ശബരിമല: ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരി വീമ്പിളക്കിയതു പോലുള്ള കാര്യങ്ങൾ അല്ല ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിൽ നടന്നതെന്ന വിവരങ്ങൾ പുറത്തു വരുന്നു. സന്നിധാനത്ത് ഡ്യൂട്ടിക്കിട്ട കോട്ടയം സ്വദേശിയായ പൊലീസുകാരിയുടെ പ്രായം സംബന്ധിച്ച രേഖകൾ താൻ പരിശോധിച്ചുവെന്നായിരുന്നു തില്ലങ്കരി നാടുനീളെ പ്രസംഗിച്ചത്. എന്നാൽ പൊലീസുകാരിയുടെ പ്രായം പരിശോധിച്ചത് തില്ലങ്കരി അല്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ശബരിമല യുവതി പ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാതിരിക്കാനുള്ള സംഘപരിവാർ ശ്രമത്തിന് പൊലീസിലെ വിശ്വാസികളായ ഉദ്യോഗസ്ഥരുടെ രഹസ്യ പിന്തുണ ഉണ്ടായിരുന്നു. ദർശനത്തിന് ശ്രമിക്കുന്ന യുവതികളുടെ വിവരം അതീവ രഹസ്യമായി സംഘപരിവാർ-ബിജെപി നേതാക്കൾക്ക് ചോർത്തി നൽകിയതും ഇവരാണ്. ഇങ്ങനെ പൊലീസിലെ ഒരു വിഭാഗവും ബിജെപി-സംഘപരിവാർ നേതാക്കളും പരസ്പരം സഹകരിച്ചു പോകുമ്പോഴാണ് ചിത്തിര ആട്ട വിശേഷ സമയത്ത് പ്രശ്നങ്ങൾ ഉണ്ടായത്.

അന്ന് സുരക്ഷയൊരുക്കാൻ സന്നിധാനത്തേക്ക് വന്ന പൊലീസുകാരികളിൽ ഒരാളുടെ പ്രായം സംബന്ധിച്ച് സംശയം ഉയർന്നിരുന്നു. ഇക്കാര്യം തങ്ങളോട് സഹകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയാണ് നേതാക്കൾ ചെയ്തത്. ഇതിൻ പ്രകാരം ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ പൊലീസുകാരിയുടെ സർവീസ് ബുക്കിന്റെ രേഖകൾ അടക്കം വരുത്തി പരിശോധിക്കുകയായിരുന്നു. പൊലീസുകാരി 50 വയസ് കഴിഞ്ഞയാളാണെന്ന് മനസിലാക്കിയതോടെ ഈ വിവരം സന്നിധാനത്തുണ്ടായിരുന്ന വൽസൻ തില്ലങ്കരി, കെ സുരേന്ദ്രൻ, വിവി രാജേഷ് എന്നിവർക്ക് കൈമാറി. മറ്റൊരാളുടെ ഫോണിൽ നിന്നാണ് വിവരം കൈമാറിയത്.

മെയിലിൽ വന്ന രേഖകൾ ഇവർക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടെ സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്ത് നിന്ന് വലിഞ്ഞു. പൊലീസ്-സംഘപരിവാർ നേതാക്കൾ തമ്മിലുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് രേഖകൾ ഇവരെ കാണിച്ചത്. ഈ ധാരണയാണ് തില്ലങ്കരി വിളിച്ചു പറഞ്ഞത്. പൊലീസിന്റെ പങ്കാളിത്തം മറച്ചു വച്ച് നടത്തിയ പ്രസ്താവന കാരണം ശരിക്കും പ്രതിക്കൂട്ടിലായത് പൊലീസാണ്. തില്ലങരിയുടെ വിളിച്ചു പറച്ചിൽ സർക്കാരിനും പൊലീസിനും മാനക്കേടുണ്ടാക്കി. മുഖ്യമന്ത്രിയും അതൃപ്തി അറിയിച്ചു.

ഇതോടെ സംഘപരിവാർ നേതാക്കളുമായുള്ള ബന്ധവും പൊലീസ് വിഛേദിച്ചു. പിന്നീടാണ് ബിജെപി സംഘപരിവാർ നേതാക്കൾക്ക് എതിരേയുള്ള പൊലീസ് നടപടി ശക്തമാക്കിയത്.