- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരട്ടാറിലും ആദിപമ്പയിലും കരാർ കൊടുത്തത് പ്രളയാവശിഷ്ടങ്ങൾ നീക്കാൻ; കരാറുകാരൻ ചെയ്തത് മണൽ അരിച്ചെടുക്കുക മാത്രം; കരാർ കാലാവധി തീരാൻ മൂന്നാഴ്ച ശേഷിക്കേ ഒരു ശതമാനം പോലും പ്രവൃത്തി തീർന്നില്ല; വമ്പൻ അഴിമതിക്ക് മന്ത്രി തലത്തിൽ ഒത്താശയോ?
പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയോട് ചേർന്നുള്ള വരട്ടാൻ പുനരുജ്ജീവ പദ്ധതിയിൽ വമ്പൻ അഴിമതി. പണിയുടെ കരാറുകാരൻ നീക്കിയത് ശുദ്ധമണൽ മാത്രം. ഇതിനായി ഡ്രഡ്ജിങ് നടത്തി മണൽ കഴുകി വൃത്തിയാക്കി കൊണ്ടു പോയി. അവശിഷ്ടങ്ങൾ ഇവിടെ തന്നെ ഉപേക്ഷിച്ചു. അടുത്ത മാസം 20 ന് കരാർ കാലാവധി അവസാനിക്കാനിരിക്കേ പ്രവൃത്തിയുടെ പുരോഗതി 0.53 ശതമാനം മാത്രമാണെന്ന് കാട്ടി കൊല്ലം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കരാറുകാരന് കത്തയച്ചു. വമ്പൻ അഴിമതിക്ക് മന്ത്രി തലത്തിൽ വരെ ഒത്താശയുണ്ടെന്ന സംശയം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
ഇടനാട് വഞ്ഞിപ്പോട്ടി കടവിലാണ് ആദി പമ്പ-വരട്ടാർ പുനരുജ്ജീവനത്തിന്റെ ഭാഗമായി പുഴയിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണും ചെളിയും ഏക്കലും ഉൾപ്പെടെയുള്ള പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. ഇതിനായി നൽകിയ കരാർ പ്രാബല്യത്തിൽ വന്നത് കഴിഞ്ഞ വർഷം സെപ്റ്റംബർ 22 നാണ്. നാലുമാസമായിരുന്നു കരാർ കാലാവധി. ഇതനുസരിച്ച് മണ്ണു നീക്കം പൂർത്തിയാകാത്തതിനാൽ മെയ് 20 വരെ കാലാവധി നീട്ടി നൽകി.
എന്നാൽ നീക്കം ചെയ്യുന്നവയിൽ നിന്ന് നിലവിൽ മണൽ മാത്രം വേർതിരിച്ചെടുക്കുന്ന പ്രവൃത്തിയാണ് സജീവമായി നടക്കുന്നത്. കരാർ പ്രകാരം 6422273.2 എം ക്യൂബ് മണ്ണാണ് നീക്കം ചെയ്യേണ്ടത്. ഇതു വരെ 3436.36 എം ക്യൂബ് മാത്രമാണ് നീക്കിയിരിക്കുന്നത്. കരാർ പ്രകാരമുള്ള പുരോഗതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ നിസാരമായ അളവ് മാത്രമാണെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കത്തിൽ പറയുന്നു. മഴക്കാലത്തിന് മുൻപ് പണികൾ പൂർത്തിയാക്കണമെന്ന് കർശന നിർദേശവും എൻജിനീയർ നൽകുന്നുണ്ട്.
വരട്ടാറിലെ മണൽ നീക്കം ആദ്യം മുതൽ തന്നെ സംശയ നിഴലിലായിരുന്നു. മന്ത്രി തലത്തിലും ഭരണപക്ഷത്തെ പ്രമുഖരുടെ നേതൃത്വത്തിലും അഴിമതിക്ക് നീക്കം നടക്കുന്നതായി പ്രദേശവാസികളും പരിസ്ഥിതി വാദികളും ആരോപിച്ചിരുന്നു. ആദ്യ ഘട്ടങ്ങളിൽ പ്രദേശത്തേക്ക് നാട്ടുകാരെ പോലും അടുപ്പിച്ചില്ല. അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്ത് തീരം നിലനിർത്തി ഖനനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും വഞ്ഞിപ്പോട്ടിൽ കടവിൽ മണൽ ഖനനമാണ് നടത്തുന്നതെന്ന് ആദ്യമേ ആക്ഷേപമുയർന്നു. വെള്ളത്തിൽ നിന്ന് മണൽ ഡ്രജ് ചെയ്ത് അരിച്ചു കൂട്ടി വേർതിരിച്ചു കഴുകിയെടുക്കാൻ വിവിധയിനം അരിപ്പകളും തീരത്തോട് ചേർന്ന് ചെറിയ കുളങ്ങളും നിർമ്മിച്ചിരുന്നു.
വലിയ അളവിൽ മണൽ കടത്തിയെന്നും പരാതി ഉയർന്നിരുന്നു. എന്നാൽ പാസോടു കൂടി മാത്രമാണ് മണൽ നീക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികൃതർ പറഞ്ഞിരുന്നത്.
ചെങ്ങന്നൂർ നഗരസഭയുടെ സ്റ്റോപ്പ് മെമോ മറികടന്നാണ് ഖനനം നടത്തുന്നത്. യാതൊരു പരിസ്ഥിതി പഠനവുമില്ലാതെ നടക്കുന്ന മണൽ ഖനനം മൂലം അടുത്ത കാലവർഷത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അതിഭീകരമായിരിക്കുമെന്ന് ചെങ്ങന്നൂർ നഗരസഭ ഉപാധ്യക്ഷൻ ഗോപു പുത്തന്മഠത്തിൽ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്