- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല ഗ്രൂപ്പുകളായി കിടന്ന സിപിഎമ്മിനെ ഒരുമിപ്പിച്ചു; ലോകചരിത്രത്തിൽ ആർക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പറ്റുമോ? സർദാർ വല്ലഭായി പട്ടേലിനെ പോലെ ഉരുക്കുമനുഷ്യനാണ് പിണറായി; മുഖ്യമന്ത്രിയെ പ്രശംസിച്ച് വെള്ളാപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പല ഗ്രൂപ്പുകളായി കിടന്ന സിപിഐഎമ്മിനെ ഒത്തൊരുമിപ്പിച്ച് ഇന്നത്തെ പാർട്ടിയാക്കിയത് പിണറായി വിജയനാണെന്നും സർദാർ വല്ലഭായി പട്ടേലിനെ പോലെ ഉരുക്കുമനുഷ്യനാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുതിയൊരു രാഷ്ട്രീയ തലമുറയെ വളർത്തി കൊണ്ടുവരുകയാണ് സിപിഎം. മന്ത്രിമാർ അടക്കമുള്ള പ്രമുഖരെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തി കൊണ്ടുള്ള തീരുമാനമെടുക്കാൻ സിപിഐഎമ്മിന് അല്ലാതെ ലോകത്ത് വേറെ ആർക്ക് സാധിക്കുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
വെള്ളാപ്പള്ളിയുടെ വാക്കുകൾ ഇങ്ങനെ: ''ശക്തനും കരുത്തനുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പല ഗ്രൂപ്പുകളായി കിടന്ന സിപിഐഎമ്മിനെ ഒത്തൊരുമിപ്പിച്ച് ഇന്നത്തെ പാർട്ടിയാക്കിയത് പിണറായി വിജയനാണ്. സർദാർ വല്ലഭായി പട്ടേലിനെ പോലെ ഉരുക്കുമനുഷ്യനാണ് പിണറായി. അദ്ദേഹത്തിന്റെ ഓരോ ചുവടും നോക്കി നോക്ക്. ശക്തമായ തീരുമാനങ്ങളാണ്.''
''ഇത്തവണത്തെ തെരഞ്ഞെടുപ്പ് നോക്ക്. ഇരിക്കുന്ന മന്ത്രിമാരെ എല്ലാം മത്സരരംഗത്ത് നിന്ന് മാറ്റിയില്ലേ. ലോകചരിത്രത്തിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് ഇങ്ങനെ തീരുമാനമെടുക്കാൻ പറ്റുമോ. തീരുമാനം അടുത്ത തലമുറയിലെ രാഷ്ട്രീയപ്രവർത്തകർക്കൊരു പ്രതീക്ഷയാണ്. പുതിയൊരു രാഷ്ട്രീയ തലമുറയെ വളർത്തി കൊണ്ടുവരുകയാണ്. അവർക്ക് നാളെ മന്ത്രിയാവാം എന്ന അവസരമാണ് ഒരുക്കി കൊണ്ടുവരുന്നത്. വടികുത്തി നടക്കുന്നത് വരെയായാലും രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ലെന്ന് പറയുന്നവരാണ് കോൺഗ്രസ് രാഷ്ട്രീയം.''
''അങ്ങനെയാരു തീരുമാനമെടുക്കാൻ പിണറായിക്ക് അല്ലാതെ ലോകത്ത് വേറെ ആർക്ക് സാധിക്കും. തെരഞ്ഞെടുപ്പിന് മുൻപ് എല്ലാവരും പറഞ്ഞ് ഇത് പോക്കാണെന്ന്. അന്ന് പോകില്ലെന്ന് പറഞ്ഞവരിൽ ഒരാൾ ഞാനായിരുന്നു. എല്ലാം തകർന്നിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ കിറ്റുണ്ട്. പെൻഷനുണ്ട്. ആരെയും പട്ടിണിക്കിട്ടില്ല. കോൺഗ്രസുകാർ എന്ത് പെൻഷനാണ് കൊടുത്തത്. കൊടുക്കുന്ന 600 രൂപ തന്നെ കൃത്യ സമയത്തുകൊടുത്തിട്ടുണ്ടോ. പെൻഷനെല്ലാം കൃത്യമായ കിട്ടുന്ന പാവങ്ങൾ പിന്നെ ആർക്കാണ് വോട്ട് ചെയ്യേണ്ടത്.'
മറുനാടന് മലയാളി ബ്യൂറോ