റാന്നി: വയലത്തലയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ ശിശുമന്ദിരത്തിൽ കുട്ടികളുടെ ഒളിച്ചോട്ടം തുടർക്കഥ. ആറോളം കുട്ടികളെ നോക്കാൻ ഒമ്പതിൽപ്പരം ജീവനക്കാരുള്ളപ്പോഴാണ് ഒളിച്ചോട്ടം. ജീവനക്കാരുടെയും അധികൃതരുടെ അനാസ്ഥ കാരണം കുട്ടികളുടെ ഒളിച്ചോട്ടം പതിവാകുമ്പോൾ നെട്ടോട്ടമോടുന്നത് പൊലീസാണ്. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരേ നടപടി എടുക്കുന്നതിന് രാഷ്ട്രീയ ബന്ധങ്ങളും തടസമാകുന്നു.

കഴിഞ്ഞ ബുധനാഴ്ച ഒരേ പേരുള്ള മൂന്നു കുട്ടികളാണ് ഇവിടെ നിന്ന് ഒളിച്ചോടിയത്. ഇവരെ പാർപ്പിച്ചിരുന്ന മുറിയുടെ ജനലഴി മുറിച്ചു മാറ്റിയാണ് കുട്ടികൾ സ്ഥലം വിട്ടത്. 17 വയസ് വീതമുള്ള രണ്ടു പേരും ഒരു പതിന്നാലുകാരനുമാണ് ഒളിച്ചോടിയത്. രണ്ടു പേർ പിറ്റേന്ന് അടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ഇവരിൽ ഒരാളുടെ വീട്ടിലെത്തി. ചാടിപ്പോന്നതാണെന്ന് മനസിലാക്കി പിടികൂടാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ കുട്ടികൾ ആക്രമണം അഴിച്ചു വിട്ടു. നാട്ടുകാരെ ഇവർ കല്ലെറിഞ്ഞു.

ഒരാളുടെ തലയ്ക്കും മറ്റൊരാളുടെ പല്ലിനും പരുക്കേറ്റു. പൊലീസിന്റെ പിടിയിലായ ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരിക്കുന്നു. ചാടിപ്പോകുന്ന പ്രവണതയുള്ള ഈ കുട്ടികളെ കർശന ബന്തവസിൽ പാർപ്പിക്കണമെന്ന് ചിൽഡ്രൻസ് ഹോം അധികൃതർക്ക് മജിസ്ട്രേറ്റ് കർശന നിർദ്ദേശവും നൽകി. ഈ കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റണമെന്ന നിർദ്ദേശവും കോടതി തള്ളി. തിരികെ ശിശുമന്ദിരത്തിൽ എത്തിച്ച ഇരുവരെയും വീണ്ടും പഴയ, അഴി മുറിച്ച മുറിക്കുള്ളിൽ തന്നെയാണ് പാർപ്പിച്ചത്. ഇതിലൂടെയാണ് ഇന്നലെ വീണ്ടുമൊരാൾ ചാടിപ്പോയത്. ഇതോടെ കാണാതായ കുട്ടികളുടെ എണ്ണം രണ്ടായി. കെയർ ടേക്കർമാർ അടക്കം ആറോളം കുട്ടികൾക്ക് ഒമ്പതോളം ജീവനക്കാർ ഇവിടെയുണ്ട്. ഇതിൽ മൂന്നു പേർ കഴിഞ്ഞ ദിവസം അവധിയായിരുന്നു.

ശേഷിച്ച ആറു പേരുടെ സാന്നിധ്യത്തിലാണ് കുട്ടികൾ ചാടിപ്പോയിരിക്കുന്നത്. കുട്ടികളെ പരിപാലിക്കുന്നതിൽ കർശനമാണ് വീഴ്ചയാണ് സ്ഥാപനത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത് എന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ കാര്യത്തിൽ ആർക്കും ഒരു ഉത്തരവാദിത്തവുമില്ല. ഒളിച്ചോട്ടം പതിവായിട്ടും ജീവനക്കാർക്കെതിരേ നടപടി ഇല്ലാത്തത് അവരുടെ ഉദാസീനത വർധിക്കാൻ കാരണമാകുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇതേ കുട്ടികൾ ഇവിടെ നിന്ന് ചാടിപ്പോയിരുന്നു. എപ്പോൾ വേണമെങ്കിലും ഒളിച്ചോടുന്ന ഇത്തരം കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ ജീവനക്കാരോ അധികൃതരോ ശ്രമിക്കുന്നുമില്ല എന്നുള്ളതാണ് സത്യം.

വയലത്തല ചിൽഡ്രസ് ഹോം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. കുട്ടികളുടെ ക്ഷേമപ്രവർത്തനത്തിന് ലക്ഷങ്ങളുടെ ഫണ്ടാണ് വരുന്നത്. ഇതൊക്കെയുണ്ടായിട്ടും കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കാതെ നടക്കുകയാണ് ജീവനക്കാർ. ഇവർക്കെതിരേ നടപടിയുണ്ടാകാത്തതിന് കാരണം സർക്കാരിലുള്ള പിടിപാടാണെന്നും പറയുന്നു.