അടൂർ: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യമന്ത്രി വീണാ ജോർജുമുള്ള വാക്പോര് കടുക്കുമ്പോൾ മന്ത്രിയുടെ ചില പരാമർശങ്ങൾ സത്യമാണെന്ന വസ്തുത പുറത്തു വരുന്നു. അടൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ജീവനക്കാരൻ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ നടപടി എടുക്കാൻ വൈകിയ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പു തല നടപടി വരുന്നത് തടയാൻ ചിറ്റയം ശ്രമിച്ചുവെന്നായിരുന്നു വീണയുടെ ഒരു ആരോപണം. ഈ സംഭവത്തിന്റെ പേരിൽ ജീവനക്കാർക്കെതിരേ ആരോഗ്യ വകുപ്പ് നടപടിയെടുക്കുക തന്നെ ചെയ്തിരുന്നു.

നഗരസഭാ ഭരണം സിപിഐയുടെ ചെയർമാൻ ഡി. സജിയുടെ കൈയിലായതിനാലും ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഇടപെടുന്നതിനാലും അടൂർ ജനറൽ ആശുപത്രിയിലെ നിരവധി അഴിമതിക്കഥകൾ പുറത്തേക്ക് വരുന്നില്ല എന്നുള്ളതാണ് സത്യം. ആശുപത്രി വികസന സമിതിയെപ്പോലും നോക്കുകുത്തിയാക്കിയാണ് നഗരസഭാ ചെയർമാന്റെ ഇടപെടൽ എന്നാണ് ആരോപണം. സാമ്പത്തിക ക്രമക്കേടുകൾ നിരവധി ഇവിടെ നടക്കുന്നുവെന്നാണ് ആരോപണം.

അത്തരത്തിലൊരു ക്രമക്കേട് ഇപ്പോൾ മറനീക്കുകയാണ്. ജനറൽ ആശുപത്രിയിലെ ലഘുഭക്ഷണശാല ലേലം ചെയ്തതിലും പിന്നീട് ഇതിന്റെ പ്രവർത്തനത്തിലുമാണ് വമ്പൻ അഴിമതി നടക്കുന്നത്. ചായയും ചെറുകടികളും മാത്രം വിൽക്കുന്ന സ്ഥലമാണ് ആശുപത്രിയിലെ ലഘുഭക്ഷണ ശാല. ഇവിടെ മറ്റൊരു ഭക്ഷണവും നൽകാൻ പാടില്ലെന്നാണ് നിബന്ധന.

ഇതനുസരിച്ച് ലഘുഭക്ഷണശാല നടത്തിപ്പിന് നഗരസഭ ടെണ്ടർ ക്ഷണിച്ചിരുന്നു. ഇതൊരു കാന്റീനും ജനറൽ സ്റ്റോറുമാക്കി പ്രവർത്തിപ്പിക്കാമെന്ന ധാരണയിൽ ടെണ്ടർ നൽകാനെത്തിയവരോട് ചെയർമാൻ നിബന്ധനകൾ മുന്നോട്ടു വച്ചുവത്രേ. ഇതിൻ പ്രകാരം ലഘുഭക്ഷണ വിതരണമല്ലാതെ മറ്റൊന്നും ഇവിടെ നടത്താൻ പാടില്ല. അതിനുള്ള സ്ഥലം മാത്രമേ ഇവിടെയുള്ളൂ.

പ്രതിമാസം 40,000 രൂപ വാടകയ്ക്കാണ് ലഘുഭക്ഷണ ശാല കരാർ നൽകിയത്. ഇത്രയും വലിയ തുക നൽകി എങ്ങനെ ലഘുഭക്ഷണശാല പ്രവർത്തിപ്പിച്ച് മുതലാക്കുമെന്ന് ചിന്തിച്ച് തലപുണ്ണാക്കിയവരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്. ലഘുഭക്ഷണശാല ഒരു മൂലയിലേക്ക് ഒതുങ്ങി. ജനറൽ സ്റ്റോറായി ഈ സ്ഥലം മാറ്റിയത്രേ. ബഡ്ഷീറ്റ്,ബക്കറ്റ്, കുട്ടികളുടെ ഉടുപ്പ് അടക്കമുള്ള തുണിത്തരങ്ങൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ ഇവിടെ വിൽക്കാനും തുടങ്ങി. ഇത്രയും വിപുലമായി പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ വാടക നൽകി തങ്ങൾ മുറി എടുക്കുമായിരുന്നുവെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.

കുറഞ്ഞ വാടകയ്ക്ക് ലക്ഷങ്ങളുടെ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ആശുപത്രിയിലെയും നഗരസഭയിലെയും ഉന്നതർ ഇതിന്റെ കമ്മിഷൻ കൈപ്പറ്റുന്നുവെന്ന് സമീപത്തുള്ള വ്യാപാരികൾ ആരോപിക്കുന്നു. നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർമാൻ സിപിഎം കൗൺസിലർ ആയ റോണി പാണംതുണ്ടിലാണ്. ആശുപത്രി വികസന സമിതിയും ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റിയും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.

പക്ഷേ, ഈ കൂട്ടുകച്ചവടം സംബന്ധിച്ച് അവരുടെ മൗനവും ദുരൂഹമാണെന്ന് വ്യാപാരികൾ പറയുന്നു. അധികൃതർ കമ്മിഷൻ വാങ്ങിച്ചു കൊണ്ടുള്ള ഈ പരിപാടി അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.