- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലി രാജിവയ്ക്കാനെത്തിയ ജീവനക്കാരനെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് മർദ്ദിച്ച സംഭവം യുവമോർച്ച ഇടപെട്ട് ഒത്തു തീർപ്പാക്കി! വീട്ടുകാരെ സമ്മർദ്ദത്തിലാക്കി നേതാവ് ഉറപ്പു കൊടുത്തത് അർഹമായ നഷ്ടപരിഹാരം; രാഷ്ട്രീയ പ്രവർത്തനത്തിന് പുതു മാനം നൽകി ആദിനാട്ടെ സിങ്കം; പരാതി പിൻവലിക്കുമെന്ന് മറുനാടനോട് സ്ഥിരീകരിച്ച് രാജേഷും
കൊല്ലം: ജോലി രാജിവയ്ക്കാനെത്തിയ ജീവനക്കാരനെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് മർദ്ദിച്ച സംഭവം യുവമോർച്ച ഇടപെട്ട് ഒത്തു തീർപ്പാക്കി. ആശുപത്രി അധികൃതരിൽ നിന്നും മർദ്ദനമേറ്റതിന് നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് സംഭവം ഒത്തു തീർപ്പാക്കിയത്. മർദ്ദനമേറ്റ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ കാട്ടിൽക്കടവ് ആദിനാട് മീനത്തേരിൽ രാജേഷി(25)ന്റെ ബന്ധുവായ യുവമോർച്ചാ നേതാവ് സനോജ് ഇടപെട്ടാണ് ഒത്തു തീർപ്പിലേക്കെത്തിച്ചത് എന്ന് മറുനാടന് വിവരം ലഭിച്ചു. രാജേഷ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.
ആശുപത്രിക്കെതിരെ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ രാജേഷിന് നിർദ്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ സ്റ്റേഷനിൽ പോകാനിരിക്കെയാണ് ബന്ധു എത്തി പ്രശ്നം പരിഹരിക്കണമെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടത്. കൂടാതെ വീട്ടുകാരെയും സമ്മർദ്ദത്തിലാക്കിയ ശേഷമാണ് അർഹമായ നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒത്തു തീർപ്പിലേക്ക് പോയത്. ഇന്ന് തന്നെ പരാതി പിൻവലിക്കാനാണ് തീരുമാനം.
അതേസമയം ആശുപത്രിക്കെതിരെയുള്ള പരാതി ഒത്തു തീർപ്പാക്കാൻ യുവമോർച്ചാ നേതാവ് ഇടപെട്ടത് തഴവാ ഘടകത്തിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി മണ്ഡലം പ്രതിനിധികളോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. സ്ഥിരമായി രാത്രി ഡ്യൂട്ടി ചെയ്തു വരികയായിരുന്ന രാജേഷ് ശാരീരിക അസ്വസ്ഥതകൾമൂലം ജോലി രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഉച്ചയോടെ രാജിക്കത്തുമായി ആശുപത്രിയിലെത്തിയപ്പോൾ ഡയറക്ടർ സിനോജ് മുറിയിലേക്ക് വിളിച്ചു വരുത്തുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും രാജേഷിനെ മർദ്ദിക്കുകയുമായിരുന്നു. അതിക്രൂരമായാണ് മർദ്ദിച്ചത് എന്ന് കരുനാഗപ്പള്ളി പൊലീസിന് നൽകിയ പരാതിയിൽ രാജേഷ് പറഞ്ഞിരുന്നു. ആദിനാട് ഉള്ള നേതാവായിരുന്നു ഇടനിലക്കാരൻ.
കഴിഞ്ഞ ഒരു വർഷമായി സ്ഥിരമായി രാത്രി ഡ്യൂട്ടി ചെയ്യുകയാണ് രാജേഷ്. 9,000 രൂപയായിരുന്നു ശമ്പളം. ഇതിനിടയിൽ ജോലി രാജി വച്ചെങ്കിലും പകരം മറ്റൊരാളെ കിട്ടാതിരുന്നതിനാൽ രാജേഷിനെ ശമ്പളം കൂട്ടി നൽകാമെന്ന് പറഞ്ഞ് ജോലിക്കെടുത്തു. ഷിഫ്റ്റ് ഡ്യൂട്ടിയാകും എന്ന് കരുതിയാണ് രാജേഷ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. എന്നാൽ തനിച്ചായിരുന്നു ഡ്യൂട്ടി. ആശുപത്രിയിലേക്ക് രാത്രിയിൽ വരുന്ന ഫോൺകോളുകൾക്ക് മറുപടി പറയണം, രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് കംപ്യൂട്ടറിൽ രേഖപ്പെടുത്തണം തുടങ്ങീ നിന്നു തിരിയാൻ പറ്റാത്തത്ര തിരക്ക്. ഇതോടു കൂടി കഴിഞ്ഞ 29ന് ഡ്യൂട്ടി കഴിഞ്ഞപ്പോൾ 30ന് കൂടി ജോലിക്ക് എത്തുകയുള്ളൂ എന്ന് പറഞ്ഞിരുന്നു. 31 ന് ജോലിക്കെത്തിയിരുന്നില്ല. അന്ന് രാത്രിയിൽ ഡ്യൂട്ടിക്ക് ആളെ കിട്ടാതായതോടെ രാജേഷിനെ വിളിച്ചെങ്കിലും പോയില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടെ രാജിക്കത്തുമായി എത്തിയത്.
മാനേജിങ് ഡയറക്ടറെ കാണാനാണ് നിർദ്ദേശം നൽകിയത്. മാനേജിങ് ഡയറക്ടർ സിനോജിന്റെ മുറിയിൽ കയറിയപ്പോൾ കഴിഞ്ഞ ദിവസം വാരാതിരുന്നതെന്താണ് എന്ന് ചോദിച്ച് കേട്ടാലറക്കുന്ന അസഭ്യം പറയാൻ തുടങ്ങി. ചീത്ത വിളിക്കരുതെന്ന് പറഞ്ഞപ്പോൾ വിളിച്ചാൽ നീ എന്ത് ചെയ്യുമെന്ന് ചോദിച്ച് കഴുത്തിന് പിടിക്കുകയും തല്ലുകയുമായിരുന്നു. പിടിച്ചു തള്ളിയതിന് ശേഷം അപകടത്തിൽപെട്ട് കമ്പി ഇട്ടിരുന്ന കാലിൽ ചവിട്ടുകയും ചെയ്തു. ഈ സമയം അവിടെയുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ പ്രവീൺ രാജേഷിനെ അലമാരയോട് ചേർത്ത് നിർത്തി അതി ക്രൂരമായി ശരീരമാസകലം മർദ്ദിക്കുകയായിരുന്നു.
ജോലി ചെയ്ത ശമ്പളമോ മറ്റാനുകൂല്യമോ തരില്ല എന്നും പറഞ്ഞ് ആശുപത്രിയിൽ നിന്നും പറഞ്ഞ് വിട്ടു. തുടർന്നാണ് രാജേഷ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. വൈദ്യ പരിശോധനയിൽ നടുവിന് ചതവുള്ളതായി എക്സറേയിൽ കണ്ടെത്തി. തുടർന്ന് പ്രാഥമിക ചികിത്സ നൽകി വിശ്രമിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.