കോഴിക്കോട്: പാർട്ടി ഗ്രാമത്തിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങളാണ് വടകരയിൽ സിപിഎം പ്രവർത്തക നേതാക്കൾ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയപ്പോൾ നേരിടേണ്ടി വന്നത്. സ്വന്തമായി അന്വേഷണ കമ്മീഷനും കോടതിയുമുള്ള സിപിഎമ്മിന്റെ കോർട്ടിലായിരുന്നു ഈ പീഡന കേസും ആദ്യം എത്തിയത്. എന്നാൽ, അവിടെ നടന്നത് നവോത്ഥാന കേരളത്തെ നാണിപ്പിക്കുന്ന വിധത്തിലുള്ള ഒത്തുതീർപ്പു ശ്രമങ്ങൾ. പൊലീസിനെ സമീപിക്കണമെങ്കിൽ പോലും പാർട്ടിയുടെ അനുമതി വാങ്ങേണ്ട ഗതികേട്. അത്രയ്ക്ക് ഭീകരമായിരുന്നു വടകരയിലെ യുവതി അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങൾ.

ഒന്നുമറിയാതെ രാത്രി കിടന്നുറങ്ങുന്ന വേളയിൽ വാതിൽ ചവിട്ടി തുറന്നു കയറി പീഡിപ്പിക്കുക. ഇക്കാര്യം ഭർത്താവിനെയും മറ്റുള്ളവരെയും അറിയിക്കുമെന്ന് പറഞ്ഞ് തുടർച്ചയായി പീഡിപ്പിക്കുക.. ഒപ്പം ഇതേ ഭീഷണിയിൽ നിർത്തി സുഹൃത്തിന് കാഴ്‌ച്ചവെക്കുക തുടങ്ങിയ ക്രൂരതകളാണ് ബാബുരാജ് എന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്തത്. മൂന്ന് മാസത്തോളം നീണ്ട പീഡന വിവരം പാർട്ടി ഒത്തു തീർപ്പാക്കാൻ ശ്രമിച്ചെന്നതും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്.

പാർട്ടി ഇടപെട്ടു സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതോടെയാണു യുവതി പൊലീസിനെ സമീപിച്ചത്. മൂന്നു മാസം മുൻപ് നടന്ന സംഭവത്തിൽ രണ്ടു നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തത് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിനു ശേഷം മാത്രം. സിപിഎം നേതാക്കളെ രക്ഷപെടുത്താൻ അവസാന നിമിഷം വരെയും ശ്രമങ്ങൾ നടന്നുവെന്ന് ഇതിൽ നിന്നു വ്യക്തമാണ് താനും.

പാർട്ടി പ്രവർത്തകയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തിൽ സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജ്, ഡിവൈഎഫ്‌ഐ പതിയാക്കര മേഖലാ സെക്രട്ടറിയും സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ ടി.പി.ലിജീഷ് എന്നിവരെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഉന്നതകങ്ങളിൽ പ്രതികൾക്ക് പിടിയുണ്ടെന്നും അതുകൊണ്ടാണ് അന്വേഷണം വൈകുന്നത് എന്നുമായിരുന്നു തുടക്കത്തിൽ കേസിൽ ഉയർന്ന ആരോപണങ്ങൾ.

മൂന്നു മാസം മുൻപാണ് പീഡനം ആരംഭിച്ചതെന്നു ഭർതൃമതിയായ യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.''ഒരു ദിവസം രാത്രി 11ന് ബ്രാഞ്ച് സെക്രട്ടറി ബാബുരാജ് പരാതിക്കാരിയുടെ വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം ഭർത്താവിനോടും മറ്റും പറയുമെന്നു ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. പിന്നീട് ബാബുരാജിന്റെ സുഹൃത്ത് ലിജീഷ് വീട്ടിലെത്തി, ഈ വിവരങ്ങൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. മൂന്നു മാസത്തോളമായി രണ്ടു പേരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

സിപിഎം അംഗമായ യുവതി ആദ്യം പാർട്ടി നേതൃത്വത്തെയാണ് പരാതി അറിയിച്ചത്. എന്നാൽ രണ്ടു നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ പരാതി ഒത്തുതീർപ്പാക്കാനാണ് പാർട്ടി ശ്രമിച്ചത്. ഈ ഒത്തുതീർപ്പു ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും പീഡനശ്രമം ഉണ്ടായി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുത്തതോടെ രണ്ടു നേതാക്കളെയും സിപിഎം പുറത്താക്കി.

സിപിഎമ്മിനു സ്വന്തമായി കോടതി സംവിധാനമുണ്ടെന്നു പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും പറഞ്ഞത് വനിതാ കമ്മിഷൻ മുൻ അധ്യക്ഷ എം.സി.ജോസഫൈനാണ്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ ഭാരവാഹിയായ യുവതി നൽകിയ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അന്ന് ജോസഫൈന്റെ ഈ പ്രതികരണം. ഈ സംഭവങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് വടകര പീഡന കേസിലും കാര്യങ്ങൾ നടന്നത്.

പാർട്ടി അന്വേഷിക്കട്ടെ എന്നു പരാതിക്കാരി പറഞ്ഞാൽ പിന്നെ വനിതാ കമ്മിഷൻ അന്വേഷിക്കേണ്ട കാര്യമില്ല. തനിക്കൊരു പ്രശ്‌നമുണ്ടായാൽ ആദ്യം പാർട്ടിയെയാണ് സമീപിക്കുക എന്നും ജോസഫൈൻ അന്നു പറഞ്ഞു. ജോസഫൈൻ പറഞ്ഞ പാർട്ടിക്കോടതിയിലാണ് വടകരയിലെ യുവതിയും ആദ്യം പരാതി നൽകിയത്. പക്ഷേ നടപടിയുണ്ടാവാൻ പൊലീസിനെത്തന്നെ സമീപിക്കേണ്ടി വന്നു. പാർട്ടി നടപടിയെടുത്തതും പരാതി പൊലീസിൽ എത്തിയപ്പോഴാണ്.

മൂന്ന് മാസം മുമ്പ് വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച സംഭവത്തിൽ പാർട്ടിയിൽനിന്ന് നീതി ലഭിക്കാതെവന്നപ്പോൾ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. മുഖം രക്ഷിക്കാൻ പുറത്താക്കിയെങ്കിലും ഇത്രയുംകാലം സംരക്ഷിച്ചത് പാർട്ടിയെ തിരിഞ്ഞുകുത്തിയിരുന്നു. യുവതിയുടെ പരാതി ലഭിച്ചപ്പോൾ നീതി ലഭ്യമാക്കാതെ നേതൃത്വം അനുരഞ്ജന ചർച്ചക്ക് ശ്രമിച്ചത് അണികളിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയാണ് പരാതിക്കാരി. പീഡനം നടന്ന വീട്ടിൽ പൊലീസ് തെളിവെടുത്തു. ജില്ല ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം യുവതി കൊയിലാണ്ടി മജിസ്േട്രട്ടിന് മുന്നിൽ മൊഴിനൽകി.