- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡും പ്രോട്ടോക്കോളുമൊന്നും വെള്ളാപ്പള്ളി നടേശന് മാത്രം ബാധകമാക്കാത്തത് എന്തു കൊണ്ടാണ്? 18,000 പേരെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം നടത്താൻ ജനറൽ സെക്രട്ടറി നോട്ടീസ് നൽകി; നീക്കം യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കുന്നതിന് മുൻപ് ഭരണത്തിലേറി നിയമനങ്ങൾ നടത്താൻ; ഒത്തുകളി ആരോപണവുമായി ശ്രീനാരായണ സംരക്ഷണ സമിതി
ആലപ്പുഴ: കോവിഡ് മൂർഛിച്ച് ആയിരക്കണക്കിനാൾക്കാർ ഓക്സിജൻ പോലും കിട്ടാതെ പിടഞ്ഞു മരിക്കുന്നതിനിടെ 18,000 പേർ പങ്കെടുക്കുന്ന മെഗാ തെരഞ്ഞെടുപ്പ് മാമാങ്കം നടത്താൻ അനുമതി നൽകിയിരിക്കുകയാണ് കേരളാ സർക്കാർ. എസ്എൻഡിപി യോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മെയ് 22 ന് ചേർത്തല എസ്എൻ കോളജ് ഓഡിറ്റോറിയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച നോട്ടീസ് വിവിധ മാധ്യമങ്ങളിൽ പരസ്യമായും നൽകിയിട്ടുണ്ട്. ചട്ടപ്രകാരം കണക്കും മറ്റു രേഖകളും സമർപ്പിക്കാത്ത യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളെയും ജനറൽ സെക്രട്ടറിയെയും അയോഗ്യരാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് മാമാങ്കത്തിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഹൈക്കോടതിയിൽ നിലവിലുള്ള കേസ് വൈകിപ്പിക്കുന്നതിന് സർക്കാരും ഐജി ഓഫ് രജിസ്ട്രേഷനും ഒത്തു കളിക്കുകയാണ്. വെള്ളാപ്പള്ളിക്കും കൂട്ടർക്കുമെതിരായ അയോഗ്യതാ ഹർജി തീർപ്പു കൽപ്പിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തി വീണ്ടും അധികാരത്തിലേറുന്നതിനും യോഗത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപക നിയമനം നടത്തി കോടികൾ കോഴ വാങ്ങാനുമുള്ള നീക്കമാണ് നടക്കുന്നതെന്ന് ശ്രീനാരായണ സംരക്ഷണ സമിതി ആരോപിക്കുന്നു.
എട്ട് അദ്ധ്യാപക തസ്തികകളാണ് ഇപ്പോൾ പരസ്യം ചെയ്തിരിക്കുന്നത്. പുതുക്കിയ സ്കെയിൽ അനുസരിച്ച് 50000-60000 രൂപ വരെ തുടക്കക്കാരന് ശമ്പളം ലഭിക്കുന്ന തസ്തികയാണിത്. അതു കൊണ്ട് തന്നെ തസ്തിക ഒന്നിന് 55 മുതൽ 65 വരെ കോഴ വാങ്ങാം. എട്ട് പോസ്റ്റിനുമായി ആറു മുതൽ എട്ടു കോടി വരെ പോക്കറ്റിൽ എത്തും. ഈ അവസരം മുതലാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത്.
