കോഴിക്കോട്: ജീവിച്ചിരുന്ന സമയത്ത് നെഹ്റുവിനെ മൊട്ടത്തലയൻ സായിപ്പ് എന്ന് അധിക്ഷേപിച്ചിരുന്നവരുടെ പിന്മുറക്കാർ സ്തുതികളുമായി വരുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. കോൺഗ്രസേ് നേതാക്കൾ നെഹ്റുവിനെ മറന്നെന്ന് സിപിഐ.എം കള്ളം പറയുകയാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'കുറച്ച് മുമ്പ് ഒരു സിപിഐ.എം ന്യായീകരണക്കാരൻ ഇട്ട പോസ്റ്റാണിത്. കോൺഗ്രസ് നേതാക്കളുടെ ആരുടേയും ഫേസ്‌ബുക്കിൽ നെഹ്രു അനുസ്മരണ പോസ്റ്റുകൾ അദ്ദേഹത്തിന് കാണാനില്ലത്രേ! സ്വന്തം കൂട്ടരെ വെളുപ്പിക്കുന്നതിന് അദ്ദേഹത്തിന് അവകാശമുണ്ട്. പക്ഷേ അതിന്റെപേരിൽ എന്തിനാണ് ഈ സിപിഎമ്മുകാർ ഇങ്ങനെ നുണ പറയുന്നത്

അതിൽ പേര് പരാമർശിച്ചിട്ടുള്ള കോൺഗ്രസ് നേതാക്കളൊക്കെ മണിക്കൂറുകൾക്ക് മുൻപ് ഇട്ട അനുസ്മരണ പോസ്റ്റുകൾ ഇദ്ദേഹം മാത്രം കാണാതെപോവുന്നതെന്തേ! നെഹ്റു ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തെ മൊട്ടത്തലയൻ സായിപ്പ് എന്ന അധിക്ഷേപിച്ചിരുന്നവരുടെ പിന്മുറക്കാർ ഒക്കെ ഇപ്പോ സ്തുതികളുമായി കടന്നുവരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്,' വി.ടി. ബൽറാം പറഞ്ഞു

യഥാർഥ ഇടതുപക്ഷ പുരോഗമന ചിന്ത ഇന്ത്യയിൽ രൂപപ്പെടുത്തിയത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണെന്ന് വി.ടി. ബൽറാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഓരോ ദിവസവും നെഹുറുവിന്റെ സംഭാവനകൾ അനുഭവിച്ച് ഉറക്കമുണരുമ്പോൾ നെഹുറു എന്ന പേരുകേട്ട് ഇപ്പോഴത്തെ പ്രധാനമന്ത്രി ഞെട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിന്റെ പേര് ഇപ്പോഴത്തെ ഭരണകൂടത്തെ അത്രമാത്രം അലോസരപ്പടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.