- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
600 രൂപയ്ക്ക് വാങ്ങി 950 രൂപയ്ക്ക് വിൽപ്പന; വാക്സിൻ കിട്ടണമെങ്കിൽ കുറഞ്ഞത് ഒരു ലക്ഷം ഡോസുകൾക്ക് ഓർഡർ ചെയ്യണമെന്ന വ്യവസ്ഥയിൽ കൊള്ള ലാഭമുണ്ടാക്കുന്നത് കോർപ്പറേറ്റ് ആശുപത്രികൾ; വാക്സിൻ നയത്തിലെ 'നേരിട്ടു വാങ്ങൽ' ഗുണകരമാകുന്നത് വൻകിടക്കാർക്ക് മാത്രം
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ വമ്പൻ സ്വകാര്യ ആശുപത്രികൾക്ക് മാത്രം നേട്ടമുണ്ടാക്കാനുള്ള കുതന്ത്രത്തിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തുടനീളം കോവിഡിനെ ചെറുക്കുന്നതിൽ ചെറുകിട-ഇടത്തരം ആശുപത്രികളുടെ പങ്ക് സ്തുത്യർഹമാണ്. കേരളത്തിൽ സജീവ ഇടപെടലുകളാണ് അവർ നടത്തിയത്. സർക്കാർ പറയുന്ന നിരക്കിലാണ് മിക്ക ആശുപത്രികളുടേയും ചികിൽസ. എന്നാൽ ഇവർക്കാർക്കും ഇനി വാക്സിനേഷൻ അവസരം ഉണ്ടാകില്ല. വൻകിടക്കാരെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ.
കോവിഡ് വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ കേന്ദ്ര സർക്കാർ വഴിയായിരുന്നു വാക്സിൻ വിതരണം. 150 രൂപയ്ക്ക് കമ്പനികളിൽ നിന്ന് വാങ്ങി സംസ്ഥാന സർക്കാരിന് സൗജന്യമായി വാക്സിൻ നൽകി. ഈ വാക്സിനുകൾ മിക്കവാറും സ്വകാര്യ ആശുപത്രികൾ വഴിയും വിതരണം ചെയ്തു. വാക്സിൻ വിതരണം വേഗത്തിലാക്കാനായി ഇതിലൂടെ കഴിഞ്ഞു. വാക്സിനേഷനിലെ നയം മാറ്റത്തിൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിർമ്മതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാമെന്നാക്കി കേന്ദ്ര സർക്കാർ. ഇതോടെയാണ് കോർപ്പറേറ്റ് ആശുപത്രികൾക്കായി കൊള്ളയ്ക്കുള്ള അവസരം ഒരുക്കിയത്.
സ്വകാര്യ ആശുപത്രികൾക്ക് കോവീഷീൽഡ് വാക്സിൻ ഡോസിന് 600 രൂപ നിരക്കിൽ കമ്പനികൾ നൽകും. ഇത് 950 രൂപയ്ക്കാണ് ആശുപത്രികൾ കുത്തിവയ്ക്കുന്നത്. കോവിൻ സൈറ്റിലൂടെയാണ് സമയം അനുവദിക്കുന്നത്. അതായത് ഒരു ഡോസ് വാക്സിൻ എടുക്കുമ്പോൾ 350 രൂപ കോവീഷീൽഡിൽ ലാഭം. എന്നാൽ ഇത് വൻകിടക്കാർക്ക് മാത്രമേ സാധ്യമാകൂ. അതായത് ഒരു ലക്ഷം ഡോസിൽ അധികം ഓർഡർ ചെയ്താൽ മാത്രമേ വാക്സിനുകൾ ആശുപത്രികൾക്ക് മരുന്ന് കമ്പനി നൽകൂ. അതായത് കുറഞ്ഞത് ആറു കോടിയുടെ ഓർഡർ കൊടുക്കുന്ന ആശുപത്രിക്ക് മാത്രമേ വാക്സിൻ ലഭിക്കൂ.
