- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടന്നുവന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞത്; ആരെയും നോവിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്; സമൂഹ നന്മക്കായി ചില അപ്രിയ സത്യങ്ങൾ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്; ഇനിയും സമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്; എസ്എൻഡിപി തലപ്പത്ത് തുടരുമെന്ന സൂചനയുമായി വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പദത്തിൽ വീണ്ടും തുടരുമെന്ന സൂചനയുമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമൂഹത്തിനോട് തനിക്ക് പറയാനുള്ളത് ഒന്നാകാൻ നന്നാവണമെന്നും, നന്നാവാൻ ഒന്നാകണമെന്നതുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കതിന്റെ ആഘോഷചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും സമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മുന്നോട്ടുള്ള യാത്രയിൽ ആവേശം പകരുന്നതാണ് ഈ ചടങ്ങെന്നും വെള്ളാപ്പള്ളി പറഞ്ഞു.
25 വർഷത്തെ തന്റെ സേവനത്തെ പറ്റിയുള്ള മഹത് വ്യക്തികളുടെ വാക്കുകൾ കേൾക്കുമ്പോൾ അംഗീകാരത്തിന്റെ ആനന്ദവും സംംതൃപ്തിയുമുണ്ട്. ഇത് ഒരുവ്യക്തിക്ക് ലഭിച്ച അംഗീകാരമായിട്ടല്ല കാണുന്നതെന്നും ശ്രീനാരായണ ഗുരുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഗുരുഭക്തരുടെ പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും അംഗീകാരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 1903ൽ പിറവിയെടുത്ത എസ്എൻഡിപി യോഗത്തിന്റെ 27ാംമത് ജനറസൽ സെക്രട്ടറിയായാണ് 1996ൽ താൻ ചുമതലയേൽക്കുന്നത്. ശ്വാശതികാനന്ദ സ്വാമികളാണ് ഇതിനായി തന്നെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിന്റെ സമഗ്രമായ മാറ്റത്തിനാണ് എസ്എൻഡിപി യോഗം സാരഥ്യം വഹിച്ചത്. ആ പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ടാണ് കർമ്മ പദ്ധതി തയ്യാറാക്കിയത്. കടന്നുവന്ന വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ആ തടസങ്ങളെല്ലാം തട്ടി മാറ്റി വഴി എളുപ്പമാക്കിയത് തന്റെ സഹപ്രവർത്തകരാണ്. വിമർശനങ്ങളിലൂടെ പലരും കുത്തിനോവിക്കാൻ ശ്രമിച്ചെങ്കിലും തളരാതെ മുന്നേറാൻ കഴിഞ്ഞത് നിങ്ങളുടെ കലവറയില്ലാത്ത സനേഹം കൊണ്ടാണ്. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള നിലയ്ക്കാത്ത ശബ്ദമാണ് യോഗത്തിന്റെ നാവിൽ നിന്ന് ഉയരുന്നത്. അത് കേരളത്തിന്റെ മണ്ണിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വാക്കും കൊണ്ടും പ്രവർത്തി കൊണ്ടും ആരെയും നോവിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സമൂഹനന്മയ്ക്കായി ചില അപ്രിയ സത്യങ്ങൾ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്. ഉള്ളകാര്യം ഉള്ളതുപോലെ പറയുന്നത് തന്റെ പ്രകൃതമാണ്. താൻ സാധാരണക്കാരനാണ്. ഒരു കണ്ണ് ചിമ്മി തുറക്കുമ്പോൾ 25 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പാവങ്ങളുടെ ജീവിത ദുരിതങ്ങൾ എന്നുമെന്നെ വേദനിപ്പിച്ചിട്ടുണ്ട്.
രജതജൂബിലി ആഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി പി. പ്രസാദ്, കെ. സുരേന്ദ്രൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