32 ലക്ഷം അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 16000 പ്രതിനിധികളും 140 യൂണിയന്റെ ഭാരവാഹികളും ഡയറക്ടർ ബോർഡ് അംഗങ്ങളും മുൻ ഭാരവാഹികളും ചേർന്ന 18000 ത്തോളം അംഗങ്ങളാണ് വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കേണ്ടത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഓഡിറ്റോറിയമാണെങ്കിൽ 75 പേർക്കാണ് പരമാവധി പ്രവേശനം. പ്രതിദിന കണക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത് ഇനിയും കുറയും. അത്തരമൊരു സാഹചര്യത്തിലാണ് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം നടത്താൻ അനുവദിച്ചിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പോ പൊതു യോഗമോ നടത്തുന്നതിന് കമ്പനി നിയമങ്ങൾ ലംഘിച്ച വെള്ളാപ്പള്ളി നടേശനോ കൂടെയുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾക്കോ അവകാശമില്ല എന്നതാണ് വാസ്തവം. ഇന്ത്യൻ കമ്പനി നിയമത്തിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നു. നിലവിലുള്ള യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പ്രഫ: എം.കെ. സാനു ഫയൽ ചെയ്ത റിട്ട് പെറ്റീഷൻ പരിഗണിച്ച ഹൈക്കോടതി നിലവിലെ ഭാരവാഹികൾ 2013 മുതൽ യോഗത്തിന്റെ വാർഷിക വരവുചെലവു കണക്കുകൾ ഐജി ഓഫ് രജിസ്ട്രേഷന് നൽകാത്തതിനാൽ കമ്പനി നിയമം 164 (2) പ്രകാരം അയോഗ്യരാകപ്പെടുന്നതാണെന്നും എന്നാൽ മറ്റ് ബോർഡ് അംഗങ്ങളും ഇപ്രകാരം ഉള്ളവരായതുകൊണ്ട് അവരെ കൂടി കേട്ട് അംഗങ്ങളെ അയോഗ്യരാക്കുന്നതിനെ സംബന്ധിച്ച് നൽകിയ ഹർജി വിധി തീയതി മുതൽ മൂന്നു മാസത്തിനകം ഐജി ഓഫ് രജിസ്ടേഷൻ നടപടി പൂർത്തിയാക്കണമെന്നും കഴിഞ്ഞ ജനുവരി അഞ്ചിന് ഉത്തരവിട്ടിരുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും കോടതി വിധിയിൽ ഐജി ഓഫ് രജിസ്ട്രേഷൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഈ റിട്ടിനു മുമ്പ് അഡ്വ: പി.പി. മധുസൂദനൻ, ഇതേ ആവശ്യം ഉന്നയിച്ച് ഐജി ഓഫ് രജിസ്ട്രേഷന് ഹർജി നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ ഈ ഹർജി രണ്ടു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് ഐജി ഓഫ് രജിസ്ട്രേഷനോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു മാസം കഴിഞ്ഞും ഹർജിയിൽ നടപടിയെടുക്കാതിരുന്നതിനാൽ മധുസൂദനൻ കോടതിയലക്ഷ്യ ഹർജി നൽകി. അത് വെക്കേഷനു മുമ്പ് കോടതിയുടെ പരിഗണനയ്ക്ക് വന്നു. എന്നാൽ വെക്കേഷൻ തുടങ്ങിയതിനാൽ മെയ്17 നു ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ ശ്രീനാരായണ സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ. എസ്. ചന്ദ്രസേനൻ ഐജി ഓഫ് രജിസ്ട്രേഷനോട് എസ്എൻഡിപി യോഗം ഹാജരാക്കിയ 2006 മുതൽ ഓരോ വർഷത്തെയും വരവുചെലവു കണക്കും, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പേരും മേൽവിലാസവും അവരുടെ ഡിഐഎന്നും (ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ) ചോദിച്ച് വിവരാവകാശ അപേക്ഷ കൊടുത്തിരുന്നു.
