- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ എടുത്തവർക്ക് തീവണ്ടിയാത്രയ്ക്കും ആർടിപിസിആർ പരിശോധന വേണ്ടിവരില്ല; വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരെ യാത്രചെയ്യാൻ അനുവദിക്കുന്ന കാര്യം റെയിൽവേയുടെ പരിഗണനയിൽ; തീരുമാനം ഉടൻ
ന്യൂഡൽഹി: ചില സംസ്ഥാനങ്ങളിലേക്ക് തീവണ്ടിയാത്ര നടത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം കയ്യിൽ കരുതണമെന്ന വ്യവസ്ഥയിൽനിന്ന് കോവിഡ് വാക്സിൻ എടുത്തവരെ ഒഴിവാക്കിയേക്കും. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരെ യാത്രചെയ്യാൻ അനുവദിക്കുന്ന കാര്യം റെയിൽവെയുടെ സജീവ പരിഗണനയിലാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സീന്യൂസ് റിപ്പോർട്ടു ചെയ്തു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകുന്നത് പരിഗണനയിൽ ഇരിക്കെയാണ് റെയിൽവേയും യാത്രക്കാർക്ക് ഇളവ് നൽകുന്നത് പരിഗണിക്കുന്നത്.
ആരോഗ്യ സേതു ആപ്പിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് റെയിൽവെ അധികൃതരെ കാണിച്ചാൽ മതിയാകും. കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് റെയിൽവെ ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങൾ ഈ നിർദ്ദേശം റെയിൽവെക്ക് മുന്നിൽ വച്ചുവെന്നാണ് ലഭ്യമായ വിവരം. ജൂൺ 15 ഓടെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചില സംസ്ഥാനങ്ങളിലേക്കുള്ള ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടിപിസിആർ പരിശോധനാഫലം വേണമെന്ന വ്യവസ്ഥയിൽനിന്ന് രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ ഒഴിവാക്കുന്നകാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവയുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നിലവിൽ കോവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് മറ്റുചില സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നവരോടാണ് ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യപ്പെടുന്നത്. ആരോഗ്യം സംസ്ഥാന വിഷയം ആയതിനാൽ സംസ്ഥാനങ്ങൾക്ക് ആർടിപിസിആർ പരിശോധനാഫലം ആവശ്യപ്പെടാനുള്ള അധികാരമുണ്ടെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂസ് ഡെസ്ക്