ഫലത്തിൽ കോവിഡ് രോഗ പ്രതിരോധത്തിൽ സമഗ്ര ഇടപെടൽ നടത്തിയ ഇടത്തരം ആശുപത്രികൾക്ക് പോലും കിട്ടില്ല. 10000 ഡോസ് മരുന്നിന് ഓർഡർ ചെയ്തവർ പോലും നിരാശരാണ്. വാക്സിൻ അതിവേഗം ചെലവാകും. അതുകൊണ്ട് തന്നെ കോർപ്പറേറ്റുകൾക്ക് കൊള്ള ലാഭമാണ് ഉണ്ടാവുക. അറു കോടി മുടക്കിയാൽ അതിവേഗം മൂന്നര കോടി ലാഭമുണ്ടാകുന്ന കച്ചവടം. ചെറിയ അളവിൽ വാക്സിനുകൾ മറ്റ് സ്വകാര്യ ആശുപത്രികൾക്ക് നൽകിയാൽ അവിടേയും കുത്തി വയ്പ്പ് നടക്കും. അങ്ങനെ വന്നാൽ കോർപ്പറേറ്റ് ആശുപത്രികൾക്ക് മാത്രമായി ലാഭമുണ്ടാക്കാൻ കഴിയില്ല. ഇതാണ് സംഭവിക്കുന്നത്.
തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ മാത്രമാണ് പണം കൊടുത്ത് വാക്സിൻ എടുക്കാൻ ഇന്നലെ വരെ അവസരമുള്ളത്. കാശുള്ളവർക്കെല്ലാം കിംസിനെ മാത്രം തിരുവനന്തപുരത്ത് ആശ്രയിക്കേണ്ട അവസ്ഥ. എന്നാൽ സംസ്ഥാന സർക്കാർ വഴി വാക്സിൻ വിതരണം നടന്നപ്പോൾ തലസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യം ഉണ്ടായിരുന്നു. വാക്സിൻ വാങ്ങണമെന്ന നയം വന്നപ്പോൾ പലരും പതിനായിരം ഡോസിന് വരെ ഓർഡർ നൽകി. എന്നാൽ ഇത് വാക്സിൻ നിർമ്മതാക്കൾ നിരസിക്കുകയായിരുന്നു.
ഇതോടെയാണ് കുത്തക മുതലാളിമാരുടെ ആശുപത്രികളിലേക്ക് മാത്രം വാക്സിനേഷൻ ചുരുങ്ങുന്നത്. അറുന്നൂറ് രൂപയ്ക്ക് കിട്ടുന്ന വാക്സിന് 950 രൂപ ഈടാക്കുന്നതും വിമർശന വിധേയമാണ്. 50 രൂപയുടെ സിറിഞ്ച് മാത്രമാണ് ആശുപത്രിക്ക് ഈ വകയിലെ മറ്റ് ചെലവ്. ഇതാണ് സത്യമെന്നിരിക്കെയാണ് 350 രൂപയോളം സർവ്വീസ് ചാർജ്ജായി ഈടാക്കുന്നത്. സൗജന്യ വാക്സിൻ വിതരണം സർക്കാർ തലത്തിൽ നടക്കുന്നതിനാൽ പാവങ്ങൾക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ വില വിത്യാസത്തിലും മറ്റും വിവാദങ്ങളും പ്രതിഷേധങ്ങളും അതിരുകടക്കില്ല. ഈ സൗകര്യം മുതലെടുത്ത് ആവശ്യക്കാരിൽ നിന്ന് കൊള്ളലാഭം ഉണ്ടാക്കുകയാണ് കോർപ്പറേറ്റുകളായ വൻകിട ആശുപത്രികൾ.
ആദ്യ ഡോസ് എടുത്ത പലർക്കും സർക്കാർ സംവിധാനത്തിലൂടെ രണ്ടാം ഡോസ് കിട്ടാൻ കാലതാമസം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം ഡോസുകാർ പലരും സൗകാര്യ ആശുപത്രികളെയാണ് ഈ ഘട്ടത്തിൽ സമീപിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.