കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കുറച്ചു സീറ്റുകൾക്ക് വേണ്ടി തീവ്രവാദ സംഘടനകളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയാണ് കോൺഗ്രസെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഗ്രസ് ലീഗിന് കീഴടങ്ങുന്നതിൽ ക്രൈസ്തവ സംഘടനകൾക്ക് ഉൾപ്പടെ ആശങ്കയുണ്ട്. കേരളത്തിൽ കോൺഗ്രസ് അസ്തമയത്തിലേക്ക് നീങ്ങുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് ലീഗിന് വഴങ്ങുന്നുവെന്ന ആശങ്ക കോൺഗ്രസുകാർക്ക് തന്നെയുണ്ട്. കാസർകോട്, കോട്ടയം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പ്രചാരണം നടത്തിയപ്പോൾ പൊതു സമൂഹത്തിൽ നിന്ന് തനിക്കത് മനസിലായി. സി പി എമ്മിന് ഇനി കേരളത്തിലോ ഇന്ത്യയിലോ ഭാവിയുണ്ടോയെന്നുള്ളത് ചോദ്യചിഹ്നമാണ്. വരുന്ന കുറച്ച് മാസത്തിനകം അക്കാര്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു.

സി പി എമ്മിന് ധാരാളം ധനശക്തിയുണ്ട്. അതിനിടയിലെ വടംവലിയാണ് ഇപ്പോഴത്തെ വിജിലൻസ് റെയ്ഡ്. ഈ ധനശക്തിയൊക്കെ ഉണ്ടായിട്ടും അവർക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നില്ല. കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പറയുന്നത് വെറും രാഷ്ട്രീയം മാത്രമാണ്. യു പി എ സർക്കാരിന്റെ നയരേഖയിൽ പറഞ്ഞിട്ടുള്ള കാര്യമാണ് ഇന്ന് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നത്. അന്ന് എന്തുകൊണ്ടാണ് ഇടതുപക്ഷം മിണ്ടാതിരുന്നതെന്നും മുരളീധരൻ ചോദിച്ചു.