- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെകെ മഹേശന്റെ ആത്മഹത്യയ്ക്ക് നാളെ ഒരു വയസ്: മരണത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക പൊലീസ് സംഘം മൊഴിയെടുക്കുന്നത് കുടുംബാംഗങ്ങളുടെ മാത്രം: അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കുടുംബം: വെള്ളാപ്പള്ളി നടേശന് 'ഒരു മുഴം കയറുമായി' എസ്എൻഡിപി സംരക്ഷണ സമിതി
ആലപ്പുഴ: എസ്എൻഡിപി യോഗം കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശൻ ആത്മഹത്യ ചെയ്തിട്ട് നാളെ ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം ജൂൺ 24 ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ മഹേശനെ കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ കണ്ടെത്തിയത്. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരൻ വെള്ളാപ്പള്ളിയും മൈക്രോഫിനാൻസ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരുമാണെന്നായിരുന്നു 32 പേജുള്ള നടേശന്റെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത്.
അതിൽ പേര് പറഞ്ഞിരിക്കുന്ന മുഴുവൻ ആൾക്കാരും യാതൊരു കുഴപ്പവുമില്ലാതെ സമൂഹ മധ്യത്തിൽ നടക്കുമ്പോഴും മഹേശന്റെ കുടുംബത്തിന് ഇനിയും നീതി കിട്ടിയിട്ടില്ല. മഹേശൻ മരിച്ച് ഒരു വർഷം തികഞ്ഞിട്ടും നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് നടേശന് ഒരു മുഴം കയർ എന്ന പേരിൽ സമരവുമായി എസ്എൻഡിപി സംരക്ഷണ സമിതി നാളെ രംഗത്ത് വരും. ഇതോടനുബന്ധിച്ച് പ്രാർത്ഥനാ യജ്ഞം, നിൽപ്പു സമരം എന്നിവ കോവിഡ് പ്രേട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് പ്രസിഡന്റ് അഡ്വ. എസ്. ചന്ദ്രസേനൻ, ജനറൽ സെക്രട്ടറി മധുപരുമല, അഡ്വ. മധു, അഡ്വ. കമൽജിത്ത്, ഋഷി ചാരങ്കാട്ട് എന്നിവർ പറഞ്ഞു.
രാഷ്ട്രീയ സമ്മർദം മൂലം ലോക്കൽ പൊലീസ് അന്വേഷണത്തിൽ നിന്നൊഴിവായ കേസിന്റെ അന്വേഷണ മേൽനോട്ടം ഐജി ഹർഷിത അട്ടല്ലൂരിയെ ആണ് ഏൽപിച്ചിരുന്നത്. ഒരു പുരോഗതിയും ഇതുവരെ അന്വേഷണത്തിൽ ഉണ്ടായിട്ടില്ല. ഒരു സാധാരണക്കാരന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത് എങ്കിൽ ഉടനടി അറസ്റ്റും റിമാൻഡും നടക്കുന്ന സ്ഥാനത്താണ് വ്യക്തമായ തെളിവുണ്ടായിട്ടും നടേശനെയും അദ്ദേഹത്തിന് ഒത്താശ ചെയ്ത പൊലീസുകാരെയും ഒന്നും ചെയ്യാതെ വിട്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് വെള്ളാപ്പള്ളിക്ക് എതിരായ കേസ് അട്ടിമറിക്കപ്പെട്ടത് എന്നാണ് ആരോപണം. പൊലീസിൽ നിന്ന് കിട്ടാത്ത നീതി തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് മഹേശന്റെ കുടുംബം. അതിന്റെ നടപടി ക്രമങ്ങൾ താമസിക്കുകയും ചെയ്യുന്നു. നിയമസംവിധാനത്തിൽ സാധാരണ പൗരനുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് പൊലീസിന്റെയും സർക്കാരിന്റെയും നടപടിയെന്നാണ് വെള്ളാപ്പള്ളിയെ എതിർക്കുന്നവർ പറയുന്നത്.
സംഭവത്തിൽ പ്രതിസ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഒഴിവാക്കാനുള്ള നീക്കം അന്നു തന്നെ ആരംഭിച്ചിരുന്നു. ഇനി കേസ് എടുക്കേണ്ടി വന്നാൽ തന്നെ പ്രേരണാക്കുറ്റം ക്രൈംബ്രാഞ്ച് സംഘത്തിന്റെ തലയിൽ വച്ചു കെട്ടാനും വെള്ളാപ്പള്ളിയെ വിശുദ്ധനാക്കാനുമുള്ള ശ്രമമാണ് നടന്നത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശങ്ങൾ ഉള്ളത് വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടിആർ സന്തോഷിനും എഎസ്ഐ ഗോപകുമാറിനും എതിരേയാണ്.
ആത്മഹത്യാക്കുറിപ്പ് മരണമൊഴിയായി കണ്ട് കേസ് എടുക്കേണ്ടതാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഇതിനായി കുറിപ്പിൽ പേരുള്ളവരെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യണം. അതിന് ശേഷം മൊഴിയെടുത്ത് അന്വേഷണം നടത്തി ഒന്നുകിൽ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ആണ് വേണ്ടത്. ഇവിടെ ഇതുവരെ ഈ മൂന്നു പേർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. മഹേശന്റെ ബന്ധുക്കളുടെ മൊഴിയെടുപ്പാണ് നടന്നത്. അതിന് ശേഷം വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു. മൈക്രോഫിനാൻസ് തട്ടിപ്പ് തനിക്ക് തട്ടുകേടാകുമെന്ന് വന്നപ്പോഴാണ് വെള്ളാപ്പള്ളി അത് വിശ്വസ്തനായ മഹേശന്റെ തലയിലേക്ക് കെട്ടിവച്ചത്.
മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതു പോലെ ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അത് വെള്ളാപ്പള്ളിക്ക് വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്. ഏറ്റവുമധികം മാനസിക പീഡനം നടത്തിയത് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടിആർസന്തോഷും എഎസ്ഐ ഗോപകുമാറും ആണെന്ന് മഹേശന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇത് വെള്ളാപ്പള്ളിക്ക് വേണ്ടിയാണെന്നും കുറിപ്പിൽ പറയുന്നു. കുറ്റമെല്ലാം ക്രൈംബ്രാഞ്ചുകാരുടെയാണെന്നാണ് നടേശൻ പറയുന്നത്.
വാക്കാലുള്ള ഉത്തരവ് പ്രകാരം ഈ കേസിൽ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ആരോപിച്ചു. സർക്കാരിന്റെ നടപടി വഞ്ചനാപരവും അഴിമതിക്കാരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതുമാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും നേതാക്കൾ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്