- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതേതരത്വം കള്ളനാണയം; മതവും ജാതിയും വർഗവും വർണ്ണവും ഒക്കെയുള്ള സാമൂഹിക സത്യങ്ങൾ പച്ചയായി നിലനിൽക്കുന്നു; ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തുവെന്നും വെള്ളാപ്പള്ളി നടേശൻ
തിരുവല്ല: മതേതരത്വമെന്നത് ഒരു കള്ളനാണയമാണെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതവും ജാതിയും വർഗവും വർണ്ണവുമൊക്കെയുള്ള സാമൂഹികസത്യങ്ങൾ പച്ചയായി നിലനിൽക്കുമ്പോൾ ഇതൊന്നുമില്ലെന്ന് പറയുന്നത് പൊള്ളത്തരമാണ്. ജാതി വിവേചനമാണ് ജാതിചിന്ത ഉണ്ടാക്കുന്നത്. സംഘടിത മതവിഭാഗങ്ങൾ അധികാരത്തിലേറി സ്വകാര്യസ്വത്തായി കണ്ട് വേണ്ടതെല്ലാം ഒപ്പിട്ടെടുത്തു.
സർക്കാർ സർവീസിൽ പ്രാതിനിധ്യം ഇല്ലെന്ന് പറഞ്ഞു സ്പെഷൽ റിക്രൂട്ട്മെന്റ് വരെ നടപ്പാക്കി.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്രാതിനിധ്യം കുറവുള്ള സമുദായങ്ങൾക്കായി സ്പെഷൽ റിക്രൂട്ട്മെന്റ് നടത്താൻ സർക്കാർ തയ്യാറാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
സംഘടിത മതവിഭാഗങ്ങളെ തൃപ്തിപ്പെടുത്താനും പ്രീണിപ്പിക്കാനും രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുമ്പോൾ അധഃസ്ഥിത പിന്നാക്കവിഭാഗങ്ങൾക്ക് അവഗണനയും പീഡനവുമാണ് തുടർന്നുപോരുന്നത്. സാമൂഹിക നീതിക്ക് നിരക്കാത്ത യഥാർത്ഥ പ്രശ്നങ്ങൾ ചർച്ചചെയ്യാതെ ബ്രേക്കിങ് ന്യൂസിനു വേണ്ടി തരംതാഴ്ന്ന വിഷയങ്ങളിലാണ് എപ്പോഴും വിവാദമുണ്ടാക്കുന്നത്.
ഇവിടെ ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ചാതുർവർണ്യ വ്യവസ്ഥപോലെ ജനസംഖ്യാ വർധനയിലൂടെ അധികാരം പിടിച്ചെടുക്കാനും മറ്റുള്ളവരെ ഇല്ലാതാക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു.
സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം അസി.സെക്രട്ടറിമാരായ പി.എസ്.വിജയൻ, ടി.പി.സുന്ദരേശൻ, ഇൻസ്പെക്ടിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സിപിഎം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സിപിഐ ജില്ലാസെക്രട്ടറി എ.പി.ജയൻ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, സെക്രട്ടറി ദിവാകരൻ, ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് തങ്കപ്പൻ, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ, യൂണിയൻ മുൻസെക്രട്ടറി കെ.ആർ.സദാശിവൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, രാജേഷ്‌കുമാർ, സരസൻ ഓതറ, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.ജി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
രാവിലെ വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ ഓതറ കുമാരനാശാൻ ശാഖയുടെ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും ദിവ്യജ്യോതി പ്രയാണഘോഷയാത്ര ശ്രീനാരായണ കൺവെൻഷൻ നഗറിലേത്തിച്ചേർന്നു. സ്വാമി ശിവബോധാനന്ദ ദിവ്യജ്യോതി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തി.