തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച ശശി തരൂർ എംപിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു വശത്ത് പദ്ധതിയെ എതിർക്കുകയാണെന്ന് പറയുന്ന കോൺഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോൺഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരൻ പറഞ്ഞു.

അതേ സമയം സിൽവർ ലൈൻ പദ്ധതിക്കെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് നടത്തിയ നീക്കത്തെ തരൂർ പിന്തുണക്കാത്തതിൽ കടുത്ത അമർഷമാണ് പാർട്ടിക്കുള്ളിലുള്ളത്. സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച ശശി തരൂർ എംപിയെ തള്ളി കോൺഗ്രസ് രംഗത്തെത്തി. സർക്കാർ അനുകൂല അഭിപ്രായം പ്രകടിപ്പിച്ച ശശി തരൂർ എംപിയെ വിമർശിച്ച് കെ പിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് രംഗത്തുവന്നിരുന്നു. തരൂർ ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു. പക്ഷെ ഇരിക്കുന്നിടം കുഴിക്കരുതെന്ന് സുധാകരൻ പറഞ്ഞു. ശശി തരൂർ പാർട്ടിയുടെ വൃത്തങ്ങളിൽ ഒതുങ്ങാത്ത വ്യക്തിയാണ്. തരൂരിനെ നേരിട്ടു കണ്ട് സംസാരിക്കും. തരൂർ പറഞ്ഞതിന്റെ ലോജിക്ക് അദ്ദേഹത്തോടു തന്നെ ചോദിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പിടിവാശി കേരളത്തിന് ശാപമാകരുതെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് കെ സുധാകരൻ അഭിപ്രായപ്പെട്ടു.പദ്ധതി കേരളത്തിന് വെള്ളിടിയാകും. കക്ഷിരാഷ്ട്രീയഭേദമെന്യേ പദ്ധതിയിൽ ആശങ്കയുണ്ട്. കണ്ണൂരിൽ സിപിഎമ്മിൽപ്പെട്ട ആളുകളുൾപ്പെടെ ആശങ്ക പ്രകടിപ്പിച്ചതായി തനിക്കറിയാം. ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നതു മാറ്റിവച്ചാൽ തന്നെ, ഇക്കാര്യത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്താനും ആശങ്കകൾ പരിഹരിക്കാനും സർക്കാരിന് ബാധ്യതയില്ലേ എന്ന് സുധാകരൻ ചോദിച്ചു.

അതേസമയം തരൂരിനെ താക്കീത് ചെയ്യണമെന്ന ആവശ്യം പോലും സംസ്ഥാന ഘടകത്തിൽ നിന്നുണ്ടായി. സിൽവർ ലൈൻ പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെയും മുഖ്യമന്ത്രിയേയും തരൂർ അഭിനന്ദിച്ചതും പാർട്ടിക്ക് ക്ഷീണമായി. ഈ ഘട്ടത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ തരൂരിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്. പാർട്ടി ഒറ്റക്കെട്ടായി ഒരു തീരുമാനമെടുത്താൽ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കി.