- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻഭരണസമിതി ഉത്ഘാടനം ചെയ്ത ആരോഗ്യ സബ് സെന്റർ പുതിയ ഭരണസമിതി പണി പൂർത്തിയാക്കി വീണ്ടും ഉത്ഘാടനം നടത്തി; ശിലാഫലകത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായ മുൻ പ്രസിഡന്റിന്റെ പേരില്ല; ഉദ്ഘാടനച്ചടങ്ങിന് ക്ഷണവുമില്ല; ശിലാഫലകം അടിച്ചുതകർത്ത് ജില്ലാ പഞ്ചായത്ത് അംഗം
തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്തിൽ ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത കിടങ്ങുമ്മൽ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചുതകർത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വെള്ളനാട് ശശിയാണ് ചുറ്റിക ഉപയോഗിച്ച് ശിലാഫലകം തകർത്തത്. കോൺഗ്രസ് പ്രതിനിധിയാണ് ഇദ്ദേഹം.
കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി സബ് സെന്റർ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതും ശിലാഫലകത്തിൽ പേരില്ലാത്തതും ശശിയെ ചൊടിപ്പിച്ചിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു വെള്ളനാട് ശശി. ആ കാലത്താണ് ആരോഗ്യ സബ് സെന്ററിന്റെ നിർമ്മാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോൾ നിർമ്മാണം മുക്കാൽ ഭാഗം പൂർത്തിയാക്കി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെ അടൂർ പ്രകാശ് എം. പി സബ് സെന്റർ ഉദ്ഘാടനം ചെയ്തതായുള്ള ശിലാഫലകം സമീപത്ത് സ്ഥാപിക്കുകയും ചെയ്തു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം നിർമ്മാണം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തുകയായിരുന്നു. . നേരത്തേ സ്ഥാപിച്ച ശിലാഫലകം തറക്കല്ലിടൽ ചടങ്ങിന്റേതാക്കി മാറ്റി.
പുതിയ ശിലാഫലകത്തിൽ ജില്ലാപ്പഞ്ചായത്തംഗത്തിന്റെ പേരു ചേർക്കുകയോ പരിപാടിക്കു ക്ഷണിക്കുകയോ ചെയ്തില്ല. വളരെ ലളിതമായി നടത്തിയ ചടങ്ങായതിനാലാണ് ജില്ലാപ്പഞ്ചായത്തംഗത്തെ ക്ഷണിക്കാഞ്ഞതെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. എന്നാൽ ജില്ലാ പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചാൽ ലളിതമായ ചടങ്ങ് ആർഭാടമാകുമോ എന്ന് കോൺഗ്രസ് ചോദിക്കുന്നു.
ബുധനാഴ്ച ഉച്ചയോടെ സബ് സെന്ററിലെത്തിയ വെള്ളനാട് ശശി ശിലാഫലകം അടിച്ചുതകർക്കുകയായിരുന്നു. കേന്ദ്ര സർക്കാർ പദ്ധതിയായ ശ്യാമപ്രസാദ് മുഖർജി അർബൻ മിഷൻ വഴി ലഭിച്ച 50 ലക്ഷം രൂപ കൊണ്ടാണ് സബ് സെന്റർ കെട്ടിടം വെള്ളനാട് ഗ്രാമപഞ്ചായത്ത് പണി പൂർത്തിയാക്കിയത്. താൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ഉദ്ഘാടനം ചെയ്ത ആരോഗ്യ ഉപകേന്ദ്രം വീണ്ടും ഉദ്ഘാടനം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് വെള്ളനാട് ശശി പറയുന്നത്. ശശിക്കെതിരെ പഞ്ചായത്ത് അധികൃതർ ആര്യനാട് പൊലീസിൽ പരാതി നൽകി.
മറുനാടന് മലയാളി ബ്യൂറോ