- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുഖ്യമന്ത്രി തന്നെ ചാൻസലറാകാനുള്ള നിയമം ഓർഡിനൻസായി കൊണ്ടുവരൂ; ഞാൻ ഒപ്പിട്ട് നൽകാം; പൊട്ടിത്തെറിച്ച് ഗവർണ്ണർ; സർവ്വകലാശാലയിൽ അനുനയത്തിന് തയ്യാറാവാതെ ആരിഫ് മുഹമ്മദ് ഖാൻ; കണ്ണൂർ വിസി നിയമനത്തിൽ നീതി ബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും അസ്വസ്ഥനെന്നും ഗവർണ്ണർ; ഇത്തരത്തിലൊരു കത്ത് രാജ്യ ചരിത്രത്തിൽ ആദ്യം
തിരുവനന്തപുരം: പിണറായി സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലകളുടെ ചാൻസലർ പദവി ഗവർണ്ണർ ഒഴിയുമെന്നാണ് സൂചന. കണ്ണൂർ സർവകലാശാലാ വി സി. നിയമനത്തിൽ തന്റെ നീതിബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും എന്നാൽ, അതിനുശേഷം താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കുമ്പോൾ അത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. താൻ നിലവിലുള്ള വി സി.ക്ക് പുനർനിയമനം നൽകിയത് വിവാദം ഒഴിവാക്കാനായിരുന്നു-കത്തിൽ പറയുന്നു.
രാജ്യചരിത്രത്തിലാദ്യമായാവണം ഇത്രയും കടുത്ത ഭാഷയിൽ ഒരു ഗവർണർ മുഖ്യമന്ത്രിക്കു കത്തെഴുതുന്നത്. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളിൽ സഹികെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഏറ്റെടുക്കുന്നതാവും നല്ലതെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി ഓർഡിനൻസ് കൊണ്ടുവന്നാൽ ഉടൻ ഒപ്പിടാമെന്നും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സർവകലാശാലകളെ രാഷ്ട്രീയ ഇടപെടലുകളുടെ കൂത്തരങ്ങാക്കി മാറ്റിയ സിപിഎമ്മിനും സർക്കാരിനും കടുത്ത പ്രഹരംതന്നെയാണ് ഈ കത്ത്.
നിരന്തര രാഷ്ട്രീയ സമ്മർദങ്ങളിൽനിന്നും സ്വയംഭരണാവകാശം നഷ്ടപ്പെടുന്നതിൽനിന്നും സർവകലാശാലകളെ സംരക്ഷിക്കുക തനിക്ക് അസാധ്യമായി വരുകയാണെന്നും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഗവർണർ പറഞ്ഞു. സർക്കാർ ഇടപെടലുകൾ അക്കമിട്ട് നിരത്തിയ കത്തിൽ ഗവർണർ ഇങ്ങനെ കുറിച്ചു: 'മുഖ്യമന്ത്രി തന്നെ ചാൻസലറാകാനുള്ള നിയമം ഓർഡിനൻസായി കൊണ്ടുവരൂ, ഞാൻ ഒപ്പിട്ട് നൽകാം. ചാൻസലറുടെ അധികാരം ഗവർണറിൽനിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റുന്നതിന്റെ നിയമപരമായ രേഖകൾ തയ്യാറാക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്താവുന്നതാണ്. അഡ്വക്കേറ്റ് ജനറലിന് അതിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.'-ഗവർണ്ണർ പറയുന്നു
അനുനയത്തിന് വഴങ്ങാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് കടുപ്പിക്കുകയും ചെയ്യുന്നു. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടെങ്കിലും നിലപാടിൽ മാറ്റമില്ല. അതിനിടെ സർവകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തി. സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അതേസമയം സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങളിൽ അതൃപ്തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.
കത്തിലെ വിമർശനങ്ങൾ ചുവടെ
കണ്ണൂർ സർവ്വകലാശാലയിൽ പുനർനിയമനമെന്നാൽ നിലവിലുള്ളയാൾക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താൻ താൻ ആവത് ശ്രമിച്ചു. തന്നോട് സംസാരിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച നിയമോപദേഷ്ടാവിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദ്ദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നല്ല പുനർനിയമനത്തിന്റെ അർഥം. എന്നാൽ, അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) അഭിപ്രായമനുസരിച്ചാണ് പുനർനിയമനം ആവശ്യപ്പെടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
എ.ജി.യുടേതെന്നു പറഞ്ഞ് തന്ന നിയമോപദേശത്തിൽ ആരുടെയും ഒപ്പില്ലായിരുന്നു. എ.ജി.യുടെ അഭിപ്രായമെങ്കിൽ ഒപ്പിട്ട് തരണമെന്ന് താൻ നിർദ്ദേശിച്ചു. അന്ന് വൈകീട്ടുതന്നെ അദ്ദേഹം എ.ജി.യുടെ ഒപ്പും സീലും വെച്ചുതന്നു. നിലവിലുള്ള വി സി.ക്ക് ഇതേരീതിയിൽ പുനർനിയമനം നൽകുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലായിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നും ഗവർണ്ണർ വിശദീകരിക്കുന്നു.
