തിരുവനന്തപുരം: കമ്മീഷൻ ഭരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. എല്ലാം നിശ്ചയിക്കുന്നത് 'ഡിആർ ഫാൻസ്' എന്ന് വിളിപ്പേരുള്ള വിഭാഗവും. ഇവരൊന്ന് വിചാരിച്ചാൽ അതെല്ലാം നടക്കും. ഹോസ്പിറ്റൽ ഡെവലപ്പുമെന്റ് സൊസൈറ്റിയുടെ പേരിലെ തട്ടിപ്പുകൾ മറുനാടൻ വാർത്ത നൽകിയിരുന്നു. ഒരു വീട്ടിലെ നാലു പേരും ജോലി ചെയ്യുന്ന സ്ഥാപനം. എല്ലാം തട്ടിപ്പ്. ഇതിനൊപ്പമാണ് ഖജനാവ് കൊള്ളയുടെ പുതിയ റിപ്പോർട്ടുകൾ. അടിമുടി ദുരൂഹമാണ് എല്ലാം. പക്ഷേ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഒന്നും തിരുത്തുന്നില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ച്ച് ഡി എസിലൂടെ ജോലിക്ക് കയറിയ രണ്ട് പ്യൂണുമാരുണ്ട്. ഇവരാണ് എച്ച് ഡി എസിലെ താക്കോൽ സ്ഥാനക്കാരനെ നിയന്ത്രിക്കുന്നത്. ഈ പ്യൂണുമാരിൽ ഒരാളുടെ ഭാര്യയും മകളും മകനും മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. ഭാര്യ കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലാണ് ജോലി. മകൾ തിയേറ്ററിൽ നേഴ്സാണ്. മകൻ ഓക്സിജൻ പ്ലാന്റിലും. മറ്റൊരു പ്യൂണിന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇതിനൊപ്പം ഇയാളുടെ കുടുംബത്തിലെ ഏഴു പേരാണ് മെഡിക്കൽ കോളേജിലെ വിവിധ ഇടങ്ങളിൽ ജോലിക്കുള്ളത്. അറുപത് വയസ്സുവരെ ഇവർക്ക് ജോലി ചെയ്യാം. അതുകൊണ്ട് തന്നെ സ്ഥിര ജോലിക്ക് സമാനമാണ് കാര്യങ്ങൾ. മറുനാടന്റെ ഈ റിപ്പോർട്ട് വൈറലായി. ഒന്വേഷിച്ചാൽ പോലും മന്ത്രിക്ക് സത്യം കണ്ടെത്താം. പക്ഷേ തയ്യാറുമല്ല. തിരുത്തലുമില്ല. ഇതാണ് മെഡിക്കൽ കോളേജിലെ പുതിയ തട്ടിപ്പിലേക്ക് കാര്യങ്ങളെത്തിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റേഡിയോളജി വിഭാഗത്തിൽ പ്രവർത്തിപ്പിച്ച് വരുന്ന എംആർഐ സ്‌ക്യനിങ്ങ് യന്ത്രം 12 വർഷങ്ങൾക്ക് സ്ഥാപിച്ചിട്ടുള്ളതാണ്. ഇത് യാഥാസമയം വാർഷിക മെയിന്റനൻ നടത്തുന്നതിൽ ബന്ധപ്പെട്ട അധികാരികൾ ഗുരുതരവീഴ്ച വരുത്തി. ഏകദേശം ഒരു മാസം മുമ്പ് യന്ത്രം പ്രവത്തിക്കുന്നില്ല എന്ന് ഒരു വാർത്ത മാധ്യമങ്ങൾക്ക് നൽകിയ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ തന്നെയാണ് കാലഹരണപ്പെട്ട നിലവിലെ യന്ത്രം അപ്‌ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി ടെക്‌നിക്കൽ കമ്മിറ്റിയുടെ ശുപാർശയോടുകൂടി ഡിഎംഇക്ക് കത്ത് നൽകിയെന്നതാണ് വസ്തുത. കാലപ്പഴക്കം ചെന്ന നിലവിലെ മിഷ്യൻ 6 കോടിയിലധികം രൂപ ചെലവിൽ അപ്‌ഗ്രേഡ് ചെയ്യുന്നത് ഒരു പാഴ്ചെലവാണെന്നത് ആർക്കും അറിയാം. എന്നിട്ടും മിഷ്യൻ അപ്‌ഗ്രേഡ് ചെയ്യുന്നതിന് 6 കോടിയിലധികം രൂപ സെക്രട്ടറിയേറ്റിൽ നിന്ന് അനുവദിച്ചു. അതായത് അറരക്കോടിക്ക് വാങ്ങിയ മിഷ്യൻ നന്നാക്കാൻ ആറു കോടി.

