- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ കൊലപാതകം: പൊലീസിന് വീഴ്ചപറ്റി, അക്രമികൾക്ക് സർക്കാർ പിന്തുണയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല; കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത്; എഡിജിപി അന്വേഷിക്കുമെന്നും ഡിജിപി
തിരുവനന്തപുരം: ആലപ്പുഴയിലെ നേതാക്കളുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. കൊലപാതകം തടയുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏതാനും ആഴ്ചകൾക്ക് മുമ്പ് പാലക്കാടും കൊലപാതകം നടന്നു. അക്രമികൾക്ക് പരോക്ഷ പിന്തുണ നൽകുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
ഇസ്ലാമിക ഭീകരവാദികൾക്ക് വളമിട്ട് കൊടുക്കുന്ന സമീപനമാണ് കാര്യങ്ങൾ വഷളാക്കുന്നത്. ഭീകരവാദികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും വി. മുരളീധരൻ പറഞ്ഞു. സിപിഎമ്മും എസ്.ഡി.പി.ഐയും തമ്മിലാണ് സംഘർഷമുള്ളത്. സിപിഎം-എസ്.ഡി.പി.ഐ സംഘർഷത്തിൽ എസ്.ഡി.പി.ഐക്കാരൻ കൊല്ലപ്പെടുന്നുണ്ടെങ്കിൽ അത് ബിജെപിക്കാരന്റെ തലയിൽ കെട്ടിവെക്കാനുള്ള ബുദ്ധി ആരുടേതാണെന്ന് പൊലീസ് കണ്ടെത്തണം. കൊലക്ക് കൊല എന്നതാണോ നിയമവാഴ്ചയുള്ള സംസ്ഥാനത്തിന്റെ സമീപനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബിജെപി നേതാക്കളുടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത്. എ.ഡി.ജി.പി (ക്രമസമാധാനപാലനം) അന്വേഷണത്തിന് നേതൃത്വം നൽകും. എ.ഡി.ജി.പി (ക്രമസമാധാനപാലനം), ഐ.ജി (സൗത്ത് സോൺ) അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
ആലപ്പുഴ ജില്ലയിലേക്ക് കൂടുതൽ പൊലീസ് സേനയെ അയച്ചിട്ടുണ്ട്. ആദ്യ കൊലപാതകത്തിന് പിന്നാലെ പൊലീസ് പെട്രോളിങ് ശക്തമാക്കിയിരുന്നു. ആലപ്പുഴ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. അക്രമസംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ മുഴുവൻ എസ്‌പിമാർക്കും ജാഗ്രതാ നിർദേശവും പൊലീസ് പുറപ്പെടുവിച്ചു. സംഘർഷ സാധ്യതയുള്ളിടത്ത് കൂടുതൽ സേനയെ വിന്യസിക്കും. വാഹന പരിശോധന കർശനമാക്കും. കാറുകളും ഇരുചക്രവാഹനങ്ങളുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ആലപ്പുഴ ജില്ലയുടെ പുറത്തേക്ക് സംഘർഷം വ്യാപിക്കാതിരിക്കാനും ആവശ്യമെങ്കിൽ റെയ്ഡ്, അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.
എസ്.ഡി.പി.ഐ, ബി.െജ.പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജില്ല അധികൃതരുടെ നടപടി. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആലപ്പുഴയിൽ ചേരും. ഐ.ജി ഹർഷിത അട്ടല്ലൂരിയോട് ആലപ്പുഴയിൽ എത്താൻ ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