മലപ്പുറം: നാടൻ തോക്ക് നിർമ്മിച്ച് വൻതോതിൽ വിതരണം ചെയ്യുകയും ആയിരക്കണക്കിന് വാഹനങ്ങൾ മോഷ്ടിച്ച് വിറ്റും പൊളിച്ച് വിൽപ്പന നടത്തുകയുംചെയ്ത കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീം 12 കിലോ കഞ്ചാവുമായി മലപ്പുറം പരപ്പനങ്ങാടിയിൽ പിടിയിൽ. കുപ്രസിദ്ധ വാഹന മോഷ്ടാവായ റഹീമിനെ പരപ്പനങ്ങാടി എക്സൈസ് സംഘം തേഞ്ഞിപ്പലം, പെരുവള്ളൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യത്യസ്ഥ പരിശോധനയിലാണ് പിടികൂടിയത്.

അന്തർ സംസ്ഥാന വാഹന മോഷ്ടാവും കേരളത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പെരുവള്ളൂർ കൂമണ്ണ ഒളകര സ്വദേശി പാറക്കാട്ട് എറാട്ട് വീട്ടിൽ അബ്ദുറഹീം എന്ന വീരപ്പൻ റഹീമി (54) നെ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖും സംഘവും ചേർന്നാണ് പിടികൂടിയത്. മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് മൊത്ത വിതരണം നടത്തുന്നത് വീരപ്പൻ റഹീമും കൂട്ടാളികളുമാണെന്ന മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യവിവരത്തിന്മേൽ കഴിഞ്ഞ ഒരു മാസക്കാലമായി ഇന്റലിജൻസ് ബ്യൂറോയും പരപ്പനങ്ങാടി എക്സൈസും നടത്തിയ രഹസ്യ നീക്കത്തിലാണ് വീരപ്പൻ റഹീമിനെ 12 കിലോയോളം കഞ്ചാവുമായി ദേശീയപാത പടിക്കലിൽ വെച്ച് എക്സൈസ് വലയിലാക്കിയത്.

മുമ്പ് നാടൻ തോക്ക് നിർമ്മിച്ച് വൻതോതിൽ വിതരണം ചെയ്തതിന് റഹീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ആയതിന് ശേഷമാണ് റഹീമിന് വീരപ്പൻ റഹീമെന്ന് പേരു കിട്ടിയത്. ആയിരക്കണക്കിന് വാഹനങ്ങൾ മോഷ്ടിച്ച് വിറ്റും പൊളിച്ച് വിൽക്കുകയും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ നൂതന സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കാൻ എളുപ്പല്ലാത്തതിനാലാണ് കഞ്ചാവ് വിൽപനയിലേക്കിറങ്ങിയതെന്നും തന്റെ പഴയ കാല ബന്ധങ്ങൾ കഞ്ചാവ് വിൽപനക്കായി ഉപയോഗിക്കാറുണ്ടെന്നും റഹീം എക്സൈസിനോട് പറഞ്ഞു. അബ്ദുറഹീം കഞ്ചാവ് കടത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും എക്സൈസ് പിടിച്ചെടുത്തു.

ആന്ധ്രപ്രദേശിൽ നിന്ന് തനിക്ക് നേരിട്ട് കഞ്ചാവെത്താറുണ്ടെന്നും നിരവധി യുവാക്കൾ തന്റെ കീഴിൽ ചില്ലറ കഞ്ചാവ് വിൽപന രംഗത്തുണ്ടെന്നും അബ്ദുറഹീം എക്സൈസിന് മൊഴി നൽകി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ മൂന്ന് ലക്ഷം വില വരുമെന്നും ചില്ലറ വിൽപന രംഗത്തുള്ള റഹീമിന്റെ കൂട്ടാളികളെ തിരിച്ചറിഞ്ഞതായും വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും എക്സൈസ് അറിയിച്ചു.

കഴിഞ്ഞ ദിവസം മൂന്നിയൂർ പാണക്കാട് വെച്ച് കൈമാറുകയായിരുന്ന 2.08 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ തേഞ്ഞിപ്പലം ഷിൻസ് ( 26 ) മുന്നിയൂർ വെളിമുക്ക് ദേശത്ത് ബാവുട്ടി എന്ന നൗഷാദ് ( 33 ) എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പടിക്കിലിൽ വച്ച് വീരപ്പൻ റഹീം പിടിയിലായത് . പരപ്പനങ്ങാടി എക്സൈസ്‌കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർക്ക് പുറമെ മലപ്പുറം ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ടി. ഷിജുമോൻ, റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ, പ്രദീപ് കുമാർ, മുരളീധരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, സാഗഷ്, നിതിൻ, വിനീഷ്, സുഭാഷ്, വനിതാ ഓഫീസർമാരായ സിന്ധു, ലിഷ, ഐശ്വര്യ എക്സൈസ് ഡ്രൈവർ വിനോദ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.