കൊച്ചി: കേരളത്തെ നടുക്കി വൈഗ കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വൈഗയുടെ പിതാവായ പ്രതി സനുമോഹൻ അറസ്റ്റിലായി എൺപത്തിരണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 236 പേജുള്ള കുറ്റപത്രത്തിൽ കേസിൽ 97 സാക്ഷികളാണുള്ളത്.അന്വേഷണ സംഘം കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

സുഹൃത്തുക്കളും ബന്ധുക്കളും ഫ്‌ളാറ്റിലെ താമസക്കാരും സാക്ഷിപ്പട്ടികയിലുണ്ട്. കൊച്ചി സിറ്റി പൊലീസ് അന്വേഷിച്ച കേസിന്റെ ചുമതല ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്‌റെയ്ക്കായിരുന്നു. തൃക്കാക്കര എസിപി ആർ. ശ്രീകുമാർ, തൃക്കാക്കര സിഐ കെ. ധനപാലൻ എന്നിവരും കേസ് അന്വേഷണത്തിനു നേതൃത്വം നൽകി.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ കുറ്റങ്ങൾ സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്. പതിമൂന്ന് വയസുള്ള മകൾ ബാധ്യതയാകുമെന്ന് കരുതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

മകളെ കൊലപ്പെടുത്തി രക്ഷപെടാൻ പദ്ധതിയിട്ട സനു കടബാധ്യതകളിൽനിന്ന് ഒളിച്ചോടി പുതിയൊരാളായി ജീവിക്കാൻ ലക്ഷ്യമിട്ടതായാണ് കുറ്റപത്രത്തിലുള്ളത്. മകളെ കൊലപ്പെടുത്തി താനും ആത്മഹത്യ ചെയ്‌തെന്നു വരുത്തി തീർക്കാനായിരുന്നു ശ്രമം. സാഹചര്യ തെളിവുകളാണ് ഇയാൾക്കെതിരെ ഉള്ളത്.

വൈഗയെ കൊലപ്പെടുത്തി താനും ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന സനു മോഹന്റെ മൊഴി വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോവയിൽ ലഹരിയിൽ വിഷം കലർത്തി കഴിക്കാൻ ശ്രമിച്ചെന്നും കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നുമെല്ലാമുള്ള മൊഴി പൊലീസ് അന്വേഷണത്തിൽ ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ.

കഴിഞ്ഞ മാർച്ച് 22നാണ് മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേ ദിവസം സനുമോഹൻ ഭാര്യയ്ക്കും മകൾക്കും ഒപ്പം ആലപ്പുഴയിലെ ബന്ധുവീട്ടിലെത്തി ഭാര്യയെ അവിടെ ആക്കിയശേഷം രാത്രിയിൽ മകളുമായി കങ്ങരപ്പടിയിലെ ഇവർ താമസിക്കുന്ന ഹാർമണി ഫ്‌ളാറ്റിലെത്തിയിരുന്നു. തുടർന്നു ഫ്‌ളാറ്റിൽനിന്നു പുറത്തു പോയ ശേഷം ഇരുവരെയും കാണാതാകുകയുമായിരുന്നു.

ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വൈഗയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണങ്ങളിൽ സനു മോഹൻ മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാകാമെന്ന് തിരിച്ചറിഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ഇയാൾ പിടിയിലാകുകയുമായിരുന്നു.

ആലപ്പുഴയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരിൽ വച്ച് കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകി. ഇതിൽ ലഹരിവസ്തു കലർത്തി കുട്ടിയെ ബോധം കെടുത്താൻ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഇതുകഴിഞ്ഞ് ഫ്‌ളാറ്റിൽ എത്തിയ ശേഷം പെൺകുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടി ദേഹത്തോട് ചേർത്ത് അമർത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കുട്ടി മരിച്ചെന്ന് കരുതി സനുമോഹൻ വൈഗയെ പെരിയാറിൽ എറിയുകയായിരുന്നു. മകൾ വൈഗയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു സനുമോഹന്റെ ശ്രമം.

എന്നാൽ കുട്ടി മരിച്ചിരുന്നില്ലെന്നും വെള്ളം കുടിച്ചാണ് മരിച്ചതെന്നും പൊലീസ് കണ്ടെത്തി.വെള്ളം കുടിച്ചു മരിച്ചുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൊലപാതകം, ലഹരിവസ്തു നൽകൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. തുടക്കം മുതൽ തന്നെ കാണാതായ അച്ഛനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കർണാടകയിൽ നിന്നാണ് സനുമോഹനെ പൊലീസ് പിടികൂടിയത്.

236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ 97 സാക്ഷികളാണുള്ളത്.