കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസ് രാഷ്ട്രീയ ​ഗൂഢാലോചനയു‌ടെ ഭാ​ഗമെന്ന് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സിപിഎമ്മിലെ ഒരു വിഭാ​ഗം നേതാക്കളാണ് തന്നെ കുടുക്കിയതെന്നും വി കെ ഇബ്രാഹിം കുഞ്ഞ് ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് മറിച്ച് നൽകണമെന്ന പി രാജീവിന്റെ ആവശ്യം നിരാകരിച്ചതാണ് പാലാരിവട്ടം അഴിമതി കേസിൽ തന്നെ പ്രതിചേർക്കാൻ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

കളമശേരി മണ്ഡലം ലക്ഷ്യമിട്ടാണ് പാലാരിവട്ടം കേസ് എടുത്തിരിക്കുന്നതെന്നും ആസൂത്രിതമായ നീക്കം നടന്നിരുന്നുവെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇത്തവണ തന്നോട് മത്സരിക്കരുതെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടില്ല ഭരണപക്ഷത്തും പ്രതിപക്ഷത്തും കേസുള്ള നിരവധി പേർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് ഇത്തവണ മത്സരിക്കാത്തതെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേർത്തു.

അതേസമയം, പാലാരിവട്ടം പാലം സജീവ ചർച്ചയായ കളമശ്ശേരി മണ്ഡലത്തിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിന് ജയ സാധ്യതയില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ വാദങ്ങൾ മറികടക്കാൻ ഗഫൂറിന്റെ വിജയം നേതൃത്വത്തിന് അനിവാര്യമാണ്. മണ്ഡലത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്താനാണ് തീരുമാനം. യുഡിഎഫിലെ മുതിർന്ന നേതാക്കളെ പ്രചാരണത്തിനെത്തിച്ചും സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പുയർത്തി പ്രതിരോധം തീർക്കാനുമാണ് നീക്കം.

പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ മുസ്ലിം ലീഗിൽ നിന്നുണ്ടായ അസാധാരണ പ്രതിഷേധം നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കളമശ്ശേരിയിലെ വിമത നീക്കം തടയാനായെങ്കിലും മണ്ഡലം കൈവിടുമോയെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ്. വിമത സ്വരമുയർത്തിയ നേതാക്കൾക്ക് പാർട്ടി പദവി നൽകി അനുനയിപ്പിക്കാനാണ് ശ്രമം. എറണാകുളം ജില്ല കമ്മിറ്റി ഉടൻ പുനഃസംഘടിപ്പിച്ച് പദവികൾ നൽകാമെന്നാണ് നേതൃത്വത്തിന്റെ ഉറപ്പ്.

സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മങ്കട എംഎൽഎ ടി.എ അഹമ്മദ് കബീറിന്റെ നേതൃത്വത്തിലായിരുന്നു വിമത നീക്കങ്ങളുടെ തുടക്കം. അഹമ്മദ് കബീറിനെ അനുനിയിപ്പിച്ചെങ്കിലും ജില്ലയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധം പൂർണമായി തണുപ്പിക്കാൻ പാർട്ടിക്കായിട്ടില്ല. ഇതിന് പരിഹാരമായാണ് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത്. കളമശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥി വി.ഇ അബ്ദുൽ ഗഫൂറിനെ ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റും. വിമത സ്വരമുയർത്തിയ വിഭാഗത്തിലൊരാൾക്ക് പകരം ചുമതല നൽകുമെന്നാണ് പുതിയ വാഗ്ദാനം.