നിലവിലെ 1.5 ടെസ്റ്റ് നടത്തുന്ന മിഷ്യൻ പുതിയതിന് മാർക്കറ്റിൽ 7.50 കോടി രൂപയാണ് നിലവിൽ ഉള്ളത്. ഇതിനെക്കാൽ നല്ലതായിട്ടുള്ളതും അത്യാധുനികവും ആയിട്ടുള്ള 3. ടെസ്റ്റ് നടത്തുന്ന മിഷ്യന് 9 കോടി രൂപ്പ മാത്രമാണ് മാർക്കറ്റ് വില നിജസ്ഥിതി എല്ലാവർക്കും അറിയാം. പക്ഷേ ആരോഗ്യമന്ത്രി മൗനത്തിലാണ്. ഇതിന് പിന്നിൽ 'ഡിആർ ഫാൻസിന്റെ' ഇടെപലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംആർഐ സ്‌കാനിങ്ങ് യന്ത്രം 2009 ലാണ് സ്ഥാപിച്ചത്. കാലപ്പഴക്കവും പ്രവർത്തനക്ഷമതയേയും ഗുരുതരമായി ബാധിച്ചതോടെ സോഫ്റ്റ് വെയർ ഉൾപ്പടെ യന്ത്രം നവീകരിക്കാനാണ് തീരുമാനം. ഇതിനായി ആറു കോടി പത്ത് ലക്ഷം രൂപ അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.

എന്നാൽ യന്ത്രം നവീകരിക്കാൻ യഥാർത്ഥത്തിൽ ഇത്ര ഭീമമായ തുക വരില്ലെന്നാണ് വിവരം. സമാനമായ കമ്പനിയുടെ എംഐർഐ സ്‌കാനിങ്ങ് യന്ത്രം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങിയപ്പോൾ 7 കോടി 58 ലക്ഷം രൂപയാണ് ചെലവായത്. 1 കോടി 48 ലക്ഷം രൂപ അധികമായി മുടക്കിയാൽ ആധുനികമായ പുതിയ യന്ത്രം വാങ്ങാനാവും. ഈ സാഹചര്യത്തിലാണ് പന്ത്രണ്ട് വർഷത്തെ പഴക്കമുള്ള യന്ത്രം 6 കോടി രൂപയ്ക്ക് നവീകരിക്കുന്നത്.ഇതിന് പിന്നിൽ കമ്മീഷൻ താൽപര്യമാണെന്നാണ് പ്രധാന ആരോപണം. അതേസമയം നവീകരണത്തിന് തുക നിശ്ചയിച്ചത് കമ്പനിയെന്നാണ് അധികൃർ നൽകുന്ന വിശദീകരണം.സാങ്കേതിക സമിതിയുടേയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേയും അനുമതിയോടെയാണ് തീരുമാനമെന്നും അധികൃതർ കൂട്ടിച്ചേർത്തു. എന്നാൽ സാങ്കേതിക സമിതിയുടെ തീരുമാനത്തിന് പിന്നിലും അട്ടിമറിക്കഥയുണ്ട്.

സാങ്കേതിക സമിതി നൽകിയത് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം

സാങ്കേതിക സമിതിയിൽ ഡോക്ടർമാരും മെഡിക്കൽ കോളേജിലെ വിദഗ്ധരും അടക്കം അംഗങ്ങലാണ്. അവരോട് മെഡിക്കൽ കോളേജ് അധികാരികൾ ചോദിക്കുന്ന ഉത്തരത്തിനാണ് മറുപടി നൽകുന്നത്. എംആർഐ സ്‌കാൻ നവീകരണത്തിന് വേണ്ട ശുപാർശ നൽകാനായിരുന്നു അവരോട് ആവശ്യപ്പെട്ടത്. ഈ ചോദ്യത്തിനുള്ള ഉത്തരവുമാണ് അവർ നൽകിയത്. യന്ത്രം പ്രവർത്തിക്കുന്നില്ലെന്നും അതിന് പകരം എന്തു സംവിധാനമാണ് ഒരുക്കേണ്ടതെന്നും ചോദിച്ചിരുന്നുവെങ്കിൽ ഉത്തരം മറ്റൊന്നാകുമായിരുന്നു. സാങ്കേതിക സമിതിക്ക് ചോദ്യം തയ്യാറാക്കിയതിൽ ഉൾപ്പെടെ അട്ടിമറി നടന്നുവെന്നാണ് വസ്തുത.

നവീകരണത്തിന്റെ കാര്യകാരണങ്ങൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സാങ്കേതിക സമിതി അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിച്ചു. പ്രസ്തു യോഗത്തിൽ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തതായും ആരോപണമുണ്ട്. ഇക്കാര്യമെല്ലാം ലോകായുക്തയ്ക്ക് മുമ്പിൽ എത്തിക്കാനാണ് കോൺഗ്രസ് നേതാവായ ജി എസ് ശ്രീകുമാറിന്റെ തീരുമാനം. ഈ ഇടപാടിലെ തട്ടിപ്പുകൾ തെളിവു സഹിതം മന്ത്രിയുടെ ശ്രദ്ധയിൽ ശ്രീകുമാർ പെടുത്തുകയും ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കരുത്തിന് മുന്നിൽ മന്ത്രിക്കും ഇടപെടലുകൾക്ക് കഴിയുന്നില്ല. സ്‌കാനിങ് മിഷീൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനേയും ശ്രീകുമാർ നേരത്തെ സമീപിച്ചിരുന്നു.

