- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിസി ജോർജിന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ല; പരാതി നൽകിയ മൻസൂർ നേരത്തേയും സമാന കേസുകളിൽ പരാതി നൽകിയിട്ടുള്ള ആൾ; ഇത് പൊതുസമൂഹത്തിൽ നിന്ന് എനിക്കുള്ള അംഗീകാരമായി കാണുന്നു; പിസി ജോർജ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി വീണാ ജോർജ്
പത്തനംതിട്ട: പിസി ജോർജിന്റെ പരാമർശവും അതിനെതിരായി നൽകിയ പരാതിയും സംബന്ധിച്ച വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്കെതിരായി പിസി ജോർജ് നടത്തിയ പരാമർശങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ഇതിനെതിരേ കേസ് നൽകിയ അഡ്വ. മൻസൂർ ആദ്യമായല്ല ഇങ്ങനെ ഒരു വിഷയത്തിൽ പ്രതികരിക്കുന്നത്. ഓൺലൈൻ ക്ലാസിലൂടെ പ്രശസ്തയായ സ്‌കൂൾ ടീച്ചർക്കെതിരായ പരാമർശത്തിലും സമാനമായി സ്ത്രീകളെ അപമാനിച്ച കേസുകളിലും മുൻപും മൻസൂർ പരാതി നൽകിയിട്ടുണ്ട്. മൻസൂറിന്റെ പരാതി പൊതു സമൂഹത്തിൽ നിന്ന് എനിക്കുള്ള അംഗീകാരമായി കാണുന്നുവെന്നും വീണ പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് ഡോക്ടർമാരെ സ്ഥലം മാറ്റിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് വിശദീകരിക്കാൻ പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് വീണ ഇക്കാര്യം വ്യക്തമാക്കിയത്. വീണാ ജോർജിന്റെ് സഹോദരി വിദ്യാ കുര്യാക്കോസിനൊപ്പം പ്രാക്ടീസ് ചെയ്യുന്നയാളാണ് അഡ്വ. മൻസൂർ എന്നുള്ള വാർത്ത മറുനാടൻ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
പത്തനംതിട്ട നറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളജിന്റെ ഭാഗമാക്കി അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോയില്ലെങ്കിൽ ഇനി ഒരു മൂന്നുവർഷം കൂടി കഴിഞ്ഞേ വിദ്യാർത്ഥി പ്രവേശനം സാധ്യമാകുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. കോന്നി മെഡിക്കൽ കോളജിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തുന്ന നാഷണൽ മെഡിക്കൽ കമ്മിഷനു മുമ്പിൽ മൂന്നു വർഷമായി പ്രവർത്തിച്ചുവരുന്ന 300 കിടക്കകളുള്ള ഒരു ആശുപത്രി കാട്ടിക്കൊടുക്കണം. എല്ലാ സംവിധാനങ്ങളുള്ളതും ആകാശദൂരം 10 കിലോമീറ്ററിനുള്ളിൽ വരുന്നതുമായ ആശുപത്രിയാകണം ഇത്. 2015ൽ പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളജിന്റെ ഭാഗമാക്കി അന്നത്തെ യു.ഡിഎഫ് സർക്കാർ ഉത്തരവിറക്കിയത് ഇതു കൊണ്ടാണ്. സംസ്ഥാനത്തു സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളജുകൾ അനുവദിച്ച സ്ഥലങ്ങളിലെല്ലാം ഇത്തരത്തിൽ ജില്ല, ജനറൽ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സംവിധാനങ്ങളൊരുക്കിയത്.
