പത്തനംതിട്ട: പ്രണയം നടിച്ച് യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്ത് പോൺ സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രവാസി യുവാവിനെതിരേ കോന്നി പൊലീസ് പരാതി കിട്ടി ഒരു വർഷത്തിന് ശേഷം കേസെടുത്തു. കോന്നി ഐരവൺ സ്വദേശി വരുൺ വിജയൻ നായർ (36)ക്കെതിരേയാണ് കേസെടുത്തത്.

യുവതിയുടെ കൂടെ പഠിച്ചയാളുടെ ബന്ധു ആണെന്ന് പറഞ്ഞാണ് ഫേസ്‌ബുക്കിലൂടെ ചങ്ങാത്തം സ്ഥാപിച്ചത്. താൻ വിവാഹിതനാണെന്ന വിവരം യുവതിയെ ധരിപ്പിച്ചിരുന്നു. എന്നാൽ, ഭാര്യയുമായി ബന്ധം വേർപെടുത്തി ഫ്രാൻസിൽ ജീവിക്കുകയാണ് എന്നാണ് പറഞ്ഞിരുന്നത്. വരുണുമായുള്ള സൗഹൃദത്തെ കുറിച്ച് യുവതി സ്വന്തം വീട്ടിൽ അറിയിച്ചു. അയാൾക്ക് തന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞു. തുടർന്നാണ് കാര്യങ്ങളുടെ ഗതി മാറുന്നത്.

ഒരിക്കൽ വിവാഹിതൻ ആയ ആളുമായുള്ള വിവാഹത്തിന് യുവതിയുടെ വീട്ടുകാർ ഒരുക്കമല്ലായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വരുണിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് അയാൾ പറഞ്ഞത് മുഴുവൻ നുണ ആയിരുന്നുവെന്ന് യുവതിക്ക് മനസിലായത്. തന്നോട് പറഞ്ഞതു പോലെ അയാൾ വിവാഹബന്ധം വേർപെടുത്തിയിരുന്നില്ലെന്നും മനസിലായി. വരുൺ തന്നെ ചതിക്കുക ആയിരുന്നു എന്ന് മനസിലായപ്പോൾ അയാളിൽ നിന്ന് യുവതി അകലാൻ ശ്രമിച്ചു.

എന്നാൽ വരുൺ നവമാധ്യമങ്ങളിലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ഈ ബന്ധത്തിൽ തുടരാൻ നിർബന്ധിക്കുകയും ചെയ്തു. യുവതി ആ ബന്ധത്തിൽ നിന്ന് പിന്മാറുകയും വേറെ വിവാഹം കഴിക്കുകയും ചെയ്തു. യുവതിയുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ പ്രതി വരുൺ ഭീഷണിപ്പെടുത്തുന്നത് തുടർന്നു കൊണ്ടേയിരുന്നു, യുവതി തന്റെ വരുതിയിൽ ഇനി നിൽക്കില്ല എന്ന് മനസിലാക്കിയ വരുൺ യുവതിയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന രീതിയിലുള്ള എഡിറ്റ് ചെയ്ത വീഡിയോയും ഫോട്ടോകളും ഫേസ്‌ബുക്കിലും പോൺ സൈറ്റുകളിലും അപ്ലോഡ് ചെയ്തു.

ഇതിന്റെ ലിങ്കുകൾ യുവതിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതു ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പക്ഷെ ഈ വിവരം ഭർത്താവിനെ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ യുവതി ഡിജിപിക്ക് പരാതി നൽകി. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് കഴിഞ്ഞ മെയ് മാസത്തിലാണ്. സാങ്കേതിക കാരണങ്ങളാലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുവാൻ ഒരു വർഷം താമസിച്ചത് എന്നണ് പൊലീസ് പറയുന്നത്.

പരാതിക്കാരി പട്ടിക ജാതിക്കാരി ആയതിനാൽ പ്രതിക്ക് രക്ഷപെടാൻ പഴുതൊരുക്കാൻ വേണ്ടിയാണ് പൊലീസ് കേസെടുക്കാൻ താമസിച്ചത് എന്നാണ് ആരോപണം. പ്രതി ഇപ്പോഴും വിദേശത്താണ്.