സംസ്കൃത സർവകലാശാലാ വി സി. നിയമനത്തിന് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ അധ്യക്ഷനായ വി സി. നിർണയ സമിതി ഒരു പേരാണ് നിർദ്ദേശിച്ചത്. മൂന്നുപേരുള്ള പാനലാണ് സമർപ്പിക്കേണ്ടതെന്ന യുജിസി. നിർദ്ദേശത്തിന്റെ ലംഘനമാണിത്. സംസ്ഥാന നിയമത്തെക്കാളും ആധികാരികത യുജിസി. മാർഗനിർദ്ദേശങ്ങൾക്കാണെന്ന എ.ജി.യുടെ ഉപദേശവും ഇവിടെ ശ്രദ്ധിക്കേണ്ടതാണെന്ന് ഗവർണ്ണർ പറയുന്നു.
സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് സർക്കാരിലേക്കാക്കി നിയമഭേദഗതി കൊണ്ടുവന്നു. ഹൈക്കോടതിയുമായി ആലോചിച്ച് നിയമനം നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ജുഡീഷ്യൽ അഥോറിറ്റിയുമായി ബന്ധപ്പെട്ട കാര്യം എങ്ങനെ ഹൈക്കോടതിയുമായി ആലോചിക്കാതെ ചെയ്യും. ഈ ഭേദഗതി നിയമമായാൽ ചാൻസലറോടോ ഹൈക്കോടതിയോടോ ആലോചിക്കാതെ ട്രിബ്യൂണലുകളെ നിയമിക്കാൻ സർക്കാരിന് സർവാധികാരം കിട്ടും.
സർവകലാശാലാ അധികാര സ്ഥാനങ്ങളിലെല്ലാം രാഷ്ട്രീയ അടിസ്ഥാനത്തിൽ നിയമിതരായവരാണ്. അക്കാദമിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ആ രംഗത്തിന് പുറത്തുനിന്നുള്ളവരാണ്. ചാൻസലറായ തന്റെ പേരിൽ ഒരു വി സി. കേസിനുപോകുന്ന സ്ഥിതിവരെ അച്ചടക്കലംഘനം വളർന്നു. സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ആറുമാസം പിന്മാറിയില്ല. പെരുമാറ്റലംഘനത്തിന് അദ്ദേഹത്തിനെതിരേ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല? അദ്ദേഹം അവകാശപ്പെടുന്നതുപോലെ രാഷ്ട്രീയബന്ധങ്ങൾ മൂലമാണോ?-ഗവർണ്ണർ ചോദിക്കുന്നു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഒരുവർഷം കഴിഞ്ഞാണ് അദ്ധ്യാപക നിയമനത്തിന് അനുമതിനൽകിയത്. നിയമന നടപടികൾക്ക് മൂന്നുമാസം വേണ്ടിവരും. അപ്പോഴേക്കും ഇതുസംബന്ധിച്ച് യുജിസി.ക്ക് വിവരം നൽകേണ്ട സമയം കഴിയും. ചുരുക്കത്തിൽ രണ്ടാം വർഷവും അവിടെ അക്കാദമിക കോഴ്സുകൾ നടത്താൻ കഴിയാതെ വരും. ഈ സർവകലാശാലയിലെ വി സി.ക്ക് ശന്പളം നൽകുന്നില്ലെന്നതുതന്നെ ഇക്കാര്യത്തിൽ സർക്കാരിനുള്ള താത്പര്യക്കുറവിന് ഉദാഹരണമാണ്-ഗവർണ്ണർ കുറ്റപ്പെടുത്തുന്നു.
കണ്ണൂർ, സംസ്കൃതം സർവകലാശാലകളിൽ രാഷ്ട്രീയ താത്പര്യത്തിനായി പരസ്പരവിരുദ്ധമായ നയമാണ് സർക്കാർ സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറയുന്നു. വി സി. നിർണയസമിതി നിലനിൽക്കെ അത് പിരിച്ചുവിട്ട് നിലവിലുള്ള വി സി.ക്ക് നിയമനം നൽകാനാണ് സർക്കാർ സമ്മർദം ചെലുത്തിയത്. സർവകലാശാലാ നിയമത്തിൽ പറഞ്ഞിട്ടുള്ള പ്രായപരിധി കഴിയുമെന്ന കാര്യം താൻ ചൂണ്ടിക്കാണിച്ചെങ്കിലും പുനർനിയമനത്തിന് വയസ്സ് ബാധകമല്ലെന്ന നിയമോപദേശമാണ് സർക്കാർ നൽകിയത്. നിയമത്തെക്കാൾ ആധികാരികത യുജിസി. നിർദ്ദേശത്തിനാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമാണ് സർക്കാർ ഹാജരാക്കിയത്.
സംസ്കൃത സർവകലാശാലാ വി സി. നിയമനത്തിലാകട്ടെ യുജിസി. മാർഗനിർദ്ദേശത്തിനല്ല, നിയമത്തിനാണ് ആധികാരികതയെന്ന മറുവാദമാണ് സർക്കാർ ഉന്നയിക്കുന്നത്. വി സി. നിർണയസമിതിക്ക് രണ്ടുമാസത്തിനുള്ളിൽ പേര് നിർദ്ദേശിക്കാനായില്ലെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന ആളിനെ വി സി.യായി നിയമിക്കണമെന്ന നിയമത്തിലെ വ്യവസ്ഥയാണ് ഇവിടെ സർക്കാർ മുന്നോട്ടുവെക്കുന്നത്. എന്നാൽ വി സി. നിയമനത്തിനായി സമിതി മൂന്നംഗ പാനൽ ചാൻസലർക്ക് നൽകണമെന്നാണ് യുജിസി. വ്യവസ്ഥ-ഗവർണ്ണർ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