേതാവുമായ ഇബ്രാഹിംകുഞ്ഞിനെ പലതവണ ചോദ്യം ചെയ്ത ശേഷം ഇക്കൊല്ലം മാർച്ചിലാണ്‌ േകസിൽ പ്രതി ചേർത്തത്. റിമാൻഡിലെ 14 ദിവസത്തിനുള്ളിൽ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താലേ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിജിലൻസിനു കഴിയൂ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹർജിയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും ഇന്നു കോടതി പരിഗണിക്കും.