ഐജിയിൽ നിന്ന് ലഭിച്ച മറുപടി ഡിഐഎൻ നമ്പർ ആരുംതന്നിട്ടില്ല എന്നായിരുന്നു. ഡിഐഎൻ നൽകാത്തവർ കമ്പനി നിയമം 152 (3) അനുസരിച്ച് അയോഗ്യരാക്കപ്പെടേണ്ടതാണ്. കമ്പനിയുടെ വാർഷിക റിട്ടേണുകൾ ഐജിക്ക് സമർപ്പിക്കുമ്പോൾ അതിൽ ഡയറക്ടർമാരുടെ ഡിഐഎൻ ചേർത്തിരിക്കണം. ഇല്ലെങ്കിൽ ആ റിട്ടേൺസ് സ്വീകരിക്കുവാൻ ഐജിക്ക് അധികാരമില്ല. ഇവിടെ 2014 മുതൽ 2017 വരെയുള്ള റിട്ടേൺസ് സ്വീകരിക്കുന്നതിന് സർക്കാർ അഡ്ജുഡിക്കേറ്റ് ചെയ്ത് ഉത്തരവായി എന്നാണ് യോഗത്തിന്റെ നിലപാട്. അങ്ങനെ റിട്ടേൺ സമർപ്പിച്ചുവെങ്കിലും ഡിഐൻ ഇല്ലാത്തതിനാൽ അത് പരിഗണിക്കുവാൻ പാടില്ല. അപ്പോൾ 2014 മുതൽ തന്നെ കണക്കുകൾ ഹാജരാക്കിയിട്ടില്ല എന്നു വരും. മാത്രവുമല്ല 2017 മുതൽ 2020 വരെയുള്ള റിട്ടേൺ ഐജിയക്ക് നൽകിയിട്ടുമില്ല. അപ്പോൾ ഡിഐഎൻ ഇല്ലാത്ത ഡയറക്ടർമാർ എന്ന നിലയിലും കണക്കുകൾ 2014 മുതൽ തുടർച്ചയായി ആറു വർഷം (മൂന്നു വർഷം മതി അയോഗ്യതയ്ക്ക് ) ഹാജരാക്കാത്ത നിലയിലും വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ 225 യോഗം ഡയറക്ടർമാരെ (അവരുടെ പേരും മേൽവിലാസവും ഉൾപ്പെടെ നൽകി) കമ്പനി നിയമം 164 (2) പ്രകാരം അയോഗ്യരാക്കണമെന്ന് കാണിച്ച് കഴിഞ്ഞ ഫെബ്രുവരി 12 ന് അഡ്വ. ചന്ദ്രസേനനും അഡ്വ: കമൽജിത് കമലാസനനും ഐ ജി ഓഫ് രജിസ്ട്രേഷന് നേരിട്ട് പരാതി നൽകി.
ഫെബ്രുവരി 25 ന് ഐജി ഓഫ് രജിസ്ട്രേഷൻ നൽകിയ മറുപടിയിൽ പറഞ്ഞത് എംകെ സാനുവിന്റെ കേസിൽ യോഗം റിവിഷൻ നൽകിയിട്ടുണ്ടെന്നും അതിന്റെ തീരുമാനത്തിനനുസരിച്ച് ഞങ്ങളുടെ ഹർജിയിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നുമായിരുന്നു. സാനുവിന്റെ കേസിൽ യോഗം നൽകിയ റിവിഷൻ ഇതിനിടെ തീർപ്പാക്കി. ഡയറക്ടർമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് ഐജിക്ക് നിയമപരമായി തീരുമാനമെടുക്കാമെന്നും കണക്കുകൾ ഹാജരാക്കേണ്ട വർഷം തുടങ്ങുന്നത് 2013 അല്ല 2014 മുതൽ ആണെന്നുമായിരുന്നു ഹർജി തീർപ്പാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. മാർച്ച് എട്ടിനായിരുന്നു കോടതി ഉത്തരവ് വന്നത്. ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്ന മൂന്നു മാസം കാലാവധി കഴിഞ്ഞിട്ട് മൂന്നാഴ്ചയാകുന്നു. എന്നാൽ, ഐജി ഓഫ് രജിസ്ട്രേഷൻ ഇതു വരെ വെള്ളാപ്പള്ളിയെയും കൂട്ടരെയും അയോഗ്യരാക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല. ഉത്തരവു വന്നിട്ടു ഒരു മാസവും 15 ദിവസവും പിന്നിട്ടിട്ടും ചന്ദ്രസേനന്റെയുംകമൽജിത്തിന്റെയും ഹർജിയിൽ ഐജി തീരുമാനം എടുത്തതുമില്ല. ഇതേ തുടർന്ന് അഡ്വ. ചന്ദ്രസേനൻ ഹൈക്കോടതിയിൽ പുതിയ റിട്ട് പെറ്റീഷൻ നൽകി.