ജനറൽ ആശുപത്രി മെഡിക്കൽ കോളജിന്റെ ഭാഗമാകുന്നതോടെ ഡോക്ടർമാർ ആരും തന്നെ കോന്നിയിലേക്കു പോകേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കി. അത്തരത്തിലുള്ള പ്രചാരണം ദുരുപദിഷ്ടമണ്. ഇക്കാര്യത്തിൽ കെ.ജി.എം.ഓ.എയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാർ ആരോഗ്യവകുപ്പിൽ തന്നെ തുടരും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലേക്ക് ഇവർ മാറേണ്ടതില്ലെന്നും തസ്തികമാറ്റം സാങ്കേതികം മാത്രമെന്നും മന്ത്രി വിശദീകരിച്ചു. മെഡിക്കൽ കോളജിന്റെ ഭാഗമാകുന്നതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അവിടെനിന്നുള്ള ഡോക്ടർമാരുടെ സേവനവും അടിയന്തരഘട്ടങ്ങളിൽ ലഭ്യമാകും. ആരോഗ്യരംഗത്ത് ശക്തമായ അടിത്തറ പാകാൻ എൽ.ഡി.എഫ് സർക്കാരിനായിട്ടുണ്ട്.
ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് ഉൾപ്പെടെ ഒട്ടെറെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനായി എന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് 2015ലെ സാഹചര്യമല്ല നിലവിലുള്ളത്. 2013ൽ എല്ലാ ജില്ലയിലും മെഡിക്കൽ കോളജെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് കോന്നിയിൽ ആരംഭിക്കാൻ തീരുമാനിച്ചത്. 2015ൽ അഖിലേന്ത്യ മെഡിക്കൽ കൗൺസിലിനു നൽകിയ അപേക്ഷയേ തുടർന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രി മെഡിക്കൽ കോളജിന്റെ ഭാഗമാക്കി തീരുമാനം ഉണ്ടായത്. ഈ ഉത്തരവ് നിലനിൽക്കുന്നതാണെന്ന് ആവർത്തിച്ച മന്ത്രി ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികളെന്ന് വിശദീകരിച്ചു.
2015ൽ ഈ നടപടിയെ എൽ.ഡി.എഫ് എതിർത്തിരുന്നല്ലോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അപ്പോഴത്തെ സാഹചര്യമില്ല ഇന്നുള്ളതെന്നു മന്ത്രി വിശദീകരിച്ചു. മെഡിക്കൽ കോളജിന്റേതായ സൗകര്യങ്ങൾ ഒന്നുമില്ലാതെ ജനറൽ ആശുപത്രി പേരുമാറ്റുന്നതിനെയാണ് എതിർത്തത്. ഇന്നിപ്പോൾ മെഡിക്കൽ കോളജിന്റെ ആദ്യഘട്ടം പൂർത്തിയായി. 60 ഒപികൾ പ്രവർത്തിക്കുന്നുണ്ട്. ഐ.പി. വിഭാഗവും ആരംഭിച്ചു. അടുത്തുതന്നെ അത്യാഹിത വിഭാഗം ഉൾപ്പെടെ സജ്ജമാകും. 200 കിടക്കകൾ സജ്ജമാണ്. 394 തസ്തികകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 218 പേർ ഇപ്പോൾതന്നെ അവിടെ ജോലി ചെയ്യുന്നുണ്ട്.
പരിസ്ഥിതി അനുമതി അടക്കമുള്ള എല്ലാ വിഷയങ്ങളും പരിഹരിച്ചിട്ടുണ്ട്. ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ നടപടികളും പൂർത്തീകരിച്ചു. സാങ്കേതികമായ നടപടികളുടെ ഭാഗമായി ഇന്നിപ്പോൾ ജനറൽ ആശുപത്രിയിലെ 300 കിടക്കകൾ കൂടി മെഡിക്കൽ കോളജ് ഐപി വിഭാഗത്തിന്റെ ഭാഗമാണെന്നു കാണിക്കുകയാണ് വേണ്ടത്. എൻഎംസി പരിശോധനാവേളയിൽ 500 കിടക്കകളുടെ സൗകര്യം കാട്ടിക്കൊടുക്കാനാകും. ഇതിലൂടെ 100 കുട്ടികൾക്ക് അടുത്ത വർഷം എംബിബിഎസിനു പ്രവേശനം ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്