വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരിയെ പ്രതി അർജുനെ (22) കുടുക്കി ശാസ്ത്രീയ തെളിവും. ആരും കണ്ടിട്ടില്ലാത്ത കുറ്റകൃത്യത്തിൽ പ്രതിയെ പൂട്ടാൻ പോന്ന നിർണ്ണായക തെളിവാണ് പൊലീസിന് കിട്ടിയത്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഇതോടെ അതിവേഗം കുറ്റപത്രം നൽകാനാണ് പൊലീസ് തീരുമാനം.

കുറ്റകൃത്യത്തെ സമർത്ഥമായി ഒളിപ്പിക്കാൻ അർജുന് കഴിഞ്ഞിരുന്നു. ഡിവൈഎഫ് ഐക്കാരനായ അർജുൻ മരണാനന്തര ചടങ്ങുകൾക്ക് സഹായി ആയി കൂടി. ആർക്കും സംശയം തോന്നിയില്ല. എന്നാൽ കുട്ടിയുടെ വേർപാട് താങ്ങാനായില്ലെന്ന വണ്ണം നടത്തിയ പൊട്ടിക്കരച്ചിലുകൾ സംശയമായി. അങ്ങനെ പൊലീസ് ചോദ്യം ചെയ്തു. ആദ്യം കളവു പറഞ്ഞെന്ന് വ്യക്തമായതോടെ അർജുനിലേക്ക് അന്വേഷണം എത്തി. പിന്നീട് കുറ്റസമ്മതവും.

കൊലപാതകം നടന്ന 30ന് ഉച്ചയ്ക്ക് അർജുനൊപ്പം പെൺകുട്ടിയെ കണ്ടെന്ന അർജുന്റെ അടുത്ത ബന്ധു പൊലീസിനു നൽകിയ മൊഴിയാണു വഴിത്തിരിവായത്. 2 ദിവസമായി കുട്ടിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു അർജുൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ 30ന് തങ്ങൾക്കു ചക്ക മുറിച്ചു തന്നത് അർജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നുമാണ് ബന്ധു പറഞ്ഞത്. ഇതോടെ കള്ളം പറഞ്ഞുവെന്ന് വ്യക്തമായി.

കുട്ടിയെ അർജുൻ മൂന്നു വർഷമായി ഉപദ്രവിച്ചിരുന്നു. മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്ത് മിഠായിയും മറ്റും നൽകിയായിരുന്നു പീഡനം. ലയത്തിൽ കുട്ടിയുടെ അടുത്ത മുറിയിലെ താമസക്കാരനായ ഇയാൾ ഈ ബന്ധവും മുതലെടുത്തതായി പൊലീസ് പറഞ്ഞു. 30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി അർജുൻ ലയത്തിലെ മുറിയിൽ കയറി.

ഈ സമയം കുട്ടിയുടെ സഹോദരനുൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരറിയാതെയാണ് അകത്തു കടന്നത്. ഉപദ്രവിക്കുന്നതിനിടെ പെൺകുഞ്ഞ് ബോധരഹിതയായി. മരിച്ചെന്നു കരുതി മുറിയിലെ കയറിൽ കുട്ടിയെ കെട്ടിത്തൂക്കി. ഇതിനിടെ കുട്ടി കണ്ണു തുറന്നു. മരണം ഉറപ്പാക്കി മുൻവശത്തെ കതകടച്ച ശേഷം ജനാല വഴി ചാടി കടന്നുകളഞ്ഞതായും അർജുന്റെ മൊഴിയിലുണ്ട്.

ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്‌മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ വണ്ടിപ്പെരിയാറിലെ കുറിയർ കമ്പനി ജീവനക്കാരനായിരുന്നു.