താനും കമൽജിത്തും ഐജി ഓഫ് രജിസ്ട്രേഷന് നൽകിയ പരാതിയിൽ തീർപ്പ് കൽപ്പിക്കുന്നതു വരെ എസ്എൻഡിപി യോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർജി കൊടുത്തത്. വെള്ളിയാഴ്ച കോടതിയിൽ പരിഗണനയ്ക്കു വന്നത് ഏകദേശം 600 നടുത്ത് കേസുകളാണ്. അതിൽ ചന്ദ്രസേനന്റെ ഹർജി 337-ാമത്തെയായിരുന്നു. ആദ്യം കുറച്ചു കേസ് വിളിച്ചു. അതു കഴിഞ്ഞ് മിക്ക കേസുകളും പരിഗണിക്കാതെ എതിർകക്ഷികൾക്ക് അടിയന്തിര നോട്ടീസിന് ഉത്തരവിട്ട് വെക്കേഷൻ കഴിഞ്ഞ് പരിഗണിക്കുവാൻ മാറ്റുകയായിരുന്നു. കോവിഡ് കാരണമാണിതെന്ന് പറയുന്നു. ഇനി ഹൈക്കോടതി തുറക്കുന്നത് മെയ് 17 നാണ്. 22 ന് എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പും നടക്കും. നടേശന് കൊറോണയില്ലാത്തതിനാൽ 18000 പേരെ വിളിച്ചു കൂട്ടാമെന്നും അതിനെതിരേ അഞ്ചു പേരുമായി നമ്മൾ പ്രതിഷേധിച്ചാൽ കേസിൽ കുടുക്കി അകത്തിടുമെന്നും ചന്ദ്രസേനൻ പറയുന്നു.
മരണത്തിന്റെ വ്യാപാരി ആകുവാൻ ഒരുങ്ങുന്ന വെള്ളാപ്പള്ളി നടേശന് കേന്ദ്ര-കേരളസർക്കാരുകളുടെ കൂട്ട് ഉണ്ടെന്നും അഡ്വ. ചന്ദ്രസേനൻ ആരോപിച്ചു. മഹാമാരി രാജ്യത്ത് ദുരന്തം വിതച്ചു പോകുമ്പോൾ അതിനിടയിൽ ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് പൊതുയോഗം വിളിച്ച് ഒരു വലിയ ദുരന്തം അറിഞ്ഞു കൊണ്ടു ഉണ്ടാക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ആവശ്യം ഉയരുകയാണ്.
സംസ്ഥാന സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ ഉള്ള ഈ പരിപാടി ആറു മാസം മുന്നോട്ട് മാറ്റി വച്ചു നടത്തുന്നതുകൊണ്ട് എസ്എൻഡിപിക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല. പക്ഷേ, വെള്ളാപ്പള്ളി നടേശന് ഉണ്ടാകും. വിവിധ കോടതികളിലുംനാഷണൽ കമ്പിനി ലോ ട്രിബ്യൂണലിലും നിലനിൽക്കുന്ന കമ്പിനി പെറ്റിഷൻ ഉൾപ്പടെ ഉള്ള കേസുകൾക്ക് അന്തിമ വിധി ഉണ്ടായാൽ അത് തനിക്ക് ദോഷം ഉണ്ടാകും എന്ന് മുന്നിൽ കണ്ടു കൊണ്ടാണ് ഈ മഹാമാരി താണ്ഡവം ആടുമ്പോൾ നടേശൻ ഈഴവരുടെ മരണ വ്യാപാരി ആകാൻ വളഞ്ഞ വഴി സ്വീകരിക്കുന്നതും പിണറായി സർക്കാർ അതിന് അനുമതി നൽകുന്നതുമെന്ന് ശ്രീനാരായണ സംരക്ഷണ സമിതി ആരോപിക്കുന്നു. ഇത് കേരളത്തിലെ ഒരുകോടിയിൽ പരം ഇഴവരോട് കാണിക്കുന്ന അനീതി ആണ് എന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ തിരിച്ചറിയാൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്