ഇതിന് ശേഷമാണ് സ്‌കാനിങ് മിഷൻ തകരാറിലാണെന്ന വാർത്ത വരുന്നതും നവീകരണ നീക്കങ്ങൾ തകൃതിയായി നടക്കുന്നതും. നിയമനങ്ങൾ ഉൾപ്പെടെ വമ്പൻ അഴിമതികളാണ് മെഡിക്കൽ കോളേജിൽ നടക്കുന്നതെന്ന ആരോപണത്തിനിടെയാണ് സ്‌കാനിംഗിലെ കൊള്ളയും പുറത്തു വരുന്നത്. ഗവർമെന്റിന് നഷ്ടം വരുന്ന തെറ്റായ തീരുമാനങ്ങൾ എടുത്ത ടെക്കിനിക്കൽ കമ്മിറ്റിയുടെയും റേഡിയോളജി ഡിപ്പാർട്ട്‌മെന്റ് അധികാരികളുടെ നടപടിയെ കുറിച്ചും അന്വേഷണം നടത്തി കുറ്റാക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ശ്രീകുമാറിന്റെ ആവശ്യം.

എല്ലാം നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസ്'

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ. സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദന വീഡിയോ വൈറലായതിന് ശേഷം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നിയമന മാഫിയ പോലും മെഡിക്കൽ കോളേജിൽ സജീവമാണെന്ന് അറിയുന്നത്.

ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മറവിലാണ് എല്ലാ തട്ടിപ്പും. എച്ച് ഡി എസ് എന്ന ഓമനപ്പേരിൽ അറിയുന്ന ഈ കമ്പനിയുടെ നിയന്ത്രണം എല്ലാ കാലത്തും ഭരണപക്ഷത്തിനാകും. ഈ രാഷ്ട്രീയ കരുത്തിലാണ് ഡി ആർ ഫാൻസും വളരുന്നത്. എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയാൽ അറുപത് വയസ്സുവരെ ആശുപത്രിയിൽ ജോലി നോക്കാം. പെൻഷൻ ഉണ്ടാകില്ല. മറ്റ് ആനുകൂല്യങ്ങൾ കിട്ടുകയും ചെയ്യും. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമനങ്ങളിൽ അട്ടിമറി നടക്കുന്നത്. സ്വാധീനമുള്ളവരുടെ അതിവിശ്വസ്തർ ഇവിടെ സ്ഥിര ജോലിക്കാരാകുന്നു.

പത്തു കൊല്ലമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എച്ച് ഡി സി വഴി കൃത്യമായി യോഗ്യതയുള്ളവരെ നിയമിക്കുന്നില്ലെന്നാണ് ആക്ഷേപം. വിവധ പദ്ധതികളിൽ ആദ്യം പരിചയക്കാരെ താൽകാലികക്കാരായി തിരുകി കയറ്റും. അതിന് ശേഷം കുറച്ചു കാലം കഴിയുമ്പോൾ കളക്ടറേറ്റിനെ സ്വാധീനിച്ച് എച്ച് ഡി സിയിലൂടെ ഇവരെ ആശുപത്രി ജീവനക്കാരായി ഉയർത്തുന്നതാണ് തന്ത്രം. മുകളിൽ പറഞ്ഞ പ്യൂണുമാരുടെ കുടുംബാംഗങ്ങളെല്ലാം ഇത്തരത്തിൽ ആശുപത്രിയിൽ ജോലിക്ക് കയറിയവരാണ്.

ഇതോടെ നേഴ്സിംഗും ലാബ് ടെക്നീഷ്യൻ കോഴ്സും അടക്കം പഠിച്ച് ജോലിക്കായി കാത്തു നിൽക്കുന്ന സാധാരണക്കാരുടെ വാതിലും അടയുകയാണ്. എവിടെ ഒഴിവെത്തിയാലും അടിയന്തരമായി എന്ന് പറഞ്ഞ് എച്ച് ഡി സിയിലൂടെ നിയമനം നടത്തും. പി എസ് സിക്ക് വേക്കൻസി റിപ്പോർട്ട് ചെയ്യാൻ വൈകിച്ചാണ് ഇത്. ഈ പോസ്റ്റിലേക്ക് എച്ച് ഡി സിക്കാരെത്തിയാൽ പിന്നെ അവിടെ ഒഴിവ് നികത്തപ്പെട്ടതു പോലെ കണക്കാക്കും. അത് പി എസ് എസിക്ക് എത്തുകയുമില്ല. ഇതിലൂടെ ജോലി അർഹിക്കുന്നവർക്ക് തൊഴിൽ നഷ്ടവും സംഭവിക്കും. നേരത്തെ വിമുക്ത ഭടന്മാരെയാണ് സെക്യൂരിറ്റിക്കാരായി നിയോഗിച്ചിരുന്നത്. പിന്നീട് ഇത് ഏജൻസിക്ക് കൈമാറി. ഇതിന് പിന്നാലെ സെക്യൂരിറ്റിക്കാരായി എത്തുന്നതും ഡി ആർ ഫാൻസാണ്.