- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ മുല്ലപ്പള്ളി വഴങ്ങി; കല്ലാമലയിൽ ആർ.എംപിക്ക് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറും; കെ പി ജയകുമാർ മത്സരരംഗത്ത് നിന്ന് പിന്മാറിയത് കെപിസിസി ഇടപെട്ടതോടെ; ആർഎംപിയിലെ സി സുഗതൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും; കെ മുരളീധരൻ പ്രചരണ രംഗത്തു നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചതും പിന്മാറ്റത്തിന് കാരണം
വടകര: വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിൽ സ്ഥാനാർത്ഥിയെ ചൊല്ലി യുഡിഎഫിൽ രൂപം കൊണ്ട തർക്കത്തിന് ഒടുവിൽ പരിഹാരമാകുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി. ജയകുമാർ മത്സരരംഗത്ത് നിന്ന് പിന്മാറും. കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടതോടെയാണ് ഇവിടെ മുന്നണിക്കിടയിൽ ഉണ്ടായ തർക്കത്തിന് പരിഹാരമായത്.
ഇതോടെ ആർ.എംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണി സ്ഥാനാർത്ഥി സി. സുഗതൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും. യു.ഡി.എഫ് ധാരണ അനുസരിച്ച് ആർ.എംപിക്ക് നൽകിയ സീറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ യു.ഡി.എഫിന് കല്ലാമലയിൽ രണ്ട് സ്ഥാനാർത്ഥികളായിരുന്നു.
സ്ഥാനാർത്ഥി നിർണയത്തിലെ തർക്കം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വടകര എംപി കെ. മുരളീധരനും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലിലേക്ക് വളർന്നിരുന്നു. യു.ഡി.എഫ് ധാരണക്ക് വിരുദ്ധമായാണ് കെപിസിസി അധ്യക്ഷന്റെ നാട്ടിൽ തന്നെ കോൺഗ്രസ് വിമതൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ഇറങ്ങിയത്. ഇരു സ്ഥാനാർത്ഥികളും പിന്മാറാൻ തയാറാകാത്തത് യു.ഡി.എഫിന് തലവേദനയായി.
വിമതനെ രംഗത്തിറക്കിയതിനെതിരെ മുരളീധരൻ എംപി പരസ്യനിലപാടെടുത്തത് കോൺഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടലിലേക്ക് വളർന്നിരുന്നു. താൻ കല്ലാമലയിൽ പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആർ.എംപി സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടിരുന്നു. ജനകീയ മുന്നണി സ്ഥാനാർത്ഥി സി. സുഗതന് ലീഗിന്റെയും പിന്തുണയുണ്ട്. സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെ പ്രശ്‌നത്തിന് താൽക്കാലിക പരിഹാരമായിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